വയനാട്ടിലെ തോട്ടങ്ങളിൽ പാഴായിപ്പോകുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വൻ സ്വീകാര്യത. ദിനംപ്രതി ടൺ കണക്കിന് ചക്കയാണ് വയനാടൻ തോട്ടങ്ങളിൽ നിന്ന് അതിർത്തി കടന്ന് കർണാടകയിലെ വിവിധ വിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിറ്റഴിക്കപ്പെടുന്നത്.
കർണാടകയിലെ പഴവിപണികളിലും വിനോദസഞ്ചാര കേന്ദ്രങ്ങളോട് ചേർന്ന പാതയോരങ്ങളിലും ചക്കയ്ക്ക് വലിയ ആവശ്യക്കാരാണുള്ളത്. പച്ചച്ചക്ക, പഴുത്ത ചക്ക, സംസ്കരിച്ച ചക്കച്ചുളകൾ എന്നിവയ്ക്ക് മികച്ച വിപണന സാധ്യതയാണ് അയൽസംസ്ഥാനത്തുള്ളത്.
നിലവിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയാണ് വില. ഒരു ചക്കച്ചുളയ്ക്ക് 6 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്.
ഒരു വലിയ ചക്ക മുറിച്ചു വിൽക്കുന്നതിലൂടെ കച്ചവടക്കാരന് 500 രൂപയിലധികം വരുമാനം ലഭിക്കുമ്പോൾ, വയനാട്ടിലെ കർഷകർക്ക് ലഭിക്കുന്നത് വെറും 20 രൂപ മാത്രമാണ്. ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ച് ലോറികളിലായാണ് ചക്ക കർണാടകയിലേക്കും ഉത്തരേന്ത്യൻ വിപണികളിലേക്കും എത്തിക്കുന്നത്.
ചൂടിൽ ചക്ക കേടാകാതിരിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ലോഡുകൾ തയ്യാറാക്കുന്നത്. എല്ലാ വർഷവും വലിയ അളവിൽ ചക്ക ജില്ലയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നുണ്ടെങ്കിലും, ഉൽപാദനത്തിന്റെ സിംഹഭാഗവും കൃഷിസ്ഥലങ്ങളിൽ തന്നെ പഴുത്ത് നശിക്കുകയാണ്.
ചക്കയും മറ്റ് ജൈവ പഴങ്ങളും സംസ്കരിച്ച് വിപണനം നടത്താനുള്ള സംവിധാനങ്ങളുടെ അഭാവം വയനാട്ടിലെ കർഷകർക്ക് വലിയ തിരിച്ചടിയാണ്. പഴവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സർക്കാർ പദ്ധതികൾ നിലവിലുണ്ടെങ്കിലും, അവയ്ക്കായുള്ള ശാസ്ത്രീയമായ വിപണന സംവിധാനങ്ങളോ സംസ്കരണ കേന്ദ്രങ്ങളോ ജില്ലയിൽ ഇല്ലാത്തത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

