പടിഞ്ഞാറത്തറ ∙ പന്തിപ്പൊയിൽ പാലത്തിൽ അപകടം പതിവായിട്ടും സുരക്ഷയൊരുക്കാൻ തയാറാകാതെ അധികൃതർ. കാലപ്പഴക്കത്താൽ ഏറെ ശോച്യാവസ്ഥയിലായ പാലത്തിന്റെ കൈവരികൾ തകർന്നു.
പാലത്തിന്റെ അടിവശം കോൺക്രീറ്റ് അടർന്നു വീഴുന്നതും പതിവായി. വളവ് തിരിയുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലത്തിന്റെ കൈവരികൾ തകർന്നതോടെ വാഹനങ്ങൾ തോട്ടിൽ പതിക്കുന്നു. കോൺക്രീറ്റ് കൈവരി തകർന്നതിനാൽ മുള ഉപയോഗിച്ച് നാട്ടുകാർ താൽക്കാലിക കൈവരി ഒരുക്കിയിട്ടുണ്ട്.
പടിഞ്ഞാറത്തറയിൽ നിന്ന് പൂഴിത്തോട്, വെള്ളമുണ്ട
ഭാഗങ്ങളിലേക്കുള്ള പ്രധാന റോഡിലാണു പാലം.
ബാണാസുര ഡാം, മീൻമുട്ടി വെള്ളച്ചാട്ടം ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡായതിനാൽ ദിവസവും നൂറുകണക്കിന് വാഹനങ്ങൾ ഈ വഴി കടന്നു പോകുന്നുണ്ട്.
വീതി കൂടിയ റോഡിൽ കുപ്പിക്കഴുത്ത് പോലെ ഇടുങ്ങിയ നിലയിലുള്ള പാലം അപകടസാധ്യത വർധിപ്പിക്കുന്നു. ബാണാസുര ഡാമിൽ തിരക്കേറുമ്പോൾ പടിഞ്ഞാറത്തറ ടൗൺ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഈ വഴിയാണ് കടത്തി വിടുന്നത്.
പാലത്തിന്റെ അപകടാവസ്ഥ കാരണം ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബസ് അടക്കമുള്ള വാഹനങ്ങൾ ഇവിടെ പതിവാണ്.
ഈ ബോർഡ് സ്ഥാപിച്ചത് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ് എന്ന പരാതി ശക്തമാണ്. പാലം പുനർ നിർമിക്കാൻ കാലതാമസം വരികയാണെങ്കിൽ കൈവരി അടക്കമുള്ള അടിയന്തര സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യമുയരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

