
ചക്കയും മാങ്ങയും മൂത്തു; ഇനി കാട്ടാനകളുടെ തേർവാഴ്ച
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙ നാട്ടിൽ ചക്കയും മാങ്ങയും മൂത്തതോടെ കാട്ടാനകളുടെ കാടിറക്കവും പതിവാകുന്നു. ഇനി കുറച്ചുകാലം വനയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതാണു പതിവ്. എല്ലാവർഷവും ചക്കയും മാങ്ങയും മൂത്തുപഴുക്കുമ്പോൾ ആനകൾ നാട്ടിലിറങ്ങാറുണ്ട്. ചക്കയും മാങ്ങയും തീരുന്നതുവരെ ഈ ശല്യം നിലനിൽക്കും. പ്രതിരോധ സംവിധാനങ്ങളെയെല്ലാം തകർത്തെറിഞ്ഞാണ് ആനകൾ നാട്ടിലെത്തുന്നത്.വനത്താൽ ചുറ്റപ്പെട്ട പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളുടെ വനാതിർത്തികളിൽ കർഷകർ നേരത്തെ ചക്കയും മാങ്ങയും പറിച്ചുകളയാറുണ്ട്. ഇതു പതിവായതോടെ കാടിറങ്ങുന്ന ആനകൾ അവതേടി ദൂരെ സ്ഥലങ്ങളിലെത്തും.
മഴക്കാലമാകുന്നതോടെ വനയോര ഗ്രാമങ്ങൾ കാട്ടാനഭീതിയിലാകും. വീടുകളുടെ സമീപത്തുകൂടിയാണ് ആനകൾ മാവും പ്ലാവും തേടിയെത്തുന്നത്. ആനയുടെ സഞ്ചാരപഥത്തിലെ എല്ലാ കൃഷികളും ഈ യാത്രയ്ക്കിടെ തകർന്നടിയുന്നു. പാക്കം, ചേകാടി, കാപ്പിക്കുന്ന്, മരക്കടവ്, വേലിയമ്പം, മരകാവ്,ചീയമ്പം, ചെട്ടിപാമ്പ്ര, കൊളവള്ളി, ഇരുളം, ചുണ്ടക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആനശല്യം ആരംഭിച്ചിട്ടുണ്ട്.
തൂക്കുവേലി തകർത്താണ് വണ്ടിക്കടവിലും വരവൂർ മൂന്നുപാലം പാടത്തും ആനയെത്തുന്നത്. വേലിയിലേക്ക് മരം വീഴ്ത്തി വൈദ്യുതി പ്രവാഹമില്ലാതാക്കിയാണ് ആനകൾ കടക്കുന്നത്. പൂതാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന വ്യാപകമായ ശല്യമുണ്ടാക്കി. നേരം പുലർന്നിട്ടും നാട്ടിലൂടെ ചുറ്റിക്കറങ്ങി. പുലർച്ചെയുള്ള യാത്രയും പാൽ അളവുമെല്ലാം പ്രയാസത്തിലായി. കഴിഞ്ഞ ദിവസം പുൽപള്ളി കാപ്പിക്കുന്നിൽ വിലങ്ങിയിൽ മോഹനന്റെ വാഴക്കൃഷി കാട്ടാന വ്യാപകമായി നശിപ്പിച്ചു. മരക്കടവിൽ കൊയ്യാറായ പുഞ്ചക്കൃഷിയിലേക്കാണ് ആനയുടെ കടന്നുവരവ്. കർണാടക നാഗർഹൊള കടുവസങ്കേതത്തിൽ നിന്നു കബനിപ്പുഴ കടന്നാണ് മുടക്കമില്ലാതെ ആനകളെത്തുന്നത്.