
പേരിയ ചുരത്തിൽ മാലിന്യം തള്ളി; വാളാട്ടെ സ്ഥാപനങ്ങൾക്ക് നോട്ടിസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാനന്തവാടി ∙ ജില്ലാ അതിർത്തി കടന്ന് മാലിന്യം തള്ളിയ സ്ഥാപനങ്ങൾക്ക് എതിരെ കണ്ണൂരിൽ നിന്ന് ചുരം കയറി നോട്ടിസ് എത്തി. പേരിയ വനത്തിലും ജലസ്രോതസ്സിലും മാലിന്യം തള്ളിയതിനാണ് വാളാടുള്ള സ്ഥാപനങ്ങൾക്ക് കണിച്ചാർ പഞ്ചായത്ത് നോട്ടിസ് നൽകിയത്.ബാവലി– തലശ്ശേരി റോഡിൽ പേരിയ ചുരത്തിലെ ഏലപ്പീടിക ഭാഗത്തെ 29 –ാം മൈലിൽ വനത്തിലും റോഡരികിലും തോട്ടിലും മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് കണിച്ചാർ പഞ്ചായത്ത് സെക്രട്ടറിയാണ് തവിഞ്ഞാൽ പഞ്ചായത്തിലെ വാളാടുള്ള 4 സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകിയത്. ജില്ലയ്ക്ക് പുറമേ നിന്ന് ഇത്തരം നടപടികൾ വരുന്നത് അപൂർവമാണ്.
മുൻപ് ക്ലീൻ കേരള കോൺക്ലേവ് മാതൃകകൾ അവതരിപ്പിച്ച് സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടുകയും പ്രശംസാപത്രം ഏറ്റ് വാങ്ങുകയും ചെയ്ത പഞ്ചായത്താണ് കണിച്ചാർ. പേരിയ ചുരത്തിൽ മാലിന്യം തള്ളുന്നത് തടയാൻ പഞ്ചായത്ത് 45 ലക്ഷം രൂപ ചെലവഴിച്ച് 3 മീറ്റർ ഉയരത്തിൽ ‘ശുചിത്വ ഫെൻസിങ്’ സ്ഥാപിക്കുകയും, ശുചിത്വ പാർക്ക് നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഈ ശുചിത്വ വേലി അവസാനിക്കുന്നിടത്താണ് മാലിന്യം തള്ളിയത്.ഫാമിലി ഹൈപ്പർ മാർക്കറ്റ്, ഗാലക്സി മൊബൈൽ ഷോപ്പ്, പ്രൈം ഹൈപ്പർ മാർക്കറ്റ്, പിറ്റ്ക്കോ സ്റ്റോർ എന്നീ സ്ഥാപന ഉടമകൾക്കാണ് നോട്ടിസ് നൽകിയത്.
പ്രൈം സൂപ്പർ മാർക്കറ്റിലെ വാഹനത്തിൽ കൊണ്ടുപോയാണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വ്യാപകമായി തള്ളിയതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. പഴശ്ശി ജലസംഭരണിയിലേക്കുള്ള ജല സ്രോതസ്സിലും, കൊട്ടിയൂർ റേഞ്ച് പരിധിയിലെ വനത്തിലും മാലിന്യം തള്ളിയതിന് 8 കേസുകളിലായാണ് പിഴ ഈടാക്കുക. കണിച്ചാർ പഞ്ചായത്തംഗം ജിമ്മി ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പി.ശ്രീലത, ജീവനക്കാരൻ ജിന്റോ എന്നിവരടങ്ങുന്ന സംഘമാണ് വാളാട് എത്തി സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകിയത്. 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റകൃത്യമാണിത്.