
എൽസ്റ്റണിലെ തൊഴിലാളികൾക്കുള്ള ആനുകൂല്യ വിതരണം: നിയമ നടപടി വേഗത്തിലാക്കാൻ എജിക്ക് നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ ചൂരൽമല, മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു തൊഴിലാളികൾക്കുള്ള പിരിച്ചുവിടൽ ആനുകൂല്യം നൽകാനുള്ള നിയമ നടപടികൾ വേഗത്തിലാക്കാൻ അഡ്വക്കറ്റ് ജനറലിനു നിർദേശം. തിരുവനന്തപുരത്ത് മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ഒ.ആർ.കേളു എന്നിവരുടെ യോഗത്തിലാണു തീരുമാനം. കലക്ടർ ഡി.ആർ.മേഘശ്രീ ഓൺലൈനായി പങ്കെടുത്ത യോഗത്തിൽ തൊഴിൽ വകുപ്പ് അഡീഷനൽ ലേബർ കമ്മിഷണർ (ഐആർ) കെ.എം.സുനിലും പങ്കെടുത്തു.
5.98 കോടി രൂപ പല ഇനങ്ങളിലായി തൊഴിലാളികൾക്കു നൽകാനുണ്ടെന്നും ഇതിന്റെ റവന്യു റിക്കവറി നടക്കുകയാണെന്നും എജി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനു പുറമേ വേതനം, ഗ്രാറ്റുവിറ്റി തുടങ്ങിയവ ഉൾപ്പെടെയുള്ള വേതന കുടിശിക സംബന്ധിച്ച കണക്ക് ബന്ധപ്പെട്ട വകുപ്പ് ശേഖരിക്കുകയാണെന്നും കോടതിയെ അറിയിച്ചു.കെട്ടിവയ്ക്കാൻ പറഞ്ഞ തുക 2 ഘട്ടങ്ങളിലായി സർക്കാർ കോടതിയിൽ കെട്ടിവച്ചു.എന്നാൽ ഈ തുക എങ്ങനെ വിതരണം ചെയ്യണമെന്നു സംബന്ധിച്ച നിർദേശം കോടതിയിൽ നിന്ന് ഉണ്ടായിട്ടില്ല. തൊഴിലാളികൾക്കു ലഭിക്കേണ്ട ആനുകൂല്യം സർക്കാർ അടച്ച തുകയിൽ നിന്നു ലഭ്യമാക്കുന്നതു സംബന്ധിച്ച് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരാനാണു എജിക്ക് നൽകിയ നിർദേശം.
2015 ഫെബ്രുവരി മുതൽ 2024 ഡിസംബർ വരെയുള്ള പിഎഫ് കുടിശികയായ 2.74 കോടി രൂപയും അതിനു പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ നിർദേശിക്കുന്ന പിഴപ്പലിശയും തൊഴിലാളികൾക്ക് 2023-24, 2024-25 വർഷങ്ങളിലെ ബോണസ് ആയി മൊത്തം 4.44 ലക്ഷം രൂപയും 2022, 2023, 2024 വർഷങ്ങളിലെ വാർഷിക ലീവ് സറണ്ടർ ആനുകൂല്യമായി 14.21 ലക്ഷം രൂപയും 2019, 2023 വർഷങ്ങളിലെ ശമ്പള കുടിശിക 4.46 ലക്ഷം രൂപയും പ്രോവിഡന്റ് ഫണ്ടിൽ അധികമായി ഈടാക്കിയ 7.21 ലക്ഷം രൂപയും തൊഴിലാളികളുടെയും സൂപ്പർവൈസർമാരുടെയും 4 മാസത്തെ വേതന കുടിശിക 17.93 ലക്ഷം രൂപയും തൊഴിലാളികൾക്ക് 6 വർഷത്തെ വെതർ പ്രൊട്ടക്ടീവ് ആനുകൂല്യമായി നൽകാനുള്ള 3.25 ലക്ഷം രൂപയും ഡപ്യൂട്ടി ലേബർ കമ്മിഷണറുടെ ഉത്തരവിൽ ഉൾപ്പെട്ടതടക്കം 150 തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി തുക 2.35 കോടി രൂപയും കുടിശികയായ നഷ്ടപരിഹാര തുക 33.67 ലക്ഷം രൂപയും വിവിധ വകുപ്പുകളിലായി തൊഴിലാളികൾക്കു നൽകുമെന്നു തൊഴിൽ വകുപ്പ് അഡീഷനൽ ലേബർ കമ്മിഷണർ (ഐആർ) കെ.എം.സുനിലിന്റെ അധ്യക്ഷതയിൽ ജില്ലാ ലേബർ ഓഫിസിൽ ചേർന്ന യോഗത്തിൽ മാനേജ്മെന്റ് സമ്മതിച്ചിരുന്നു.