പുൽപള്ളി ∙ പകൽ ചൂടേറിയതോടെ വനമേഖലയും വരൾച്ചയിലേക്കു നീങ്ങുന്നു. ഇലകൊഴിയും കാടുകളിൽ കരിയിലകൾ നിറഞ്ഞു.
ചെറിയ തോടുകളും അരുവികളും വറ്റിതുടങ്ങി. കത്തുന്ന പകൽചൂട് താങ്ങാനാവാതെ വന്യമൃഗങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറുന്നു.
പുൽപള്ളി പ്രദേശത്തെ അതിരിടുന്ന തേക്കുതോട്ടങ്ങളിൽ കരിയിലകൾ വീണടിഞ്ഞതിനാൽ കാട്ടുതീ ഭീഷണിയുമുണ്ട്. തേക്കുതോട്ടമുള്ള സ്ഥലങ്ങളിൽ ചൂട് കൂടുന്നു.
സ്വാഭാവിക വനങ്ങളിൽ പച്ചപ്പ് നഷ്ടമായില്ലെങ്കിലും പകൽചൂട് അസഹ്യമായി.
ഇക്കൊല്ലം വരൾച്ചയേറുമെന്നാണ് സൂചനകൾ. വേനൽ ആരംഭത്തിൽതന്നെ ചൂടേറി.
വെയിലേറ്റ് ചെടികളുടെ ഇലകൾ കരിയുന്നു. കത്തുന്ന പകൽചൂട് കാട്ടുതീ ഭീഷണിയുമുയർത്തുന്നുണ്ട്.
ഡിസംബർ മുതൽ ഫയർ സീസൺ ആരംഭിക്കുമെങ്കിലും വനമേഖലയിൽ കാര്യമായ കാട്ടുതീ പ്രതിരോധ നടപടികൾ ആരംഭിച്ചില്ല. പൊതുജന സാന്നിധ്യമുള്ള സ്ഥലങ്ങളിലും പാതയോരങ്ങളിലും ഫയർലൈൻ തീർക്കുന്നതും കാവൽ ശക്തമാക്കുന്നതും പതിവാണ്.
വനത്തിലൂടെ സഞ്ചരിക്കുന്നവരും കാലികളെ മേയ്ക്കാൻ പോകുന്നവരുമാണ് വനത്തിൽ കാട്ടുതീയുടെ സാധ്യതയുണ്ടാക്കുന്നത്.
വനത്തിലെ പുൽമേടുകളും പച്ചപ്പും ഉണങ്ങി നശിക്കുന്നു. ജലാംശമുള്ള ചാലുകളിലും മറ്റും മാത്രമാണ് പുല്ലും ചെടികളും അവശേഷിക്കുന്നത്.
അതിർത്തി വനപ്രദേശങ്ങളും ചുട്ടുപൊള്ളുന്നു അവിടെനിന്ന് വന്യമൃഗങ്ങൾ പച്ചപ്പും കുളിർമയുമുള്ള ഭാഗങ്ങളിലേക്കു നീങ്ങുകയാണ്. നാഗർഹൊള, മുതുമല, ബന്ദിപ്പൂർ വനങ്ങളിൽനിന്ന് ആനകളും മറ്റു വന്യമൃഗങ്ങളും വയനാടൻ കാടുകളിലേക്കെത്തുന്നു.
കുട്ടിയാനകളടങ്ങുന്ന പല ആനക്കൂട്ടങ്ങളും വയനാടിന്റെ വിവിധ ഭാഗങ്ങളിലെത്തിയെന്ന് വനപാലകർ പറയുന്നു.വന്യമൃഗങ്ങളെ വനത്തിൽ തന്നെ നിലനിർത്താനും ഭക്ഷണവും വെള്ളവും ഉറപ്പാക്കാനും വനംവകുപ്പ് ശ്രമങ്ങൾ നടത്തുന്നുണ്ട്.
ഇതിനു സന്നദ്ധ സംഘടനകളുടെ സഹായവും തേടുന്നുണ്ട്. വനത്തിനുള്ളിലെ തോടുകളിൽ തടയണ നിർമാണം, ജലസംരക്ഷണം തുടങ്ങിയ പല പദ്ധതികളും വിവിധ സെക്ഷനുകളിൽ നടന്നുവരുന്നു.
വരും ദിവസങ്ങളിൽ കാട്ടുതീ പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

