
മാത്തൂർ പാലം നിർമാണം: വേഗം പോരെന്ന് നാട്ടുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി∙ നിർമാണം നടക്കുന്ന മലങ്കര– താളൂർ റൂട്ടിൽ മാത്തൂർ പാലത്തിന്റെ നിർമാണം ഒച്ചിഴയും വേഗത്തിലെന്ന് നാട്ടുകാരുടെ പരാതി. പണി തുടങ്ങി രണ്ടര മാസം കഴിഞ്ഞിട്ടും സ്ലാബ് വാർക്കാനായില്ല. അപ്രോച്ച് റോഡ് ഇല്ലാത്തതിനാൽ പ്രധാന റോഡായിട്ടും വാഹനങ്ങൾക്ക് നേരിട്ട് ഇരുഭാഗത്തേക്കും പോകാൻ കഴിയാത്ത അവസ്ഥയാണ്. ബദൽ റോഡുകളായി നിർദേശിച്ചിട്ടുള്ള തവനി റോഡും പാലാക്കുനി റോഡും വാഹനങ്ങൾ നിറഞ്ഞോടി തകർന്നു തുടങ്ങിയിട്ടുണ്ട്. പണി വേഗത്തിലാക്കാൻ നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ബത്തേരി– താളൂർ റൂട്ടിൽ മലങ്കര മുതൽ താളൂർ വരെ 8.2 കിലോമീറ്റർ ദൂരത്തിലാണ് ആധുനിക റോഡ് നിർമാണം നടക്കുന്നത്. 10 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിൽ 1.25 മീറ്റർ നടപ്പാതയുമുണ്ട്. പണി തുടങ്ങി പാതിവഴിയിൽ നിലച്ചു പോയ പ്രവൃത്തികൾ കരാറുകാരനെ മാറ്റിയാണ് പുനരാരംഭിച്ചത്. അതിനായി നാട്ടുകാരുടെ നിരാഹാര സമരമടക്കം വേണ്ടി വന്നു.
ഇപ്പോൾ മലങ്കര മുതൽ കോളിയാടി വരെയും മാടക്കര മുതൽ താളൂർ വരെയും റോഡ് പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. കോളിയാടി കഴിഞ്ഞ് മാത്തൂർ പാലത്തിന്റെ പുനർനിർമാണം ആദ്യം പദ്ധതിയിൽ ഉൾപ്പെട്ടിരുന്നില്ല. 10 മീറ്റർ വീതിയിലുള്ള റോഡ് നിർമാണം പൂർത്തിയാകുമ്പോൾ 4 മീറ്റർ വീതിയിലുള്ള പാലം മാറ്റിയേ പറ്റൂ എന്നതിനാലാണ് കഴിഞ്ഞ ജനുവരി അവസാനം പാലം പുനർനിർമാണത്തിനായി പൊളിച്ചിട്ടത്. ഇരുചക്ര വാഹനമൊഴികെ മറ്റൊന്നിനു കടന്നു പോകാൻ കഴിയാത്ത വിധമാണ് പാലം നിർമാണം തുടങ്ങിയത്. ബദൽ റോഡുകളും തകർന്നു തുടങ്ങിയതോടെ പാലം പണി വേഗത്തിൽ പൂർത്തീകരിച്ചില്ലെങ്കിൽ ഗതാഗതം തന്നെ നിലയ്ക്കുമെന്ന ഭീഷണിയുണ്ടെന്ന് നാട്ടുകാർ പറയുന്നു. തൂണുകളുടെ നിർമാണം മാത്രമേ പൂർത്തിയായിട്ടുള്ളൂ. സ്ലാബ് വാർത്ത് ഗതാഗതം തുടങ്ങണമെങ്കിൽ ഇനിയും ഒരു മാസത്തിലധികം എടുത്തേക്കും.
പ്രതിഷേധിച്ചു
ബത്തേരി∙ മാത്തൂർ പാലത്തിന്റെ നിർമാണ പ്രവൃത്തികളിൽ മെല്ലെപ്പോക്ക് ആരോപിച്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ യോഗം ചേർന്നു. പണി വേഗത്തിലാക്കിയില്ലെങ്കിൽ സമരം തുടങ്ങുമെന്ന് അറിയിച്ചു. പ്രസിഡന്റ് പ്രദീപ് കുമാർ കോളിയാടി അധ്യക്ഷത വഹിച്ചു. അനുപ്രസാദ്, ഭാസ്കരൻ, രവീന്ദ്രൻ, മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.
സ്ലാബ് നിർമാണം ഉടൻ തുടങ്ങും
സ്ലാബ് നിർമാണം ഇന്നോ നാളെയോ ആരംഭിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. സ്ലാബ് പൂർത്തിയായാൽ ഒരു ഭാഗത്തു കൂടി ഭാര വാഹനങ്ങൾ ഒഴികെയുള്ളവ കടത്തിവിടാനാകും. മാത്തൂരിൽ നിലവിലുണ്ടായിരുന്നത് കലുങ്ക് മാതൃകയിലുള്ള ചെറിയ പാലമായിരുന്നെങ്കിൽ ഇപ്പോൾ നിർമിക്കുന്നത് വലിയ പാലമാണെന്നും പരമാവധി വേഗത്തിൽ തീർക്കുന്നതിന് വേണ്ട നടപടികളെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.