
കൊമ്പന്മാരുടെ ഏറ്റുമുട്ടൽ; ഒരെണ്ണം ചരിഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙ കാട്ടുകൊമ്പൻമാരുടെ ഏറ്റുമുട്ടലിൽ ഒരെണ്ണത്തിനു ദാരുണാന്ത്യം. ശനി രാത്രി 11 മണിയോടെയാണ് കർണാടക വനാതിർത്തിയിലെ മാടപ്പള്ളിക്കുന്ന് കന്നാരംപുഴയിൽ അൻപത് വയസ്സ് വരുന്ന കൊമ്പൻ ചരിഞ്ഞത്. വൈകിട്ടു മുതൽ വനാതിർത്തിയിൽ ആനകളുടെ നിലവിളിയും കൊമ്പുകോർക്കലും പരിസരവാസികൾ കേട്ടിരുന്നു. രാത്രിയോടെയാണ് ഇവ കലഹിച്ച് പുഴയിലേക്കിറങ്ങിയത്. ചരിഞ്ഞ ആനയുടെ വയറിനു താഴെ ഒട്ടേറെ കുത്തുകളേറ്റിട്ടുണ്ട്. രാത്രി വനപാലകർ സ്ഥലത്ത് കാവൽ ഏർപ്പെടുത്തി. ഇന്നലെ രാവിലെ ആനയുടെ ജഡം വനത്തിലേക്കു വലിച്ചുകയറ്റി കുഴിയെടുത്ത് സംസ്കരിച്ചു. മൈസൂരുവിൽ നിന്നെത്തിയ വനം സർജൻ ഡോ.വാസിം മിർസ പോസ്റ്റ്മാർട്ടം നടത്തി. വാഴയിൽ ഗ്രേറ്ററിന്റെ നേതൃത്വത്തിൽ പുൽപള്ളി ഓഫ് റോഡേഴ്സ് ടീമാണ് പുഴയിൽ കിടന്ന ആനയുടെ ജഡം വനത്തിനുള്ളിലേക്കു വലിച്ചുമാറ്റിയത്.
കൊലയാളി ആന വനപ്രദേശത്തുതന്നെയുണ്ടെന്ന് വനപാലകർ പറഞ്ഞു. ഈ ആനകളാണ് അതിർത്തി പ്രദേശത്ത് സ്ഥിരം ശല്യമുണ്ടാക്കുന്നത്. എടയാള എസിഎഫ് എ.വി.സതീഷ്, ഗുണ്ടറ റേഞ്ച് ഓഫിസർ അമൃതേഷ്, ഡപ്യുട്ടി റേഞ്ച് ഓഫിസർ കലിം പാഷ, ചെതലയം റേഞ്ച് ഓഫിസർ എം.കെ.രാജീവ്കുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ എ.നികേഷ്, അഷ്റഫ്, ഫോറസ്റ്റർമാരായ കെ.യു.മണികണ്ഠൻ, കെ.യു.സുരേന്ദ്രൻ, ടി.കെ.ബിജേഷ്, കെ.ഇ.സുന്ദരൻ, കെ.കെ.ഷിൽജു എന്നിവർ നേതൃത്വം നൽകി.