പുൽപള്ളി ∙ വയനാട് വീണ്ടും കടുവാ ഭീതിയിലാകുന്നതിന്റെ സാക്ഷ്യങ്ങൾ നൽകി കന്നാരംപുഴക്കരയിൽ ഇന്നലെ കടുവ പ്രത്യക്ഷപ്പെട്ടത് നാലുതവണ. പുഴയോരത്ത് കുട്ടികളോടൊത്ത് പുല്ലരിയുകയായിരുന്ന മാടപ്പള്ളി ഊരിലെ സ്ത്രീകളാണ് ആദ്യം കടുവയെ കണ്ടത്.
പരിസരങ്ങളിൽ കന്നുകാലികളെ മേയ്ക്കുന്നവരും വസ്ത്രമലക്കാനെത്തിയവരുമെല്ലാമുണ്ടായിരുന്നു. കുറ്റിക്കാട്ടിലെ അനക്കം ശ്രദ്ധിച്ചപ്പോഴാണ് അവർ കടുവയെ വ്യക്തമായി കണ്ടത്.
ഉടനെ അവർ കരയ്ക്കുകയറി നാട്ടുകാരെ വിവരമറിയിച്ചു. ഈ സമയം കടുവ പുഴയിലിറങ്ങി വെള്ളം കുടിച്ച് അവിടെത്തന്നെ നിന്നു.
നാട്ടുകാർ ശബ്ദമുണ്ടാക്കിയിട്ടും പടക്കം പൊട്ടിച്ചിട്ടും കൂസലില്ലാതെ നിന്ന കടുവ ആളുകൂടിയപ്പോൾ പതിയെ വനത്തിലേക്കുമാറി.
കുറെകഴിഞ്ഞ് തെല്ലകലെ വീണ്ടും പ്രത്യക്ഷപ്പെട്ടു. വനപാലകരും പൊലീസുമെല്ലാം സ്ഥലത്തെത്തി ജനങ്ങൾക്കു ജാഗ്രതാ നിർദേശങ്ങൾ നൽകി.
സ്ഥലത്ത് ക്യാമറ സ്ഥാപിച്ച് കാവലും ശക്തമാക്കി. പരുക്കേറ്റ കടുവയായതിനാൽ വേഗത്തിൽ സഞ്ചരിക്കാനാവുന്നില്ലെന്നും വനപാലകർ പറഞ്ഞു.
ബന്ദിപ്പൂർ കടുവ സങ്കേതത്തിലെ ഈ ഭാഗത്ത് കുറച്ചു ദിവസമായി കടുവയുടെ സാന്നിധ്യമുണ്ട്. രാത്രിയും പകലും കടുവയുടെ ഗർജനം പതിവായി കേൾക്കുന്നുണ്ട്.
കടുവയുടെ പ്രജനനകാലമായതിനാൽ ഇത് സ്വാഭാവികമാണെന്നാണ് പരിസരവാസികൾ കരുതിയത്.
വനാതിർത്തിയിൽ കടുവയുണ്ടെന്നും കന്നുകാലികളെ കാട്ടിൽ വിടരുതെന്നും ആളുകൾ പ്രാഥമികാവശ്യങ്ങൾക്കു കയറരുതെന്നും കർണാടക വനപാലകർ കഴിഞ്ഞയാഴ്ച മുന്നറിയിപ്പു നൽകിയിരുന്നു. ഇരതേടാൻ കഴിയാത്ത കടുവ നാട്ടിലിറങ്ങുമെന്ന ഭീതി പ്രദേശവാസികളെ അലട്ടുന്നു.
വനാതിർത്തിയിൽ കടുവയെ തടയാനുള്ള പ്രതിരോധ സംവിധാനമൊന്നുമില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അനൗൺസ്മെന്റ് നടത്തി.
വീടുകൾക്കും ചുറ്റിലും തൊഴുത്തിലും ലൈറ്റിടണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
പഞ്ചായത്ത് അംഗങ്ങളായ ഷിനു കച്ചിറയിൽ, റിൻസി വർഗീസ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം എംഎസ്.സുരേഷ് ബാബു, ലോക്കൽ സെക്രട്ടറി കെ.വി.ജോബി തുടങ്ങിയവർ സ്ഥലത്തെത്തി കാര്യങ്ങൾ ക്രമീകരിച്ചു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ എ.നിജേഷ്, ഫോറസ്റ്റർ കെ.യു.സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമറ സ്ഥാപിക്കലും നിരീക്ഷണവും നടത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

