പുൽപള്ളി ∙ വനത്തോടു ചേർന്നുള്ളതും ദൂരെ ദിക്കിലുള്ള തോട്ടങ്ങളും പുറമ്പോക്കുകളും കാടുമൂടിയതോടെ വനയോരമാകെ വന്യമൃഗ ഭീഷണിയിൽ. സ്വകാര്യ തോട്ടങ്ങളിലും പുഴ, റോഡ് എന്നിവകളുടെ പുറമ്പോക്കുകളിലും വനംപോലെ വളർന്ന കാട് ജനങ്ങൾക്കു ഭീഷണിയാകുന്നു.
കാടിറങ്ങുന്ന പന്നികൾ, മാനുകൾ, മയിൽ, മലയണ്ണാൻ, മുള്ളൻപന്നി തുടങ്ങി ശല്യക്കാരായ എല്ലാ മൃഗങ്ങൾക്കും ഈ കാട് തണലൊരുക്കുന്നു. നാട്ടിലെ കാട്ടിൽ പെറ്റുപെരുകുന്ന പന്നിയാണ് ഏറെ ഭീഷണി.
സന്ധ്യയോടെ കൃഷിയിടങ്ങളിലേക്കു നീങ്ങുന്ന പന്നിക്കൂട്ടം ഉണ്ടാക്കുന്ന കൃഷിനാശങ്ങൾക്കു കണക്കില്ല.
കാർഷിക തകർച്ചയെ തുടർന്ന് കൃഷിയിടങ്ങളാകെ പരിചരണമില്ലാതെ കാടുകയറി. നട്ടതൊന്നും കാട്ടുമൃഗങ്ങൾ കർഷകനു നൽകില്ല.
ഒരുവിളയും കൃഷിചെയ്താൽ രക്ഷപ്പെടില്ലെന്നായതോടെ വനയോരത്തെ കർഷകർ കൃഷി കൈവിട്ടു. നിരവധിയേക്കർ സ്ഥലങ്ങളാണ് ഒരുകൃഷിയുമില്ലാതെ കാടുവളർന്നു നിൽക്കുന്നത്.
മുൻപ് വനാതിർത്തിയിലടക്കം കൃഷി സജീവമായിരുന്നപ്പോൾ വന്യമൃഗശല്യം കുറവായിരുന്നു. സദാസമയങ്ങളിലും തോട്ടങ്ങളിൽ കർഷകരുടെയും തൊഴിലാളികളുടെയും സാമീപ്യമുണ്ടായിരുന്നു.
കൃഷിസംരക്ഷണത്തിനു കർഷകർ തോട്ടങ്ങളിൽ കാടുവളരാൻ സമ്മതിച്ചതുമില്ല. മൃഗങ്ങൾക്ക് ഒളിക്കാൻ സ്ഥലമില്ലാതായ അക്കാലത്ത് കാര്യമായ ശല്യമില്ലായിരുന്നു.
അക്കാലത്ത് വനാതിർത്തിയിൽ യാതൊരു പ്രതിരോധ സംവിധാനങ്ങളുമില്ലായിരുന്നു.
ഇപ്പോൾ പലവിധ പ്രതിരോധ സംവിധാനങ്ങളുണ്ടായിട്ടും നാട് വന്യമൃഗഭീഷണിയിൽ വിറയ്ക്കുന്നു. കൃഷിക്കു പുറമേ വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും ജീവൻ അപകടത്തിലേക്കു നീങ്ങുന്നു.
നാട്ടിലെ കാട്ടിൽ തമ്പടിക്കുന്ന കാട്ടുപന്നികളെയും മറ്റും തേടിയാണ് കടുവ നാട്ടിലെത്തുന്നത്. വനാതിർത്തിയിൽനിന്നു കിലോമീറ്ററുകളകലെയും കടുവയെത്തി ജനത്തെ ആശങ്കപ്പെടുത്തുന്നു.
കഴിഞ്ഞവർഷം ഒന്നരമാസത്തോളം നാട്ടിൽ കഴിഞ്ഞ കടുവയെയാണ് പിന്നീട് പിടികൂടിയത്. ഇക്കൊല്ലവും പതിവുതെറ്റിക്കാതെ കടുവയിറങ്ങിതുടങ്ങി.
കഴിഞ്ഞദിവസം താന്നിത്തെരുവിലും മാടപ്പളളിക്കുന്നിലും കടുവയെത്തി.
വിറകെടുക്കാൻ വനാതിർത്തിയിലെത്തിയ ഗോത്രവയോധികൻ കൂമനെ കടുവ കൊന്നതിനുശേഷം വനപാലകർ നടത്തിയ പരിശോധനയിൽ ചെറിയൊരുവനപ്രദേശത്ത് 4 കടുവകളുണ്ടെന്നു കണ്ടെത്തി. കാട്ടാനയിറങ്ങി കൃഷിനാശമുണ്ടാക്കി മടങ്ങുന്നതുപോലെയല്ല കടുവയുടെ വരവ്.
നാടിനെയൊന്നാകെ ഭയപ്പാടിലാക്കുന്ന കടുവ സാന്നിധ്യം വയനാട്ടിൽ വർധിക്കുന്നു.
വനാതിർത്തിയിലെയും തോട്, റോഡ് പുറമ്പോക്കുകളിലെയും സ്വകാര്യ കൃഷിയിടങ്ങളിലെയും കാട് വെട്ടിമാറ്റാൻ സത്വര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പറമ്പിൽ നിന്നു വരുമാനമൊന്നുമില്ലാത്ത കർഷകർക്ക് കാടുവെട്ടാനും സഹായം നൽകണം.
മറുനാടുകളിൽ നിന്നെത്തി ഭൂമിവാങ്ങിയിടുന്നവർ പിന്നെ തിരിഞ്ഞു നോക്കാറില്ല. ഇത്തരം അനേകം തോട്ടങ്ങളും വനയോരമേഖലയിലുണ്ട്.
അവയുടെ ഉടമകളെ കണ്ടെത്തി കാടുവെട്ടിക്കാൻ ബന്ധപ്പെട്ട അധികൃതർ ശ്രമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

