കുറ്റ്യാടി ചുരത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഭിത്തിയിലിടിച്ച് നിന്നു.
ബ്രേക്ക് തകരാറിലായതിനെ തുടർന്ന് പിന്നോട്ട് ഉരുണ്ട ബസ്, ഡ്രൈവറുടെ മാതൃകാപരമായ ഇടപെടലിനെത്തുടർന്നാണ് വലിയൊരു അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് മാനന്തവാടിയിലേക്ക് സർവീസ് നടത്തിയ പ്രിയദർശിനി ബസിൽ സാങ്കേതിക തടസ്സമുണ്ടായത്. ചുരത്തിലെ എട്ടാം വളവിലാണ് ബ്രേക്ക് നഷ്ടപ്പെട്ട് വാഹനം പിന്നോട്ട് നീങ്ങിയത്.
യാത്രയ്ക്കിടയിൽ ചുരം റോഡിൽ വെച്ച് മറ്റൊരു കെഎസ്ആർടിസി ബസ് കേടായിരുന്നു. തുടർന്ന് ആ ബസിലുണ്ടായിരുന്ന യാത്രക്കാരും മാനന്തവാടിയിലേക്ക് പുറപ്പെട്ട
പ്രിയദർശിനി ബസിൽ കയറുകയായിരുന്നു. ഇതോടെ ബസിൽ നൂറ്റിയൻപതോളം യാത്രക്കാരുടെ ഭാരമുണ്ടായി.
അമിതഭാരം കാരണം വാഹനത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുകയും ബസിനുള്ളിൽ നിന്ന് യാത്രക്കാരുടെ നിലവിളി ഉയരുകയും ചെയ്തു. എങ്കിലും, പെട്ടെന്ന് തന്നെ ഇടപെട്ട
പേരാമ്പ്ര സ്വദേശിയായ ഡ്രൈവർ എൻ.പി.സുധീർ വാഹനം റോഡരികിലെ സംരക്ഷണ ഭിത്തിയിലിടിച്ച് നിർത്തുകയായിരുന്നു. ഈ ജാഗ്രത വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്.
സംഭവത്തെ തുടർന്ന് ചുരം റോഡിൽ ഏകദേശം ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാലപ്പഴക്കം ചെന്ന ബസുകളാണ് ചുരത്തിൽ സർവീസ് നടത്തുന്നതെന്ന ആക്ഷേപം യാത്രക്കാരുടെ ഭാഗത്തുനിന്ന് ശക്തമായി ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

