കൽപറ്റ ∙ ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കാൻ ജനം ഒന്നിച്ചു കൈകോർത്തപ്പോൾ, പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തല എംഎൽഎ നയിക്കുന്ന ലഹരിവിരുദ്ധ പദയാത്ര– ലഹരിക്കെതിരെ സമൂഹ നടത്തം– ഒരു പ്രതിരോധ പടപ്പുറപ്പാടായി. രാഷ്ട്രീയ പ്രവർത്തകർ, കലാസാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, കലാകാരന്മാർ, യുവതീയുവാക്കൾ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർ എത്തിയതോടെ കൽപറ്റ നഗരം ആൾത്തിരക്കു കൊണ്ടു വീർപ്പുമുട്ടി. വൈകിട്ടു 4.45 ഓടെ കൽപറ്റ നഗരസഭാ ഓഫിസിനു മുൻവശത്തു നിന്നാണു നടത്തം ആരംഭിച്ചത്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
ലഹരി കേരളത്തിന്റെ പുതുതലമുറയെ തകർക്കുകയാണെന്നും ഇതു നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും നിലവിലെ സാഹചര്യത്തിൽ പൊതു ജനപ്രതിരോധം കൊണ്ടു മാത്രമേ ഇതു നിയന്ത്രിക്കാനാവൂയെന്നും അദ്ദേഹം പറഞ്ഞു. നടത്തം 5.30 ഓടെ സമ്മേളന നഗരിയായ പഴയ മാർക്കറ്റ് റോഡിന് സമീപമെത്തി. തുടർന്ന് 10 മിനിറ്റ് നീണ്ട
പ്രസംഗത്തിൽ രമേശ് ചെന്നിത്തല ലഹരിക്കെതിരെ പ്രതിരോധം തീർക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. രാജ്യത്തെ നയിക്കേണ്ട അടുത്ത തലമുറ ഈയാംപാറ്റകളെ പോലെ ലഹരിയിൽ വീണു നശിക്കുകയാണ്. അവരുടെ സർഗശേഷികൾ അകാലത്തിൽ ഇല്ലാതാകുന്നു.
വീടുകൾ കൊലക്കളങ്ങളായി മാറുന്നു.
ഓരോ കുട്ടിയുടെയും സ്കൂൾ ബാഗ് എല്ലാ ദിവസവും പരിശോധിക്കേണ്ട ഗതികേടിലാണ് മാതാപിതാക്കൾ. കുട്ടികൾ ഇരകൾ മാത്രമല്ല, ലഹരിവാഹകരുമാകുന്നു.
യുദ്ധസമാനമായ അന്തരീക്ഷമാണ് കേരളത്തിലെന്നും ഒറ്റക്കെട്ടായി ലഹരിക്കെതിരെ പോരാടണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.തുടർന്ന് അദ്ദേഹം ജാഥാംഗങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, സജീവ് ജോസഫ്, പാരമ്പര്യ നെൽകർഷകൻ ചെറുവയൽ രാമൻ, കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ.ജയലക്ഷ്മി, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, കെ.എൽ.പൗലോസ്, കെ.ഇ.വിനയൻ, പി.പി.ആലി, ടി.ജെ.
ഐസക്, ഡി.പി.രാജശേഖരൻ, സംഷാദ് മരക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്രതീക്ഷിത അതിഥികളായി സോണിയയും പ്രിയങ്കയും
കൽപറ്റ ∙ രമേശ് ചെന്നിത്തല എംഎൽഎ നയിച്ച വോക്ക് എഗൈൻസ്റ്റ് ഡ്രഗ്സ് പരിപാടിയിലേക്ക് അപ്രതീക്ഷിതമായി സോണിയയും പ്രിയങ്കയും എത്തി. ഇന്നലത്തെ പരിപാടികൾ പൂർത്തിയാക്കിയ ശേഷം ഹോട്ടലിലേക്കുള്ള മടക്കയാത്രയ്ക്കിടെ വൈകിട്ട് 5.45 ഓടെയാണ് ഇരുവരും സമ്മേളന നഗരിയിലേക്കെത്തിയത്.
കാർ നിർത്തിയ ശേഷം രമേശ് എവിടെയെന്ന് സോണിയ ഗാന്ധി അന്വേഷിച്ചു. ഇൗസമയം സ്റ്റേജിന്റെ ഒരു വശത്തായി നിൽക്കുകയായിരുന്നു രമേശ് ചെന്നിത്തല.
തുടർന്ന് അദ്ദേഹം കാറിന് അടുത്തേക്കെത്തി. ഇരുവരും പരിപാടിയെക്കുറിച്ച് അന്വേഷിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തതിനു ശേഷം മടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]