മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കള്ളാടി–ആനക്കാംപൊയിൽ തുരങ്കപ്പാത പദ്ധതി ഉപേക്ഷിക്കരുതെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്. പരിസ്ഥിതി ലോലപ്രദേശത്താണു പദ്ധതിയെന്ന വാദം നിരത്തി പരിസ്ഥിതി സംഘടനകൾ തുരങ്കപ്പാതയ്ക്കെതിരെ രംഗത്തുള്ള പശ്ചാത്തലത്തിലാണ് നിർമാണം പുനരാരംഭിക്കണമെന്ന് നാട്ടുകാർ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.
സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതി ഇന്ന് കള്ളാടിയിലെത്തുന്ന സാഹചര്യത്തിൽ പദ്ധതിക്ക് അനുകൂലമായി പരസ്യ പ്രക്ഷോഭത്തിനിറങ്ങാനാണു നാട്ടുകാരുടെ തീരുമാനം. മണ്ണിടിച്ചിൽ മേഖലയുടെ സുരക്ഷ വിലയിരുത്തുന്നതിനും പദ്ധതി പുനരാരംഭിക്കണമോ എന്നതിൽ ശുപാർശ നൽകാനുമാണു സമിതി എത്തിയത്.
മണ്ണിടിച്ചിലിൽ വീടുകൾക്കു കേടുപാടുണ്ടായ കുടുംബാംഗങ്ങളുൾപ്പെടെ കള്ളാടിയിൽ തുരങ്കപ്പാതയ്ക്ക് അനുകൂലമായി അണിനിരക്കും. വിദഗ്ധസമിതിയിലെ പലരും കടുത്ത പരിസ്ഥിതിവാദികളെന്നും തുരങ്കപ്പാതയ്ക്ക് എതിരായി റിപ്പോർട്ട് നൽകാനാണു സാധ്യതയുമുള്ള ആശങ്കയാണു നാട്ടുകാർ പങ്കുവയ്ക്കുന്നത്.
വികസനം തടയുന്നതാകരുത് പഠന റിപ്പോർട്ട് എന്ന നിലപാടുമായി സർക്കാരിൽ ജനകീയ–രാഷ്ട്രീയ സമ്മർദം ശക്തിപ്പെടുത്താനാണ് അവരുടെ തീരുമാനം. മേഖലയുടെ സുരക്ഷ ഉറപ്പാക്കി നിർമാണപ്രവർത്തനങ്ങൾ എത്രയും വേഗം പുനരാരംഭിക്കണമെന്നും വയനാടിന്റെ മുഖഛായ മാറ്റുന്ന വികസനപദ്ധതി മുടക്കരുത് എന്നുമുള്ള ആവശ്യമാണുയരുന്നത്.
തുരങ്കപ്പാത ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലുൾപ്പെടെ പരിസ്ഥിതി സംഘടനകൾ എത്തിയിട്ടും ഫലമുണ്ടായില്ലെന്നതും അവർ ചൂണ്ടിക്കാണിക്കുന്നു. നിർമാണം എത്രയും വേഗം ആരംഭിക്കണമെന്ന നിലപാടുമായി സിപിഎമ്മും രംഗത്തുണ്ട്.
നിലവിൽ, തുരങ്കപ്പാതയുടെ നിർമാണം താൽക്കാലികമായി നിർത്തിവച്ച് സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
നിർമാണ മേഖലയിൽ നേരത്തെ നിശ്ചയിച്ച നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ ജില്ലാ ഭരണകൂടത്തിനുണ്ടായ വീഴ്ച നേരത്തെ പലരും ചൂണ്ടിക്കാണിച്ചിരുന്നതാണ്. കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതിലും പ്രതിരോധ സംവിധാനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിലും ദുരന്തനിവാരണ അതോറിറ്റിക്കും വീഴ്ചയുണ്ടായി.
ദുരന്തമുണ്ടാകുന്നതിനു ദിവസങ്ങൾക്കു മുൻപു തന്നെ പദ്ധതിപ്രദേശത്തു മണ്ണിടിച്ചിൽ തുടങ്ങിയിട്ടും ഗൗരവത്തിലെടുക്കുന്നതിൽ കലക്ടർ ഉൾപ്പെടെയുള്ളവർ കാണിച്ച കൃത്യവിലോപമാണു ദുരന്തത്തിലേക്കു നയിച്ചതെന്ന ആരോപണമാണു നാട്ടുകാർ ഉന്നയിക്കുന്നത്. മഴ മുന്നറിയിപ്പു നൽകുന്നതിലെ പോരായ്മയും നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോണിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുമാണു ദുരന്തത്തിനു കാരണം.
നിർമാണ കമ്പനി കൃത്യമായി നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും ഉറപ്പാക്കിയില്ല. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുക്കാതെയുള്ള നിർമാണരീതിയും മണ്ണു നീക്കം ചെയ്യുന്നതിലുണ്ടായ അലംഭാവവും മണ്ണിടിച്ചിലിന്റെ ആഘാതം കൂട്ടി.
അധികൃതരുടെയും നിർമാണ കമ്പനിയുടെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കു നാടിന്റെ വികസനം ബലികൊടുക്കേണ്ടിവരുന്നത് അനുവദിക്കാനാകില്ലെന്ന നിലപാടിലാണു നാട്ടുകാർ. തുരങ്കത്തിനായി പാറപൊട്ടിച്ചതു മൂലം മലയിലുണ്ടായ പ്രകമ്പനമാണു മണ്ണിടിച്ചിലിനിടയാക്കിയതു എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണമുണ്ടായിട്ടും അധികൃതർ നിഷേധിച്ചില്ല.
പശ്ചിമഘട്ടത്തെക്കാൾ പാരിസ്ഥിതികമായി ദുർബലാവസ്ഥയിലുള്ള ഹിമാലയം ഉൾപ്പെടെയുള്ള മലനിരകളിൽ വൻ തുരങ്കപ്പാതകളുടെ നിർമാണം നടക്കുന്നതും കണക്കിലെടുക്കണം. ബാണാസുര പദ്ധതിയുടെ ഭാഗമായി കക്കയത്തേക്കുള്ള തുരങ്കമുൾപെടെ വയനാട്ടിലും ഇടുക്കിയിലുമെല്ലാം നേരത്തെ തന്നെ ഒട്ടേറെ തുരങ്കങ്ങളുള്ളതും അവയെല്ലാം ഇന്നും സുരക്ഷിതമായി നിലനിൽക്കുന്നതും അവർ ചൂണ്ടിക്കാണിക്കുന്നു.
അതീവ പരിസ്ഥിതി ദുർബല മേഖലയിലെ വൻകിട നിർമാണങ്ങൾ വൻ ദുരന്തത്തിലേക്കു വഴിവയ്ക്കുമെന്ന വിമർശനമാണു പരിസ്ഥിതി സംഘടനകൾ ഉന്നയിക്കുന്നത്.
ആനത്താരകൾ മുറിയുന്നതു മൂലം വന്യജീവി ശല്യം വർധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. കൃത്യമായ പഠനം നടത്താതെയും തെറ്റായ വിവരങ്ങൾ സമർപ്പിച്ചും ഏതുവിധേനയും അനുമതി നേടിയെടുക്കാനാണു സർക്കാർ ശ്രമിച്ചതെന്നും അവർ തെളിവുകൾ നിരത്തി വാദിക്കുന്നു.
അന്തിമ അനുമതി ലഭിക്കുന്നതിനു മുൻപേ തുരങ്കത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവും സ്റ്റേറ്റ് ലവൽ എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റിയും മുന്നോട്ടുവച്ച മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപറത്തിയാണു നിർമാണം തുടങ്ങിയതെന്നും ഇതെല്ലാമാണു ദുരന്തത്തിനു കാരണമായതെന്നും പരിസ്ഥിതി സംഘടനകൾ അഭിപ്രായപ്പെടുന്നു.
അതേസമയം, പരിസ്ഥിതി സംഘടനകളിലും പരിസ്ഥിതി പ്രവർത്തകരിലും വിരുദ്ധാഭിപ്രായമുള്ളവരുമുണ്ട്. ശാസ്ത്രീയമായ പഠനം നടത്തിയശേഷം സുരക്ഷ ഉറപ്പാക്കിയും പാരിസ്ഥിതികാഘാതം പരമാവധി കുറച്ചും പദ്ധതി നടപ്പിലാക്കണമെന്ന നിലപാടാണു നല്ലൊരു വിഭാഗത്തിന്റേത്.
തുരങ്കപ്പാത പദ്ധതി പൂർണമായി ഉപേക്ഷിക്കണമെന്നും പ്രദേശത്ത് ഭാവിയിൽ ഒരു നിർമാണവും അനുവദിക്കരുതെന്നും ആവശ്യപ്പെടുന്ന തീവ്രനിലപാടുകാരും ഉണ്ട്. കള്ളാടി തുരങ്കപ്പാത നിർമാണ പ്രദേശത്തെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട
സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ഉച്ചയ്ക്ക് 12.30നു സ്ഥലം സന്ദർശിക്കും. ദുരന്തത്തിന്റെ കാരണം കണ്ടെത്തൽ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ നൽകിയ പരിസ്ഥിതി അനുമതികൾ വിലയിരുത്തൽ, കേന്ദ്ര പരിസ്ഥിതി- വനം -കാലാവസ്ഥാ വ്യതിയാന മന്ത്രാലയം നൽകിയ അനുമതികൾ പരിശോധിക്കൽ, കരാറുകാർ വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ എന്നു സമിതി പരിശോധിക്കും.
തുരങ്കപ്പാത നിർമാണ മേഖലയിലെ സുരക്ഷാ വീഴ്ചകൾ, സാങ്കേതിക പിഴവുകൾ, പരിസ്ഥിതി അനുമതി നടപ്പാക്കൽ എന്നിവയും സമിതി പരിശോധിക്കും. അന്വേഷണം പൂർത്തിയാക്കി ഒരു മാസത്തിന് അകം സമിതി സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കും.
സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ.പി.പുകഴേന്തി, ഭൗമ ശാസ്ത്രജ്ഞൻ ഡോ.സി.പി.രാജേന്ദ്രൻ, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. വിഷ്ണുദാസ്, ഹൈഡ്രോളജിസ്റ്റ് ഡോ.ശർമിഷ്ട
സിങ് (ഐഐടി പാലക്കാട്), ജിയോ-ടെക്നിക്കൽ എൻജിനീയറിങ് വിദഗ്ധൻ ഡോ.ശ്രീവത്സ കൊളത്തായർ (എൻഐടി കർണാടക), സ്ട്രക്ചറൽ എൻജിനീയറിങ് വിദഗ്ധൻ ഡോ. എം.മധു കാർത്തിക് (ഐഐടി പാലക്കാട്), ടണൽ എൻജിനീയറിങ് വിദഗ്ധൻ ഡോ.അങ്കേഷ് കുമാർ (ഐഐടി പാലക്കാട്) എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണു സ്ഥലം സന്ദർശിക്കാൻ ജില്ലയിൽ എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

