
നടവയൽ ∙ ബീനാച്ചി – പനമരം റോഡിൽ, നടവയൽ പള്ളിക്കയറ്റം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അടച്ച റോഡ് മാസങ്ങൾ കഴിഞ്ഞും തുറക്കാത്തതിലും പണി പൂർത്തീകരിക്കാത്തതിലും പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ നെല്ലുവിതയ്ക്കുകയും വാഴക്കൃഷി ഇറക്കുകയും ചെയ്തു. നടവയൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിയിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ ആദ്യപടിയാണ് ഇതെന്നും പണി പൂർത്തീകരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് റോഡിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടഞ്ഞ് സമരം ശക്തമാക്കുമെന്നും ജനകീയ കൂട്ടായ്മ മുന്നറിയിപ്പ് നൽകി.
കിഫ്ബിയിൽ ഉൾപ്പെടുത്തി കോടികൾ വകയിരുത്തി 2019 ൽ ആരംഭിച്ച പ്രവൃത്തിയാണ് 6 വർഷം കഴിഞ്ഞും പൂർത്തീകരിക്കാതെ ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നത്.മഴയ്ക്ക് മുൻപ് തീർക്കേണ്ടിയിരുന്ന നടവയൽ പള്ളിത്താഴെ മുതൽ ടൗൺ വരെയുള്ള ഭാഗം ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ പൊളിച്ച് ചെളിക്കുളമാക്കിയിട്ടതാണ് വിദ്യാർഥികൾക്കടക്കം ബുദ്ധിമുട്ടായി തീർന്നിരിക്കുന്നത്.
പള്ളിക്ക് സമീപമുള്ള സ്കൂളിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന കൊച്ചു കുട്ടികൾക്ക് സ്കൂളിൽ എത്തണമെങ്കിൽ വളഞ്ഞു ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിൽ.
കൂടാതെ പ്രധാന റോഡ് അടച്ച് പഞ്ചായത്ത് റോഡിലൂടെ വാഹനങ്ങൾ തിരിച്ചു വിട്ടതോടെ പഞ്ചായത്ത് റോഡ് പൂർണമായും തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടും നിറഞ്ഞതോടെ ഗതാഗത തടസ്സവും പതിവായി.
ഇതെത്തുടർന്ന് ടൗണിൽ എത്താതെ ബസുകൾ പോകുന്നതിനാൽ ടൗണിൽ ബസ് കാത്തുനിൽക്കുന്നവരും ഏറെ ബുദ്ധിമുട്ടുകയാണ്.
പണി പൂർത്തീകരിക്കാത്തതിലും പണിയിലെ അഴിമതിയെ തുടർന്നും ആദ്യ കരാറുകാരനെ നീക്കം ചെയ്ത് പുതിയ കരാറുകാരന് പണി നൽകിയിട്ടും പണി പൂർത്തീകരിക്കാത്തതിന് പിന്നിൽ അധികൃതരും കാരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. പ്രതിഷേധസമരം നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ അസി.വികാരി ഫാ ക്ലിന്റോ ഉദ്ഘാടനം ചെയ്തു.വ്യാപാരി ഏകോപന സമിതി പ്രസിഡന്റ് ഷാജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ബാബു സ്റ്റീഫൻ, ഷാജി ചേനപ്പാടി, വിൻസന്റ് ചേരവയൽ, മാണി ഏങ്ങപ്പള്ളി, ഇഞ്ചിക്കാല ലാലച്ചൻ, സ്കറിയ മണ്ണൂർ, ടോമി ചെന്നാട്ട്, ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]