മാനന്തവാടി ∙ ജില്ലയില ആരോഗ്യ വകുപ്പിന്റെ ആസ്ഥാനവും റവന്യു ഡിവിഷൻ ആസ്ഥാനവുമായ മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം വീണ്ടും അതിരൂക്ഷമായി. തെരുവ് നായ്ക്കളെ ഭയന്ന് കഴിയുകയാണ് വിദ്യാർഥികൾ അടക്കമുള്ളവർ.
ടൗണിലെ മൈസൂരു റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിലാണ്. സന്ധ്യ കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണ്. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഇത് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.
സ്കൂൾ വിദ്യാർഥികളും അതിരാവിലെ മദ്രസയിലേക്ക് പോകുന്ന വിദ്യാർഥികളും തെരുവ് നായ ശല്യം നേരിടുകയാണ്.
റോഡിൽ മാത്രമല്ല പല വീടിനുള്ളിലും നായകൾ കയറുന്നത് ഭീഷണിയാകുകയാണ്. മിൽക് സൊസൈറ്റി ഹാളിലെ ഒഴുകയിൽ രാജന്റെ വീട്ടിനുള്ളിൽ കഴിഞ്ഞ ദിവസം നിരവധി നായകൾ ഒരുമിച്ച് എത്തി.
പകൽ ജോലി കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ റോഡിലൂടെ നടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് അപകടങ്ങൾക്കും വഴിഒരുക്കുന്നുണ്ട്.നഗരത്തിലെ വ്യാപാരികളും തെരുവുനായ ശല്യത്താൽ പൊറുതിമുട്ടിയിരിക്കുകയാണ്.
കുറച്ചുനാൾ മുൻപ് എൽഎഫ് യുപി. സ്കൂളിന് സമീപം വച്ച് നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.
എന്നിട്ടും പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.എബിസി പദ്ധതി പ്രകാരം നായകളെ പിടികൂടി വന്ധ്യംകരിച്ച് തിരിച്ച് വിടാനുള്ള പദ്ധതി ഇനിയും നടപ്പിലായിട്ടില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. അധികൃതർ അടിയന്തരമായി ഇടപെട്ട് തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

