
കാട്ടാന ആക്രമണം: അറുമുഖന്റെ കുടുംബത്തിന് ആദ്യഘട്ട നഷ്ടപരിഹാരത്തുക കൈമാറി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പൂളക്കുന്ന് (വയനാട്) ∙ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട, മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉൗരിലെ അറുമുഖന്റെ (67) കുടുംബത്തിന് നഷ്ടപരിഹാരത്തുകയുടെ ആദ്യ ഗഡുവായ 5 ലക്ഷം രൂപയുടെ ചെക്ക് വനംവകുപ്പ് കൈമാറി.ഇന്നലെ വൈകിട്ട് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ, അറുമുഖന്റെ മക്കളായ രാജ, സത്യൻ എന്നിവർക്കാണു തുക കൈമാറിയത്. ബാക്കി തുകയായ 5 ലക്ഷം രൂപ ബന്ധുക്കൾ രേഖകൾ സമർപ്പിക്കുന്നതിനു ശേഷം കൈമാറും.
ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് അഞ്ചോടെ അറുമുഖന്റെ സംസ്കാരം വീട്ടുവളപ്പിൽ നടത്തി. അതേസമയം, മേഖലയിലെ ആക്രമണകാരികളായ കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തുന്നതിനു വയനാട് വന്യജീവി സങ്കേതത്തിൽ നിന്നു കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. ഇതു പരാജയപ്പെട്ടാൽ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവിറങ്ങിയിട്ടുണ്ട്. കാട്ടാനകളെ വനത്തിലേക്കു തുരത്താനുള്ള ദൗത്യം ഇന്നു രാവിലെയോടെ വനംവകുപ്പ് ആരംഭിക്കും.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു അറുമുഖനെ ഉൗരിലേക്കുള്ള മൺപാതയിൽ വച്ചു കാട്ടാന കൊലപ്പെടുത്തിയത്. മേപ്പാടിയിലെ ഏലക്കടയിലെ ജോലിക്കു ശേഷം വീട്ടിലേക്കു മടങ്ങുംവഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണകാരിയായ കാട്ടാനയെ മയക്കുവെടി വച്ചു പിടികൂടണമെന്ന് ആവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രി ഒൻപതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. സ്ഥലത്തെത്തിയ സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ അടക്കമുള്ള വനപാലക സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു.
തുടർന്ന്, കാട്ടാനയെ വനത്തിലേക്കു തുരത്താൻ നടപടികൾ വേഗത്തിലാക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ രാത്രി 11.45 ഓടെയാണു മൃതദേഹം സംഭവസ്ഥലത്തു നിന്നു മാറ്റാൻ നാട്ടുകാർ തയാറായത്. ഇതിനിടെ, വെള്ളിയാഴ്ച രാത്രി ഏഴരയോടെ പൂളക്കുന്ന് ഉൗരിനു സമീപം വീണ്ടും കാട്ടാനയിറങ്ങി. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉൗരിലെ സുജിത്ത് തലനാരിഴയ്ക്കാണു കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷപ്പെട്ടത്. കാട്ടാനയെ വനത്തിലേക്കു തുരത്താനുള്ള ശ്രമം വനപാലക സംഘം രാത്രി വൈകിയും തുടരുകയാണ്.