കൽപറ്റ ∙ ഒൻപതു മാസത്തിനിടെ ജില്ലയിൽ വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത് 51 പേർക്ക്. കഴിഞ്ഞ സെപ്റ്റംബർ 30 വരെയുള്ള കണക്കാണിത്.
ചെറുതും വലുതുമായ 705 അപകടങ്ങളാണ് ഇക്കാലയളവിലുണ്ടായത്. 764 പേർക്ക് പരുക്കേറ്റു.
മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഹൈവേ പൊലീസും ട്രാഫിക് പൊലീസും റോഡിൽ സദാസമയവും കർശന പരിശോധനകൾ നടത്തുന്നതിനിടെയാണു ദിനംപ്രതിയെന്നോണം വാഹനാപകടങ്ങൾ വർധിക്കുന്നത്. അപകടത്തിൽ പെടുന്നതിൽ ഏറെയും ഇരുചക്ര വാഹനങ്ങളാണ്.
അമിതവേഗവും അശ്രദ്ധയുമാണു അപകടങ്ങൾക്കിടയാക്കുന്നത്.
അപകടത്തിൽ പെടുന്നത് ഏറെയും യുവാക്കളാണ്. ഇതിൽ തന്നെ 19നും 25നും ഇടയിൽ പ്രായമുള്ളവർ ഓടിക്കുന്ന വാഹനങ്ങളാണു കൂടുതലായും അപകടങ്ങളിൽ പെടുന്നത്.
ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ധരിക്കാതെയും വാഹനമോടിച്ചവരാണു മരിച്ചവരിൽ ഏറെയും. 2024 ൽ 908 വാഹനാപകടങ്ങളിലായി 67 പേരാണ് മരിച്ചത്. 1153 പേർക്ക് പരുക്കേറ്റു. 2023ൽ 84 പേർ മരിച്ചു.
589 വാഹനാപകടങ്ങളാണു 2023ൽ ഉണ്ടായത്. 1056 പേർക്ക് പരുക്കേറ്റു.
വേഗത്തിൽ പായരുത്
ജില്ലയിലെ റോഡുകളുടെ ആകൃതിയും ഒരുപരിധിവരെ റോഡപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
വളവുകളും തിരിവുകളും നിറഞ്ഞ ജില്ലയിലെ റോഡുകളിൽ ശ്രദ്ധയൊന്നു പാളിയാൽ അപകടം ഉറപ്പാണ്. പല റോഡുകളിലും മിനുസം കൂടുതലാണെന്നു ഡ്രൈവർമാർ പറയുന്നു.
ഇതുമൂലം ചെറിയ വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കു പോലും പെട്ടെന്നു നിർത്താൻ സാധിക്കുകയില്ല. മഴക്കാലങ്ങളിൽ ജില്ലയിൽ വാഹനാപകടങ്ങളുടെ എണ്ണം വർധിക്കാൻ കാരണമിതാണെന്നു വിദഗ്ധർ പറയുന്നു.
ലൈസൻസിന് അപേക്ഷിക്കുന്നവർക്കു ഡ്രൈവിങ് ടെസ്റ്റിനു മുൻപ് ആർടിഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നൽകുന്നുണ്ട്. ഈ ക്ലാസുകളിൽ പങ്കെടുക്കുന്നവർക്കു മാത്രമേ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാൻ കഴിയുകയുള്ളു.
ക്ലാസുകളിലൊക്കെ വൻപങ്കാളിത്തമുണ്ടാകാറുണ്ടെങ്കിലും വാഹനവുമായി നിരത്തിലിറങ്ങിയാൽ ഭൂരിഭാഗം പേരും നിയമങ്ങളെല്ലാം മറക്കുകയാണ്.
66 ബ്ലാക്ക് സ്പോട്ടുകൾ
കൊച്ചു ജില്ലയാണെങ്കിലും അപകട സാധ്യത ഏറിയ സ്ഥലങ്ങൾക്കു വയനാട്ടിൽ കുറവൊന്നുമില്ല.
ജില്ലയിൽ 66 ലധികം ബ്ലാക്ക് സ്പോട്ടുകളുണ്ടെന്നാണ് കണക്ക്. ദേശീയപാത 766 ലെ മുട്ടിൽ–വാര്യാട് മേഖലയും പാതിരിപ്പാലം മുതൽ ദൊട്ടപ്പൻകുളം വരെയുള്ള മേഖലകളുമാണ് അപകടങ്ങൾക്കു ഏറെ സാധ്യതയുള്ള ഇടങ്ങൾ.
പടിഞ്ഞാറത്തറ–വാരാമ്പറ്റ റോഡിലും റോഡപകടങ്ങൾ പതിവാണ്. 2016, 2017, 2018 വർഷങ്ങളിലെ വാഹനാപകട
കണക്കുകളുടെ അടിസ്ഥാനത്തിലാണു ബ്ലാക്ക് സ്പോട്ടുകൾ നിർണയിച്ചത്.
17 വർഷം; 1138 മരണം
2007 മുതൽ 2024 വരെയുള്ള കാലയളവിൽ ജില്ലയിലുണ്ടായ റോഡപകടങ്ങളിൽ ജീവൻ നഷ്ടമായതു 1138 പേർക്കാണ്. ഇവരിൽ ഭൂരിഭാഗം പേരും യുവാക്കളാണ്.
10,605 അപകടങ്ങളാണു ഇക്കാലയളവിൽ നടന്നത്. 14,520 പേർക്കു പരുക്കേറ്റു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

