നടവയൽ ∙ മാനും മയിലും കൂട്ടത്തോടെയെത്തുന്ന കൃഷിയിടങ്ങളിൽ ചെള്ളുശല്യം രൂക്ഷം. വനഭൂമിയിൽ നിന്നിറങ്ങുന്ന മാൻ, മയിൽ, കാട്ടുപന്നി എന്നിവയുടെ ശരീരത്തിൽ കണ്ടുവരുന്ന ചെള്ളാണു കൃഷിയിടത്തിൽ നിന്ന് കർഷകരുടെയും തൊഴിലാളികളുടെയും വളർത്തുമൃഗങ്ങളുടെയും ശരീരത്തിൽ കയറിക്കൂടി അലർജി പോലുള്ള രോഗങ്ങളും ചെള്ളുപനിയും പടർത്തുന്നത്.
വനാതിർത്തിയോടു ചേർന്ന് മാനുകൾ കൂടുതലായി തമ്പടിക്കുന്ന റബർ തോട്ടങ്ങളിലാണ് ചെള്ളു വ്യാപകമായിട്ടുള്ളത്. കൃഷിയിടത്തിലേക്ക് കൂട്ടമായി ഇറങ്ങുന്ന മാനുകൾ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതിന് പുറമേ മാനുകളുടെ ശരീരത്തിൽ നിന്നുള്ള ചെള്ളുകളും പ്രശ്നക്കാരായതോടെ കർഷകരും തൊഴിലാളികളും ദുരിതത്തിലായിരിക്കുകയാണ്.
കൃഷിയിടങ്ങളിൽ നിന്ന് മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും ശരീര ഭാഗങ്ങളിൽ കയറിക്കൂടിയ ചെള്ളുകൾ കടിച്ചു നിന്നാലും പെട്ടെന്ന് തിരിച്ചറിയാൻ കഴിയാറില്ല.
ഇവ രക്തം കുടിച്ച് വളരുന്നതിനനുസരിച്ചു ദിവസങ്ങൾക്കുശേഷമാണ് തിരിച്ചറിയാനാവൂ. ചെള്ള് കടിച്ചു തൂങ്ങിയ ഭാഗത്ത് അസഹ്യമായ ചൊറിച്ചിലും വേദനയുമുണ്ടാകും.
ചെള്ളിനെ കടിയേറ്റ ഭാഗത്ത് നിന്നും നീക്കം ചെയ്യുക പ്രയാസകരമാണ്. മാൻ ചെള്ളിന്റെ കടിയേൽക്കുന്നവരിൽ ചിലർക്ക് പനിയും ശരീരഭാഗങ്ങളിൽ ചൊറിച്ചിൽ പോലുള്ള അലർജിയും അനുഭവപ്പെടാറുണ്ട്.
ചെള്ള് ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ചെള്ള് കടിക്കാതിരിക്കാൻ ലേപനങ്ങൾ പുരട്ടി പരീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായ മാറ്റം ഉണ്ടാകുന്നില്ലെന്ന് കർഷകർ പറയുന്നു.
നായ അടക്കമുള്ള വളർത്തുമൃഗങ്ങളിൽ കയറുന്ന ചെള്ളുകൾ ദിവസങ്ങൾക്കുള്ളിൽ ഇവയുടെ ശരീരത്തിൽ ആകമാനം നിറയുകയും നായ പിന്നീട് തീറ്റ എടുക്കാതെ ചെള്ള് പനി ബാധിച്ച് കിടപ്പിലാകുന്ന സ്ഥിതിയുമുണ്ട്.
കൃഷിയിടങ്ങളിൽ നിന്ന് റോഡുകളിലേക്ക് ചാടുന്ന മാനുകൾ പാലുമായി സൊസൈറ്റികളിലേക്ക് പോകുന്ന കർഷകർക്കും പത്രവിതരണക്കാർക്കും നടക്കാനിറങ്ങുന്നവർക്കും വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
നിനച്ചിരിക്കാതെ കൃഷിയിടത്തിൽ നിന്ന് റോഡിലേക്ക് ചാടിയ മാനുകൾക്ക് മുൻപിൽ നിന്ന് പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വനത്തിൽ നിന്ന് ഇറങ്ങുന്ന മാനുകൾ കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കാതിരിക്കാൻ കർഷകർ കൃഷിയിടത്തിനു ചുറ്റും ഗ്രീൻ നെറ്റും മറ്റും വലിച്ചുകെട്ടുന്നുണ്ടെങ്കിലും ഇത് നശിപ്പിച്ചും ചാടിക്കടന്നും കൃഷിയിടത്തിലെത്തി പച്ചക്കറി അടക്കമുള്ള കൃഷികൾ നശിപ്പിക്കുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

