
മാനന്തവാടി ∙ കർണാടക പൊതുമരാമത്ത് വകുപ്പ് അധികൃതർ ഇടപെട്ട് തോൽപെട്ടി–കുട്ട റോഡിലെ കുഴികൾ അടച്ചു. കേരള അതിർത്തിയിലെ തോൽപെട്ടി മുതൽ കർണാടക അതിർത്തിയിലെ കുട്ട
വരെയുള്ള റോഡ് ഗതാഗതം അസാധ്യമാകും വിധം കുഴി നിറഞ്ഞത് മലയാള മനോരമ വാർത്തയാക്കിയിരുന്നു. ഇതര സംസ്ഥാനങ്ങളുമായി വയനാടിന് ബന്ധപ്പെടാനുള്ള രാത്രി യാത്രാ ഗതാഗത നിരോധനം ഇല്ലാത്ത ഏക പാതയിലും യാത്ര അതീവ ദുഷ്കരമായി മാറിയിരുന്നു. വാഹനങ്ങൾ വലിയ കുഴികളിൽ കുടുങ്ങി അപകട സാധ്യത ഉയർത്തുന്ന ഘട്ടത്തിലാണ് കല്ലും പാറപ്പൊടി മിശ്രിതവും ചേർത്ത് യന്ത്രസഹായത്തോടെ കുഴികൾ അടച്ചത്. മഴ കുറഞ്ഞാൽ റോഡ് പൂർണമായും ടാറിങ് നടത്തുമെന്നു കർണാടക പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.
റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മലയാള മനോരമ വാർത്ത സഹിതം വിരാജ്പേട്ട
എംഎൽഎ എ.എസ്.പൊന്നണ്ണയ്ക്ക് പൊതുപ്രവർത്തകർ നിവേദനം നൽകിയിരുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മാനന്തവാടി–തോൽപെട്ടി–കുട്ട– മൈസൂരു റോഡ് പൂർണമായും വികസിപ്പിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന നായ്ക്കട്ടി പാലവും അടിയന്തരമായി പുതുക്കി പണിയേണ്ടതുണ്ട്.
ബെംഗളൂരുവിൽ നിന്നു കോഴിക്കോട് കണ്ണൂർ ജില്ലകളിലേക്ക് അടക്കമുള്ള ദീർഘദൂര ബസുകൾ വീതികുറഞ്ഞ ഈ പാതയിലൂടെയാണ് രാത്രിയിൽ കടന്നു പോകുന്നത്. ഒട്ടേറെ അപകടങ്ങൾ നടന്നിട്ടും കൈവരികൾ പോലും ഇല്ലാതെ പാലം നവീകരിക്കാൻ ഇനിയും തയാറായിട്ടില്ല.
മൈസൂരു–മലപ്പുറം പാത ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിനായുള്ള പഠനങ്ങൾ ഏറെ മുന്നോട്ട് പോയതാണ്. പക്രംതളം ചുരം വഴി മാനന്തവാടിയിലെത്തി തോൽപെട്ടി–കുട്ട– വഴി മൈസൂരുവിലെത്തുന്ന തരത്തിലുള്ള നിർദേശവും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുണ്ട്.
ഈ പാത യാഥാർഥ്യമായാൽ വടക്കേ മലബാറിന്റെ വികസനത്തിന് കുതിപ്പാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]