കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാവുന്നു. 410 വീടുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയോടെ വിഭാവനം ചെയ്ത ടൗൺഷിപ്പിൽ ഒന്നാംഘട്ടത്തിൽ 178 വീടുകളാണു പൂർത്തിയായത്.
ജില്ലയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ സംവിധാനങ്ങളുടെയും ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനങ്ങളിലൂടെ നിർമാണം പുരോഗമിക്കുകയാണ്.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി എൽസ്റ്റൺ എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. ടൗൺഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകൾക്കു തണലൊരുങ്ങും.
വീടുകൾക്കു പുറമേ റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, മാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജീകരിക്കും.
പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവ ഒരുക്കും. മൾട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപ്പൺ എയർ തിയറ്റർ എന്നീ സൗകര്യങ്ങൾ കമ്യൂണിറ്റി സെന്ററിലുണ്ടാകും.
അതിജീവിതർക്ക് സുരക്ഷിത ഇടം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഭൂമി ഏറ്റെടുക്കൽ. 2025 മാർച്ച് 27നു മുഖ്യമന്ത്രി പിണറായി വിജയനാണു ടൗൺഷിപ്പിന് തറക്കല്ലിട്ടത്.
ടൗൺഷിപ്പിന്റെ ശേഷിച്ച നിർമാണം വേഗത്തിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ആദ്യഘട്ടത്തിൽ 178 കുടുംബങ്ങൾ
കൽപറ്റ ∙ ടൗൺഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റത്തിനായി, ഫേസ് ഒന്നിൽ ഉൾപ്പെട്ട
ഗുണഭോക്താക്കൾക്കായുള്ള നറുക്കെടുപ്പ് ഇന്നു രാവിലെ 11ന് മന്ത്രി ഒ.ആർ. കേളുവിന്റെ നേതൃത്വത്തിൽ മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ നടക്കും.
178 ഗുണഭോക്താക്കൾ പങ്കെടുക്കും. വിവിധ വകുപ്പുകളുടെ സേവനം ഉറപ്പാക്കാൻ അക്ഷയ കേന്ദ്രത്തിന്റെ 9 കൗണ്ടറുകൾ ഓഡിറ്റോറിയത്തിൽ സജ്ജീകരിക്കുമെന്ന് കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.
നറുക്കെടുപ്പിനെത്തുന്ന ഗുണഭോക്താക്കൾ ദുരന്തബാധിത സ്മാർട് കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ കൊണ്ടുവരണം. ടൗൺഷിപ്പിൽ വീട് നൽകുന്നവർക്ക് 7 സെന്റ് സ്ഥലത്തിന്റെ പട്ടയം, വൈദ്യുതി–കുടിവെള്ള കണക്ഷൻ എന്നിവ ഉറപ്പാക്കിയാണ് കൈമാറുന്നത്.
ആദ്യഘട്ടത്തിൽ കൈമാറുന്ന വീടുകളിലെ വൈദ്യുതി–കുടിവെള്ള കണക്ഷൻ കലക്ടറുടെ പേരിലാണ് അനുവദിക്കുക. ഈ കണക്ഷനുകളുടെ തുക ജില്ലാ ഭരണകൂടം അടയ്ക്കും.
ടൗൺഷിപ്പിൽ നിർമിക്കുന്ന 410 വീടുകളുടെയും പ്രവൃത്തി പൂർത്തീകരിക്കുന്ന മുറയ്ക്ക് ഗുണഭോക്താക്കളുടെ വ്യക്തിഗത പേരിലേക്ക് കണക്ഷൻ മാറ്റി സ്ഥാപിക്കാനുള്ള സാക്ഷ്യപത്രം കൈമാറും.
അവലോകന യോഗത്തിൽ എഡിഎം കെ.എസ്.അനിൽകുമാർ, സർവേ ഡപ്യൂട്ടി ഡയറക്ടർ ആർ.ബാബു, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ കെ.എസ്.നസിയ, ഫിനാൻസ് ഓഫിസർ ആർ.സാബു തുടങ്ങിയവർ പങ്കെടുത്തു.
യോഗം ഇന്ന്
കൽപറ്റ ∙ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനത്തിന്റെ സംഘാടക സമിതി രൂപീകരണം ഇന്നു രാവിലെ 10ന് മേപ്പാടി എംഎസ്എ ഓഡിറ്റോറിയത്തിൽ നടക്കും.
മന്ത്രി ഒ.ആർ.കേളു അധ്യക്ഷത വഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

