പനമരം∙ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കടുവയെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം രാത്രി വൈകിയും തുടരുന്നു. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പടിക്കംവയലിൽ ജനവാസ മേഖലയിലെ കൃഷിയിടത്തിൽ രണ്ടുദിവസം മുൻപ് കണ്ടെത്തിയ കടുവയെ തുരത്താനുള്ള ശ്രമമാണ് തുടരുന്നത്.രാത്രി തന്നെ കടുവയെ പാതിരി സൗത്ത് സെക്ഷൻ വനത്തിലേക്ക് തുരത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വനപാലക സംഘം.
തിങ്കളാഴ്ച തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പടിക്കംവയലിലെ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്.എന്നാൽ ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ ഈ ഭാഗത്ത് കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
വനപാലകസംഘം പരിശോധന നടത്തുന്നതിനിടെ ഇവിടെ നിന്ന് 4 കിലോമീറ്ററകലെ മേച്ചേരി പുളിക്കൽ വയൽ ഭാഗത്ത് എരനെല്ലൂർ ശ്രീനിലയം ഹരിദാസിന്റെ കൃഷിയിടത്തിൽ ശ്രീജിത്ത് എന്നയാൾ പാട്ടത്തിനെടുത്ത വാഴത്തോട്ടത്തിൽ എത്തിയ തൊഴിലാളികളായ ബിജു, ഗിരീഷ് എന്നിവർ കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.
രാമൻ അടക്കമുള്ള ഒരു സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ പടിക്കംവയലിൽ കണ്ട കടുവയുടെ കാൽപാടുകൾ തന്നെയെന്ന് സ്ഥിരീകരിച്ചതോടെ ദൗത്യത്തിന് വഴിത്തിരിവായെങ്കിലും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല.
എന്നാൽ ഉച്ചയ്ക്ക് ഒരു മണിയോടെ മാധ്യമ പ്രവർത്തകനായ പ്രദീപ് കാൽപാടുകൾ കണ്ടെത്തിയ പുളിക്കൽ വയലിലെ വാഴത്തോട്ടത്തിനടുത്ത് കാടുപിടിച്ചു കിടക്കുന്ന തെങ്ങിൻ തോപ്പിൽ കടുവയെ കണ്ടു.
ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെ കടുവ കൃഷിയിടത്തിൽ കിടക്കുന്നതായി ആർആർടിയുടെ സംഘം കണ്ടെത്തിയതിന് പിന്നാലെ ഈ ഭാഗം എൺപതോളം വരുന്ന വനപാലക സംഘം പ്രദേശം വളഞ്ഞു നിരീക്ഷണം ആരംഭിച്ചു. വൈകിട്ട് 6.45ന് ആളുകളെ പൂർണമായും മാറ്റി ശ്രമം തുടങ്ങി.
ഇതിനിടെ മുത്തങ്ങയിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകളെയും കടുവയെ കാട് കയറ്റുന്നതിനായി സ്ഥലത്ത് എത്തിച്ചു. കടുവ ഭീതിയിലുള്ള പനമരം, കണിയാമ്പറ്റ പ്രദേശത്ത് നിരോധനാജ്ഞ തുടരുകയും കടുവയെ കണ്ട
മേച്ചേരി പുളിക്കൽ ഭാഗത്തെ കുടുംബങ്ങൾക്ക് വീട്ടിൽ തന്നെ തുടരാൻ നിർദേശം നൽകുകയും ചെയ്തതിന് പുറമേ മേച്ചേരി ചീക്കല്ലൂർ റോഡ് അടച്ചു ഗതാഗതം പൂർണമായും നിരോധിക്കുകയും ചെയ്തു.
വട്ടം ചുറ്റിച്ച് കിംവദന്തികൾ
ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി വനപാലക സംഘം തിരച്ചിൽ നടത്തുന്നതിനിടെ കടുവയെയും കടുവയുടെ കാൽപാടുകളും പലയിടങ്ങളിലായി കണ്ടതായി കിംവദന്തികൾ പരന്നത് വനം വകുപ്പിനെയും പൊലീസിനെയും വട്ടം ചുറ്റിച്ചു.
5 വയസ്സുള്ള ആൺ കടുവ ഡബ്ല്യു എൽ 112
പനമരം∙ പടിക്കംവയലിലെ ജനവാസ മേഖലയിൽ എത്തിയത് വയനാട് വന്യജീവി സങ്കേതത്തിലെ ഡബ്ല്യു എൽ 112 എന്ന 5 വയസ്സുള്ള ആൺ കടുവ. ഈ കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല.വനത്തിൽ നിന്ന് വന്ന വഴി തന്നെ പോകാനാണ് സൂചനയെന്നും വയലിൽ കണ്ട
കാൽപാടുകൾ പടിക്കംവയലിലേക്ക് എത്തിയതാകാമെന്നും ഇതുവഴി തന്നെ തിരിച്ചു പോകുന്നതിന്റെ ഭാഗമായാണ് ഇന്നലെ പുളിക്കൽ വയലിന്റെ സമീപമെത്തിയതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
തുരത്താൻ വൻ സന്നാഹം
ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ എത്തിയത് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ നോർത്ത് വയനാട് ഡി എഫ് ഒ.
സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ 5 ഫോറസ്റ്റ് സ്റ്റേഷനുകളിൽനിന്നും മാനന്തവാടി, കൽപറ്റ എന്നിവിടങ്ങളിലെ ആർആർടി സംഘം അടക്കം എൺപത്തഞ്ചോളം പേരും പനമരം കമ്പളക്കാട് സ്റ്റേഷനിലെ പൊലീസുകാരും അടങ്ങുന്ന വൻ സംഘം.
കടുവ മേച്ചേരി കുന്നിലേക്ക് കയറി
പനമരം∙ പുളിക്കൻ വയലിൽ നിന്ന് കടുവയെ തുരത്തുന്നതിനിടെ രാത്രി എട്ടരയോടെ കടുവ വനത്തിലേക്ക് പോകുന്നതിന് പകരം പനമരം ടൗണിനടുത്തുള്ള മേച്ചേരി കുന്നിലേക്ക് കയറിയതോടെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന നിർദേശവുമായി വനംവകുപ്പും പൊലീസും കടുവയുടെ പിന്നാലെയുണ്ട്.അതിനിടെ ജനവാസ മേഖലയിൽ ഇറങ്ങി രണ്ടുദിവസമായി ഭീതി പടർത്തുന്ന കടുവയെ മയക്കുവെടി വയ്ക്കുന്നതിന് ചീഫ് വൈഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കി.
കടുവ ഭീതി: വിദ്യാലയങ്ങൾക്ക് ഇന്ന് അവധി
പനമരം ∙പഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിൽ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം, അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ പഞ്ചായത്തിലെ 5,6,7,19,20 വാർഡുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
ആശയ കുഴപ്പത്തിലാക്കി സ്കൂൾ അവധി
ജനവാസ മേഖലയിൽ കടുവ ഇറങ്ങിയിട്ടുള്ളതിനാൽ പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലെ 10 വാർഡുകളിലെ അങ്കണവാടികളും മദ്രസകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചെന്ന വാർത്ത നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ആശയക്കുഴപ്പത്തിലാക്കി. പനമരം പഞ്ചായത്തിലെ 6, 7, 8 വാർഡുകളിലെ വിദ്യാർഥികൾ പഠിക്കുന്നത് മൂന്ന് പഞ്ചായത്തുകളുടെ അതിർത്തിയായ നടവയൽ ടൗണിലെ കണിയാമ്പറ്റ പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള സ്കൂളിലാണ്.
ഈ ഭാഗത്ത് അവധി നൽകിയില്ലെങ്കിലും ഇതിനടുത്ത പനമരം പഞ്ചായത്തിലെ വാർഡുകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ അവധി എന്നു പറഞ്ഞതും പനമരം പഞ്ചായത്തിലെ 5, 6, 7, 8 വാർഡുകളിലെ കുട്ടികൾക്ക് സ്കൂളിൽ പോകേണ്ടെന്നു കരുതി രക്ഷിതാക്കൾ കുട്ടികളെ വീട്ടിലിരുത്തുകയും എന്നാൽ രാവിലെ തന്നെ സ്കൂളിൽ നിന്ന് പരീക്ഷയ്ക്ക് എല്ലാവരും എത്തണമെന്ന അറിയിപ്പ് ലഭിക്കുകയും ചെയ്തതാണ് ആശയക്കുഴപ്പത്തിലാക്കിയത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

