മരവയൽ ∙ പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് അവർ വീണ്ടും തെളിയിച്ചു. പ്രായത്തെ വെല്ലുന്ന പ്രകടനങ്ങളുമായി അവർ കളംനിറഞ്ഞപ്പോൾ കാണികളും ആവേശത്തിലായി. സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാംപ്യൻഷിപ്പിന് മരവയൽ എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ ഉജ്വല സമാപനം.
ആദ്യദിനത്തിലെ കുതിപ്പ് 2–ാം ദിനത്തിലും തുടർന്ന് ആതിഥേയരായ വയനാട് ഒന്നാമതെത്തി.
വിവിധ ജില്ലകളിൽ നിന്നായി 1000ലധികം പുരുഷ–വനിതാ കായിക താരങ്ങളാണു ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. 30 വയസ്സു മുതൽ 90 വയസ്സ് വരെ വിവിധ വിഭാഗങ്ങളിലായി 135 ഇനങ്ങളിലായിരുന്നു മത്സരങ്ങൾ.
സമാപന സമ്മേളനത്തിൽ ജില്ലാ അത്ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് സജി ചെങ്ങനാമഠത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം എം.മധു, കേരളാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.ചന്ദ്രശേഖരൻ പിള്ള, ജോയിന്റ് സെക്രട്ടറി ഡോ.ഹരിദയാൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്കാ ഫാൻസിസ്, എ.ഡി.ജോൺ, കെ.വി.ജോസഫ്, ഷിബു കുറുമ്പേമഠം, ട്രഷറർ സജീഷ് മാത്യു, സുനിൽ പുൽപള്ളി, ലൂയീസ് പള്ളിക്കുന്ന് എന്നിവർ പ്രസംഗിച്ചു.
അമ്മയും മകളും സ്വർണം നേടി
മരവയൽ ∙ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ സ്വർണം നേടി അമ്മയും മകളും. മാനന്തവാടി എള്ളുമന്ദം സ്വദേശിനി എൽസമ്മയും മകൾ അനുമോൾ ബേബിയുമാണ് സ്വർണ നേട്ടവുമായി മടങ്ങിയത്. ത്രോ ഇനങ്ങളിലാണു ഇരുവരും സ്വർണം നേടിയത്.
35 വയസ്സിനു മുകളിലുള്ള കാറ്റഗറിയിൽ മത്സരിച്ച അനുമോൾ ഹാമർ ത്രോ, ഷോട്ട്പുട്ട് മത്സരങ്ങളിൽ സ്വർണം നേടിയപ്പോൾ വനിതാ വിഭാഗം 65 വയസ്സിനു മുകളിലുള്ള കാറ്റഗറിയിൽ ഹാമർത്രോയിലാണു എൽസമ്മ സ്വർണം നേടിയത്. ഷോട്ട്പുട്ടിൽ വെള്ളിയും നേടി.
മാനന്തവാടി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ കായികാധ്യാപിക കൂടിയായ എൽസമ്മ ക്രിക്കറ്റ് പരിശീലകയുമാണ്.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സജന സജീവൻ, മിന്നുമണി എന്നിവരുടെ ആദ്യകാല പരിശീലക കൂടിയാണ് എൽസമ്മ. കൃഷി വകുപ്പിൽ ക്ലർക്കായി ജോലി ചെയ്യുന്ന അനുമോളും ക്രിക്കറ്റിൽ സജീവമാണ്. സിവിൽ സർവീസ് മേളയിൽ നിറസാന്നിധ്യമായിരുന്ന ഇരുവരും മാസ്റ്റേഴ്സ് മീറ്റിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. നെല്ലിക്കമണ്ണിൽ വീട്ടിൽ ബേബിയാണ് എൽസമ്മയുടെ ഭർത്താവ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

