
അമ്പലവയൽ ∙ ഹോംസ്റ്റേ ബുക്കിങ് ചെയ്തെന്ന പേരിൽ ഒാൺലൈൻ വഴി പണം തട്ടുന്ന സംഘം സജീവമാകുന്നു. ഹോംസ്റ്റേ, റിസോർട്ടുകൾ എന്നിവ ബുക്ക് ചെയ്യാനായി ബന്ധപ്പെട്ട് പണം അക്കൗണ്ടിലേക്ക് അയച്ചതായി സ്ക്രീൻ ഷോട്ടും സന്ദേശങ്ങളുമെല്ലാം അയച്ച് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ അമ്പലവയൽ ഭാഗത്തെ രണ്ട് ഹോംസ്റ്റേകളിൽ ഈ വിധത്തിൽ തട്ടിപ്പ് നടന്നതിൽ ഒരു ഹോംസ്റ്റേ നടത്തിപ്പുകാരുടെ പണം നഷ്ടപ്പെട്ടു. ഹോംസ്റ്റേ ബുക്ക് ചെയ്യാനാണെന്ന് വിളിയോടെയാണ് തട്ടിപ്പുകളുടെ തുടക്കം. ഹോംസ്റ്റേയുടെ ചിത്രങ്ങളടക്കം നടത്തിപ്പുകാരോട് അയച്ചു കൊടുക്കാൻ ആവശ്യപ്പെടും.
ചിത്രങ്ങളെല്ലാം അവർ വാങ്ങിയ ശേഷം ഹോംസ്റ്റേ ഇഷ്ടപ്പെട്ടുവെന്നും ബുക്ക് ചെയ്യുകയാണെന്നും അറിയിക്കും. അഡ്വാൻസായി തുക അയയ്ക്കാമെന്ന് അറിയിച്ച് ആദ്യം ഒരു രൂപ അയച്ചതായി സ്ക്രീൻഷോട്ട് അയയ്ക്കും.
അതേ സമയം തന്നെ ഹോംസ്റ്റേ അധികൃതർക്ക് ഒരു രൂപ അക്കൗണ്ടിൽ വന്നതായി മൊബൈൽ സന്ദേശവും ലഭിക്കും.
ഇതോടെയാണ് തട്ടിപ്പ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നത്. ഒരു രൂപ ലഭിച്ചോയെന്ന ചോദ്യവുമായി തട്ടിപ്പുകാരുടെ വിളിയെത്തും ലഭിച്ചെന്ന മറുപടി ലഭിച്ചാൽ ബാക്കി തുക കൂടിയിടാമെന്ന് പറയുകയും കൂടുതൽ തുക അക്കൗണ്ടിൽ വന്നതായുള്ള സന്ദേശവും ഒപ്പം തട്ടിപ്പുകാർ തുകയുടെ സ്ക്രീൻഷോട്ടും അയയ്ക്കും.
ഹോംസ്റ്റേ അധികൃതർ പറഞ്ഞതിനേക്കാൾ കൂടുതൽ തുകയാകും തട്ടിപ്പുകാർ അയച്ചതായി കാണിക്കുക. അക്കൗണ്ടിൽ പണം വന്നതായുള്ള സന്ദേശവും സ്ക്രീൻഷോട്ടും വ്യാജമാണ്. അക്കൗണ്ടിൽ പണം എത്തുകയും ചെയ്യില്ല.
പിന്നീട് ഇവർ വിളിക്കുകയും കൂടുതൽ തുകയാണ് അയച്ചതെന്നും ബുക്കിങ് തുക കിഴിച്ച് ബാക്കിയോ പകുതിയോ തിരിച്ച് അയയ്ക്കാൻ ആവശ്യപ്പെടും. ഇത് തിരിച്ചയച്ചാൽ സ്വന്തം അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയും ചെയ്യും. ഏതെങ്കിലും വിനോദ സഞ്ചാര സംഘത്തിന് വേണ്ടി ഏജന്റുമാരോ ടാക്സി ഡ്രൈവർമാരോ ആണ് ഹോംസ്റ്റേ ബുക്ക് ചെയ്യുന്നതെന്ന് പറഞ്ഞാണ് തട്ടിപ്പുകാർ വിളിക്കുന്നത്.
വിനോദ സംഘത്തിനോട് കൂടുതൽ തുക വാങ്ങി ബാക്കി എടുക്കുന്നതിനാണ് കൂടിയ തുക അയയ്ക്കുന്നതെന്നും വിശ്വസിപ്പിച്ചാണ് ബാക്കി തുക അവർക്ക് ഇട്ട് കൊടുക്കാൻ ആവശ്യപ്പെടുന്നത്. തട്ടിപ്പാണെന്ന് മനസ്സിലാകാതെ തിരിച്ച് ഇട്ടുകൊടുക്കുന്നവർക്കാണ് പണം നഷ്ടപ്പെടുന്നത്.
ചൂണ്ട
രണ്ടുപേർക്ക് ; കൊത്തിയത് ഒരാൾ
അമ്പലവയലിൽ ഈ വിധത്തിൽ രണ്ട് ഹോംസ്റ്റേ നടത്തിപ്പുകാരെയാണ് തട്ടിപ്പുകാർ സമീപിച്ചത്. ഒരാൾക്ക് അക്കൗണ്ടിലെ പതിനയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടു.
സംശയം തോന്നിയ ഒരു നടത്തിപ്പുകാരൻ തട്ടിപ്പുകാർ ആവശ്യപ്പെട്ട പ്രകാരം തുക അയയ്ക്കാത്തതിനാൽ പണം നഷ്ടപ്പെടാതെ രക്ഷപ്പെട്ടു.
കുറച്ച് റൂം വേണമെന്ന് വിളിച്ച് 35000 രൂപ അഡ്വാൻസായി നൽകിയാണ് തട്ടിപ്പുകാർ ഒരു ഹോംസ്റ്റേ നടത്തിപ്പുകാരന്റെ പണം തട്ടിയത്. 35000 രൂപ ഗൂഗിൾ പേ അയച്ചതിന്റെ സന്ദേശവും സ്ക്രീൻഷോട്ടും അയച്ചതിന് പിന്നാലെ ആ തുകയിൽ ആദ്യം പതിനായിരം തിരിച്ചിടാൻ തട്ടിപ്പുകാർ പറഞ്ഞു.
അത് കൊടുത്തതിന് പിന്നാലെ നാലായിരം കൂടെ ഇടാൻ വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് സ്വന്തം അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെട്ടതായി ഹോംസ്റ്റേ നടത്തിപ്പുകാർക്ക് മനസ്സിലായതും തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതും.
ഈ വിധത്തിൽ അമ്പലവയൽ ഭാഗത്തെ മറ്റൊരു ഹോംസ്റ്റേയിൽ 2 ദിവസത്തേക്കായി റൂം ബുക്ക് ചെയ്തതായി തട്ടിപ്പുകാർ അറിയിച്ചു.
അതിന് പിന്നാലെ നൽകേണ്ട 6400 രൂപക്ക് പകരം 7000 രൂപ അയച്ചതായി വ്യാജ സന്ദേശവും സ്ക്രീൻഷോട്ടും നൽകി.
തുടർന്ന് തട്ടിപ്പുകാർ വിളിച്ച് 3000 രൂപ തിരിച്ചിടാൻ ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ നടത്തിപ്പുകാരൻ പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്നും തട്ടിപ്പാണെന്നും മനസ്സിലായത്.
അതുകൊണ്ട് പണം നഷ്ടപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. ഇതുപോലെ ഹോംസ്റ്റേ, റിസോർട്ട്, ഹോട്ടൽ അടക്കമുള്ളവയിലേക്ക് തട്ടിപ്പുകാരുടെ വിളിയെത്തുന്നതായിട്ടാണ് വിവരം. ഇവർ വിളിക്കുന്ന ഫോൺ നമ്പറിലടക്കം പിന്നീട് വിളിച്ചാൽ കിട്ടുകയില്ല.
ബുക്കിങ്ങിനായി നൽകുന്ന ആധാർ കാർഡ് അടക്കമുള്ള രേഖകളും വ്യാജമായതിനാൽ പണം നഷ്ടപ്പെട്ടവർ എന്ത് ചെയ്യുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]