പനമരം∙ ബീനാച്ചി – പനമരം റോഡിൽ നടവയൽ പള്ളിത്താഴെ മുതൽ പനമരം ടൗൺ വരെയുള്ള ഭാഗത്തെ പണി പൂർത്തീകരിക്കാത്തതിലും റോഡിന്റെ ശോച്യാവസ്ഥയിലും പ്രതിഷേധം ശക്തമാകുന്നു. കിഫ്ബിയിൽ ഉൾപ്പെടുത്തി കോടികൾ വകയിരുത്തി 2019 ൽ പ്രവൃത്തി ആരംഭിച്ച റോഡുപണി 6 വർഷം കഴിഞ്ഞും പൂർത്തീകരിക്കാതെ ഇഴയുന്നതിലും പണി പൂർത്തീകരിക്കാതെ ജനങ്ങളെ ദുരിതത്തിലാക്കുന്ന അധികൃതരുടെയും കരാറുകാരന്റെയും നടപടിയിലാണ് വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമാകുന്നത്.
നടവയൽ മുതൽ പനമരം ടൗൺ വരെയുള്ള ഭാഗത്തെ റോഡ് പണിയും ചെറിയ പുഴയ്ക്ക് കുറുകെയുള്ള ചെറിയ പാലത്തിന്റെയും പണി കരാർ കാലാവധി കഴിഞ്ഞിട്ടും പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ പനമരം, അഞ്ചുകുന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കിഫ്ബി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. നടവയൽ പള്ളിക്ക് സമീപം നടവയൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ റോഡിൽ ഞാർ നട്ട് പ്രതിഷേധിച്ചതിന് പിന്നാലെയാണ് മാർച്ചും ധർണയും നടത്തിയത്.
പണി പൂർത്തീകരിക്കാൻ നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിന്റെ രൂപം മാറുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. സമരം ഡിസിസി ജനറൽ സെക്രട്ടറി ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്തു.
പനമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബെന്നി അരിഞ്ചേർമല അധ്യക്ഷത വഹിച്ചു. അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ് ജോസ് നിലമ്പനാട്ട്, വാസു അമ്മാനി, സാബു നീർവാരം, ഇ.വി.സജി, ടോമി ചേന്നാട്ട്, ഷീമ മാനുവൽ, കെ.ഷിബു, ബീന സജി, വി.ബാബു, കെ.അനിൽ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

