
മഴ: 2 ദിവസത്തിനിടെ ബത്തേരിയിൽ നിലംപൊത്തിയത് 15 മരങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ കഴിഞ്ഞ 2 ദിവസത്തിനിടെ ദേശീയപാതയിലും ഗ്രാമീണ പാതകളിലുമായി ബത്തേരി ഭാഗത്ത് നിലം പൊത്തിയത് 15 കൂറ്റൻ മരങ്ങൾ. ഇവയെല്ലാം പല സമയങ്ങളിലായി ഗതാഗത തടസ്സമുണ്ടാക്കി. ബത്തേരി അഗ്നിരക്ഷാ സേനയെത്തിയാണ് ഇവയെല്ലാം വെട്ടി നീക്കിയത്. മുത്തങ്ങയിലും കല്ലൂർ എടത്തറയിലും 2 തവണ മരം ദേശീയപാതയ്ക്കു കുറുകെ കടപുഴകി. കൃഷ്ണഗിരിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിനു മുകളിലേക്കാണ് വീണത്. ബത്തേരി ടൗണിനടുത്ത് മരക്കമ്പ് വീണു വിദ്യാർഥിനിക്കു പരുക്കേറ്റു. ദൊട്ടപ്പൻകുളത്തും മാനിക്കുനി കോടതി പരിസരത്തും നേതാജി റോഡിലും മരങ്ങൾ നിലംപതിച്ചു. കല്ലൂർ ടൗണിലും മാതമംഗലത്തും കോളിയാടിയിലും പൊൻകുഴിയിലും ചെതലയത്തും പല സമയത്തായി മരം വീണു.
കാൽനട യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അമ്പലവയൽ ∙ കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മരംവീണു; കാൽനട യാത്രക്കാരൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. അമ്പലവയൽ ഗവ. ക്വാർട്ടേഴ്സിനു സമീപമാണ് റോഡിനു കുറുകെ മരം വീണത്. ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. മരം വീണു കെഎസ്ഇബി, കേബിൾ ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അമ്പലവയൽ ടൗണിലെ വെള്ളം ഒഴുകി റോഡരികിൽ കുഴി രൂപപ്പെട്ടു. ടൗണിലെ കുരിശിനു സമീപത്താണ് കുഴി രൂപപ്പെട്ടത്.
വൈദ്യുത ലൈനിൽ മരം വീണിട്ട് 2 ദിവസം;നീക്കാൻ നടപടിയില്ല
കാവുംമന്ദം ∙ വൈദ്യുത ലൈനിൽ മരംവീണു 2 ദിവസം പിന്നിട്ടിട്ടും നീക്കം ചെയ്യുകയോ വൈദ്യുതി പുനഃസ്ഥാപിക്കാൻ നടപടിയെടുക്കുകയോ ചെയ്യുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.ശാന്തി നഗർ, ഹൈസ്കൂൾ കുന്ന്, കുണ്ട്ലങ്ങാടി ഭാഗങ്ങളിലാണ് വൈദ്യുതി നിലച്ചിട്ടു ദിവസങ്ങൾ പിന്നിടുന്നത്. ഒട്ടേറെ തവണ വിവരം അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്. ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
റോഡിൽ വൈദ്യുതി ലൈനിൽ മരം പൊട്ടി വീണ നിലയിൽ. 2. ചെന്നലോട് ശാന്തിനഗർ റോഡിൽ വൈദ്യുത ലൈനിൽ
മരം വീണ നിലയിൽ.