മലങ്കര ∙ കർഷകർക്ക് ഏറെ ഉപകാരപ്പെടേണ്ടിയിരുന്ന മലങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി മൂന്നര പതിറ്റാണ്ടായിട്ടും പൂർത്തീകരിക്കാൻ നടപടിയില്ല. 35 വർഷത്തിനിടെ 70 ലക്ഷം രൂപയോളം പൊടിച്ചിട്ടും പദ്ധതിക്കു ജീവൻ വച്ചില്ല. ഇടയ്ക്കു പദ്ധതി പുനരാരംഭിക്കുമെന്ന് പറഞ്ഞെങ്കിലും കർഷകരുടെ കാത്തിരിപ്പ് വൃഥാവിലായി.
കൃഷിയാവശ്യത്തിനായി ചെറുകിട ജലസേചന വകുപ്പ് ആവിഷ്കരിച്ച മലങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർണ പരാജയമാകാനും അട്ടിമറിക്കപ്പെടാനും കാരണം ഉദ്യോഗസ്ഥ അനാസ്ഥയാണെന്നാണ് ആരോപണം.
1990ൽ ആദ്യഘട്ടമായി 24 ലക്ഷം രൂപ അനുവദിച്ച് തുടങ്ങിയ പദ്ധതിയാണിത്.
വീണ്ടും ലക്ഷങ്ങൾ അനുവദിച്ചെങ്കിലും സമയബന്ധിതമായി പൂർത്തീകരിക്കാത്തതിനാൽ പൈപ്പുകളും മോട്ടറുകളും അടക്കം ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ തുരുമ്പെടുത്തു നശിച്ചു. പ്രദേശത്തെ 280 ഏക്കർ നെൽക്കൃഷിക്കും 150 ഏക്കർ കരഭൂമിയിലും വെള്ളം എത്തിക്കുന്നതിനും 650 കുടുംബങ്ങളുടെ ജലക്ഷാമം പരിഹരിക്കുന്നതിനുമാണു മലങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കു തുടക്കമിട്ടത്.
പദ്ധതിക്കായി മലങ്കര പുഴയുടെ കരയിൽ കെട്ടിടവും ടാങ്കും 2 ഭാഗത്തേക്കുള്ള കനാലും ഇലക്ട്രിക്കൽ വർക്കുകളും പൂർത്തിയാക്കി 100 എച്ച്പിയുടെ 3 മോട്ടറുകളും ഇറക്കിയിരുന്നു. വൈദ്യുതി ലഭ്യമാക്കുന്നതിനായി ട്രാൻസ്ഫോമർ ഇറക്കിയെങ്കിലും സ്ഥാപിക്കാത്തതിനാൽ വെള്ളം കയറി നശിച്ചു.
പിന്നീട് മറ്റൊരു ട്രാൻസ്ഫോമർ സ്ഥാപിച്ചെങ്കിലും അതും നശിച്ചു.ആദ്യം അനുവദിച്ച ലക്ഷങ്ങൾക്കു പുറമേ പദ്ധതി പൂർത്തീകരിക്കാൻ 7 വർഷം മുൻപ് 21 ലക്ഷം കൂടി അനുവദിച്ചെങ്കിലും പണി ആരംഭിക്കാനുള്ള നടപടിയുണ്ടായില്ല. പമ്പ് ഹൗസിലെ അനുബന്ധ ഉപകരണങ്ങൾ ഫിറ്റ് ചെയ്യും മുൻപ് തന്നെ മോട്ടറുകളുടെ ഗാരന്റി കാലാവധി കഴിഞ്ഞിരുന്നു.
ആവശ്യമായ ഫണ്ടും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടും പദ്ധതി എന്തുകൊണ്ട് പൂർത്തീകരിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരവാദപ്പെട്ടവർക്കു കൃത്യമായ മറുപടിയില്ല.
പണിതീരാത്ത പദ്ധതി പൂർത്തീകരിക്കാൻ സർക്കാർ 2 വർഷം മുൻപ് ഒന്നരക്കോടിയിലേറെ തുക വകയിരുത്തുകയും ഇതിന്റെ ഭാഗമായി വീണ്ടും എൻജിനീയർമാർ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. നിലവിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ സാധ്യമല്ലെന്നായിരുന്നു സംഘത്തിന്റെ കണ്ടെത്തൽ.
പുതിയ ഉപകരണങ്ങൾ വാങ്ങി കെട്ടിടം നിർമിച്ച് പദ്ധതി നടപ്പിലാക്കുന്നതിനായി 3.85 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാരിന് സമർപ്പിച്ചെങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

