
വിനോദ സഞ്ചാരികളുടെ വരവിൽ വയനാട് റെക്കോർഡ് സൃഷ്ടിച്ചു: മന്ത്രി റിയാസ്
മാനന്തവാടി ∙ വിനോദ സഞ്ചാരികളുടെ വരവിൽ എക്കാലത്തെയും മികച്ച റെക്കോർഡ് സൃഷ്ടിക്കാൻ കഴിഞ്ഞ വർഷം വയനാടിനു കഴിഞ്ഞെന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം വകുപ്പ് വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ‘വയനാട് വൈബ്സ്’ എന്ന സംഗീത പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വയനാട് വൈബ്സ്’ ജില്ലയുടെ തനതു സംസ്കാരവും കലാ, സംഗീത പാരമ്പര്യവും ലോകത്തിന് മുന്നിൽ എത്തിക്കും.
വയനാട്ടിലെ ടൂറിസം പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വർഷം തോറും ‘വയനാട് വൈബ്സ്’ മാതൃകയിലുള്ള പരിപാടി നടത്തും. ഹോസ്പിറ്റാലിറ്റി മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉടനീളമുള്ള സർക്കാർ അതിഥിമന്ദിരങ്ങൾ നവീകരിച്ചു. പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളിൽ നിന്നുള്ള ഓൺലൈൻ ബുക്കിങ്ങിലൂടെ 25 കോടി രൂപയുടെ അധിക വരുമാനം നേടാനായി.
വയനാടിന്റെ ടൂറിസം മികവ് ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക മാർക്കറ്റിങ് ക്യാംപെയ്നുകളും പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡ്രമ്മർ ശിവമണി, കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സി, പിന്നണി ഗായകരായ ഹരിചരൺ, ശിഖ പ്രഭാകരൻ എന്നിവരെ മന്ത്രി ആദരിച്ചു.
മന്ത്രി ഒ.ആർ കേളു അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ കൗൺസിലർ കെ.സി.സുനിൽകുമാർ, കലക്ടർ ഡി.ആർ.മേഘശ്രീ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി.ഗിരീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]