
പൂഴിത്തോട് ചുരമില്ലാ പാത: തീപ്പന്തങ്ങളും മെഴുകുതിരിയും മൊബൈൽ ഫ്ലാഷ് ലൈറ്റും തെളിച്ച് വനത്തിലേക്ക് മാർച്ച്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പടിഞ്ഞാറത്തറ∙ പൂഴിത്തോട് ചുരമില്ലാ പാതയ്ക്കു വേണ്ടിയുള്ള സമരം ശക്തമാകുന്നു. ഇന്ന് ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ രാവുണർത്തൽ യാത്ര നടത്തും. വൈകിട്ട് 6.30ന് ടൗണിലെ സമരപ്പന്തലിനു സമീപത്ത് നിന്നാണ് യാത്രയ്ക്ക് തുടങ്ങുക. നിശ്ചിത പാതയിലൂടെ തീപ്പന്തങ്ങളും മെഴുകുതിരിയും മൊബൈൽ ഫ്ലാഷ് ലൈറ്റും തെളിച്ച് പ്രവർത്തകർ വനത്തിലേക്ക് മാർച്ച് നടത്തും. മത, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ അൻപതോളം സംഘടനകൾ പിന്തുണ അറിയിച്ചതായി കർമ സമിതി അറിയിച്ചു.
വനത്തിൽ പ്രവേശിച്ച് നിർദിഷ്ട പാതയിൽ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ബോർഡ് സ്ഥാപിക്കുമെന്നും സമരക്കാർ അറിയിച്ചു. വിവിധ കാരണങ്ങൾ പറഞ്ഞ് ബദൽ പാത ഇല്ലാതാക്കുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾക്ക് സർക്കാർ 1.5 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി വയനാട് ജില്ലയിൽ വനത്തിനകത്തും പുറത്തും റോഡ് കടന്നു പോകുന്ന ഭാഗത്തെ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
വനാതിർത്തി വരെയുള്ള ഭാഗത്ത് ഭൂ സർവേയും മണ്ണ് പരിശോധനയും നടത്തുകയും വനത്തിനകത്ത് ജിപിഎസ് സർവേയും പൂർത്തിയാക്കിയിട്ടുണ്ട്. ജിപിഎസ് സിഗ്നൽ ലഭ്യമല്ലാത്ത മേലേ കരിങ്കണ്ണി ഭാഗത്ത് ഡ്രോൺ ഉപയോഗിച്ചും സർവേ പൂർത്തിയാക്കി. എന്നാൽ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന വനമേഖലയായ താഴേ കരിങ്കണ്ണി മുതൽ പനയ്ക്കം കടവ് വരെയുള്ള ഭാഗത്തെ 3.5 കിലോമീറ്ററിൽ സർവേ നടപടികൾ മുടങ്ങിയ നിലയിലാണ്.
അനുമതി ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ജനുവരി 24ന് അപേക്ഷ നൽകിയിരുന്നെങ്കിലും നടപടി വൈകുകയാണ്. മലബാർ വന്യ ജീവി സങ്കേതത്തിന്റെ 800 മീറ്റർ ഭാഗം ഇവിടെ വരുന്നതാണ് ഇതിനു കാരണമെന്നു പറയുന്നു. എന്നാൽ ഇതിനു കോട്ടം തട്ടാത്ത വിധത്തിൽ ഈ ഭാഗത്ത് തുരങ്കപ്പാതയാണു നിശ്ചയിച്ചിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഇവിടെ സർവേക്ക് അനുമതി നൽകേണ്ടത്. അനുകൂല സാഹചര്യം ഉണ്ടായിട്ടും അനുമതി വൈകുന്നത് അംഗീകരിക്കാനാവില്ലെന്നും സമരക്കാർ പറയുന്നു
. മഴക്കാലം ആരംഭിക്കുന്നതോടെ സർവേ നടപടികൾ ദുഷ്കരമാകും. തുടർന്ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്തുന്നതോടെ പ്രവൃത്തി മുടങ്ങുകയും ചെയ്യും. അതിനു മുന്നോടിയായി സർവേ നടപടികൾ പൂർത്തിയാക്കണമെന്നാണ് ആവശ്യം. 2016 ഓഗസ്റ്റ് 15നാണ് ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ റോഡിനു വേണ്ടി സമരം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി നടക്കുന്ന റിലേ സമരം 850 ദിവസം പിന്നിട്ടു. എന്നിട്ടും നടപടികൾ ഇഴയുന്നതാണ് പ്രതിഷേധം കടുപ്പിക്കാൻ കാരണം. റോഡ് യാഥാർഥ്യമാക്കുന്നതിന് ഭരണ–പ്രതിപക്ഷ പാർട്ടികൾ ശക്തമായി ഇടപെടണമെന്നും കർമ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു.