അമ്പലവയൽ ∙ മഴ അകന്നതോടെ ജില്ലയിലെ പ്രധാനപ്പെട്ട ട്രെക്കിങ് കേന്ദ്രങ്ങളെയെല്ലാം കരിഞ്ഞുണങ്ങാൻ തുടങ്ങി.
മഴ അകന്ന് വേനൽച്ചൂട് ശക്തമായതോടെയാണ് പ്രധാന ട്രെക്കിങ് കേന്ദ്രങ്ങളെല്ലാം പച്ചപ്പ് നഷ്ടപ്പെട്ട് ഉണങ്ങാൻ തുടങ്ങിയത്. ട്രെക്കിങ് കേന്ദ്രങ്ങളായ ചെമ്പ്ര പീക്ക്, ബ്രഹ്മഗിരി മലകൾ, ബാണാസുര മലകൾ, ചീങ്ങേരി മല എന്നിവയിലെല്ലാം പച്ചപ്പ് നഷ്ടപ്പെട്ടു തുടങ്ങി.
പുല്ലുകളും ചെറിയ ചെടികളുമെല്ലാം ഉണങ്ങി നിൽക്കുകയാണ്.
മരങ്ങളെല്ലാം ഇല കൊഴിയുകയും ചെയ്തതോടെ പച്ചപ്പിന്റെ കാഴ്ചകൾ ഇല്ലാതായി. ജില്ലയിൽ കൂടുതൽ പേർ ട്രെക്കിങിന് എത്തുന്നത് ചെമ്പ്ര പീക്കിലും ബ്രഹ്മഗിരിയിലുമാണ്. ട്രെക്കിങിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ പച്ചപ്പ് നിറഞ്ഞ പുൽമേടുകളാണു പ്രധാന ആകർഷണം.
അതിനിടയിലൂടെയായിരുന്നു ഇത്രയും കാലം ട്രെക്കിങ്.
എന്നാൽ ഇനിയുള്ള മാസങ്ങളിൽ വേനലിൽ ഉണങ്ങാറായ പുൽമേടുകളാണ് കൂടുതലുമുണ്ടാകുക. ഒൗദ്യോഗിക കേന്ദ്രമല്ലെങ്കിലും ചെറിയ വ്യൂപോയിന്റുള്ള മഞ്ഞപ്പാറയിൽ കഴിഞ്ഞ ദിവസം പുൽമേടുകൾക്ക് തീ പിടിച്ചിരുന്നു.
ഏകദേശം 20 ഹെക്ടറോളം പുൽമേടുകളാണ് കത്തി നശിച്ചത്. അഗ്നി രക്ഷാ സേനയുടെ ഇടപെടലിലാണ് കൂടുതൽ തീ പടരാതിരുന്നത്.
പുലർച്ചെയും രാത്രികാലത്തും തണുപ്പുണ്ടെങ്കിലും പകൽസമയത്തെ കനത്ത വെയിൽ ട്രെക്കിങ്ങിന് എത്തുന്നവർക്കും പ്രതിസന്ധിയാകുന്നുണ്ട്.
രാവിലെയാണ് ട്രെക്കിങ് ആരംഭിക്കുന്നതെങ്കിലും പകുതി പിന്നിടുമ്പോഴെക്കും താപനില ഉയരും. മുകളിലേക്ക് എത്തുന്തോറും ചൂട് കൂടിവരുന്ന സാഹചര്യമാണ്.
ഇതോടെ ട്രെക്കിങ്ങിനു ബുദ്ധിമുട്ടും ഒപ്പം ക്ഷീണവും കൂടുതലാണെന്ന് സഞ്ചാരികൾ പറയുന്നു.
താപനില ഉയരുകയും പച്ചപ്പ് നഷ്ടപ്പെടുകയും ചെയ്തിട്ടും ജില്ലയിലേക്ക് ട്രെക്കിങ്ങിനു എത്തുന്നവർ ഏറെയാണ്. വനംവകുപ്പിന്റെ കീഴിലാണ് കൂടുതൽ ട്രെക്കിങ് കേന്ദ്രങ്ങളുള്ളത്.
എല്ലായിടങ്ങളിലും രാവിലെയാണ് ട്രെക്കിങ് ആരംഭിക്കുന്നത്. നിശ്ചിത വിനോദ സഞ്ചാരികളെ മാത്രമാണ് നിലവിൽ അനുവദിക്കുന്നത്.
ചീങ്ങേരി മലയിലേക്കുള്ള ട്രെക്കിങ് പാറകളാണ് കൂടുതലെങ്കിലും കുറച്ച് ഭാഗങ്ങളിലുള്ള മരങ്ങളും ചെടികളുമെല്ലാം ഉണങ്ങി നിൽക്കുകയാണ്. താപനില ഉയർന്നതോടെ പാറയിലൂടെ കയറുമ്പോൾ ചൂടും വർധിച്ചിട്ടുണ്ട്.
എങ്കിലും രാവിലെയും വൈകിട്ടും ഉദയ–അസ്തമയ കാഴ്ചകൾ കാണുന്നതിനായി ഒട്ടേറെ സഞ്ചാരികൾ ട്രെക്കിങ് നടത്തുന്നുണ്ട്. വേനൽക്കാലമായതോടെ കാട്ടുതീപടരാനുള്ള സാധ്യതയും ഏറിയിട്ടുണ്ട്.
അതിനാൽ തന്നെ പ്രദേശത്ത് കൂടുതൽ ജാഗ്രതയിലാണ് അധികൃതർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

