
പുൽപള്ളി ∙ വനമധ്യത്തിലെ ചേകാടി ഗവ.എൽപി സ്കൂളിൽ ഇന്നലെ ആനക്കുട്ടിയെത്തിയത് സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരം നേടി. ഇന്നലെ ഉച്ചയോടെയാണ് കൂട്ടംതെറ്റിയ 3 വയസ്സുള്ള കുട്ടിയാന സ്കൂൾ പരിസരത്തെത്തിയത്. അരമണിക്കൂറോളം സ്കൂൾ വരാന്തയിലും മുറ്റത്തും കറങ്ങിനടന്ന ആനക്കുട്ടിയെ വനപാലകരെത്തി വാഹനത്തിൽ കയറ്റികൊണ്ടുപോകുംവരെ കുട്ടികൾക്കും അധ്യാപകർക്കും കൗതുകവും ആകാംക്ഷയും നിറഞ്ഞ നിമിഷങ്ങളായിരുന്നു.
സ്കൂളിലെ അധ്യാപകരും ഓടിക്കൂടിയവരും ചിത്രീകരിച്ച വീഡിയോ മണിക്കൂറുകൾക്കുള്ളിൽ ഹിറ്റായി.
സ്കൂൾ വരാന്തയിൽ കിടന്ന കുട്ടികളുടെ ചെരിപ്പുകളും കമന്റുകളിൽ ഇടംപിടിച്ചു.നല്ല മഴയും തണുപ്പുള്ള സമയത്ത് പാദരക്ഷകൾ ക്ലാസ്മുറിക്കു പുറത്തിടാനുള്ളതല്ലെന്നും തണുപ്പേൽക്കാതിരിക്കാനുള്ള രക്ഷാകവചമാണെന്നും പലരും നിരീക്ഷിച്ചു. ഇതിനെ വിമർശിച്ചും കുറിപ്പുകളുണ്ടായി.എന്നാൽ രക്ഷിതാക്കളുമായി ആലോചിച്ചാണ് ചെരിപ്പുപുറത്തുവയ്ക്കാൻ തീരുമാനിച്ചതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.
പുതിയ ക്ലാസ് മുറികളിൽ മാത്രമാണ് ചെരിപ്പിടാതെ കുട്ടികൾ കയറുന്നത്. സ്കൂൾ പരിസരമപ്പാടെ ചെളിയാണ്.
ചെളിനിറഞ്ഞ ചെരിപ്പുകളുമായി അകത്തുകയറുന്നത് ക്ലാസ്മുറികളിലും ചെളിപടർന്ന് കുട്ടികൾ തെന്നിവീഴാനിടയാക്കും. ഇത് കണക്കിലെടുത്താണ് ചെരിപ്പ് ഒഴിവാക്കിയതെന്നും അധികൃതർ പറയുന്നു.
പുതിയ കെട്ടിടത്തിൽ മഴക്കാലത്ത് മാത്രമാണ് ഈ നിയന്ത്രണം. അതേസമയം പഴയ ക്ലാസ്മുറികളിൽ ചെരിപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
നൂറ് വർഷം തികഞ്ഞതിന്റെ ആഘോഷം അടുത്തിയിടെയാണ് സ്കൂളിൽ നടത്തിയത്.
പ്രദേശവാസിയായ ഒരാൾ സൗജന്യമായി നൽകിയ സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂളിന്റെ ചുറ്റുമതിൽ ഭാഗികമാണ്. തൊട്ടടുത്താണ് വനം. ഈ ഭാഗത്താണ് മതിൽ ഇല്ലാത്തത്.
എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച 50 ലക്ഷം രൂപയുപയോഗിച്ചാണ് ജൂബിലി സ്മാരകമായി 3 ക്ലാസ് മുറികൾ നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ശുചിമുറി ബ്ലോക്ക് നിർമിച്ചിട്ടുണ്ട്.
അവശേഷിക്കുന്ന ചുറ്റുമതിൽ ഉടൻ നിർമിക്കണമെന്നതാണ് മുഖ്യആവശ്യമായി അവശേഷിക്കുന്നത്.
കുഞ്ഞാനേ, സ്കൂളാണേ…
പുൽപള്ളി ∙ വിരുന്നുകാരനായി സ്കൂളിലെത്തിയ കാട്ടാനക്കുട്ടി വിദ്യാർഥികൾക്ക് കൗതുകക്കാഴ്ചയായി. ഇന്നലെ 12 മണിയോടെയാണ് സ്കൂളിനടുത്തുള്ള വനത്തിൽ നിന്ന് 3 മാസം പ്രായമുള്ള ആനക്കുട്ടി ചേകാടി ഗവ.എൽപി സ്കൂൾ മുറ്റത്തെത്തിയത്.
ആനക്കുട്ടിയെ കണ്ടു കുട്ടികൾ ചുറ്റും കൂടിയതോടെ അവരെയെല്ലാം ക്ലാസുകളിൽ കയറ്റി അധ്യാപകർ കതകടച്ചു. സ്കൂൾ വരാന്തയിൽ കയറി തലങ്ങും വിലങ്ങും നടന്ന ആനക്കുട്ടി അവിടെ കിടന്ന ചെരിപ്പുകൾ തട്ടിക്കളിച്ചു.
ഇടയ്ക്കു പുറത്തിറങ്ങി ക്ലാസ് മുറിക്കു സമീപത്തുണ്ടായിരുന്ന ബൈക്ക് തട്ടിമറിച്ചു.
വിവരമറിഞ്ഞതോടെ പല ഭാഗത്തുനിന്നും രക്ഷിതാക്കളും ഓടിയെത്തി. വനം വാച്ചർമാരെത്തി ആനക്കുട്ടിയെ സ്കൂൾ വളപ്പിൽനിന്നു പുറത്താക്കാൻ ശ്രമിച്ചെങ്കിലും പരിസരം വിടാൻ കുഞ്ഞാന തയാറായില്ല.
അര മണിക്കൂറിനു ശേഷം വനപാലകർ വാഹനവുമായെത്തി കുട്ടിയാനയെ പിടിച്ചുകയറ്റി വെട്ടത്തൂർ വനപ്രദേശത്ത് വിട്ടു. ഇന്നലെ കാലത്തു മുതൽ വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു ആനക്കുട്ടി.
ഒറ്റപ്പെട്ട
നിലയിൽ വെളുകൊല്ലിയിലെ കിടങ്ങിനടുത്തു കണ്ട ആനയെ തള്ളയാനയുടെ സമീപമെത്തിക്കാൻ ശ്രമിച്ചെങ്കിലും മറ്റാനകളെ കണ്ടെത്താനായില്ല. സ്കൂളിൽ നിന്ന് 500 മീറ്റർ അകലെയാണ് ചേകാടി വനപ്രദേശം.
സ്കൂൾ വളപ്പിന്റെ മൂന്നു ഭാഗത്തു മതിലുണ്ടെങ്കിലും വനത്തിനോടു ചേർന്ന ഭാഗത്തു മാത്രമില്ല. രാത്രി കാട്ടാനകൾ സ്കൂൾ പരിസരത്ത് ഏത്താറുണ്ടെങ്കിലും പകൽസമയം ആദ്യമാണെന്നു പ്രദേശവാസികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]