കൽപറ്റ ∙ എൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ പ്രദേശത്ത് 10 ഏക്കർ ഭൂമി കൽപറ്റ ജനറൽ ആശുപത്രിക്ക് അനുവദിച്ച് ക്രിട്ടിക്കൽ കെയർ യൂണിറ്റ് ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ വികസന പദ്ധതികൾക്ക് അടിയന്തരമായി രൂപം നൽകണമെന്ന് കൽപറ്റ എംഎൽഎ ടി.സിദ്ദിഖ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോർജിനും നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ സാധാരണ ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമാണ് കൽപറ്റ ജനറൽ ആശുപത്രി. ദിവസേന ആയിരത്തിലധികം രോഗികൾ ചികിത്സയ്ക്കായി ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്.
വയനാട് ജില്ലയിൽ നിന്നു മാത്രമല്ല, അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങളും കൽപറ്റ ജനറൽ ആശുപത്രിയെയാണ് ചികിത്സയ്ക്ക് വേണ്ടി പ്രധാന ആശ്രയമായി കാണുന്നതെന്ന് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി.
തോട്ടം തൊഴിലാളികളും ഗോത്ര സമൂഹങ്ങളും ഉൾപ്പെടുന്ന വലിയൊരു ജനവിഭാഗത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ സമഗ്ര ആരോഗ്യ കേന്ദ്രം അനിവാര്യമാണെങ്കിലും നിലവിലുള്ള ആശുപത്രിയുടെ സ്ഥലപരിമിതി മൂലം നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. 2024 മാർച്ച് 5, 2024 ഡിസംബർ 27, 2025 ജൂൺ 24 എന്നീ തീയതികളിൽ ജില്ലാ കലക്ടറേറ്റിലും ജനറൽ ആശുപത്രിയിലും സ്ഥലം ലഭ്യമാക്കുന്നതിന് യോഗങ്ങൾ ചേർന്നിരുന്നു.
നിലവിൽ ആശുപത്രിയിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ് സ്ഥാപിക്കുന്നതിനായി പിഎം – ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ സ്കീമിൽ നിന്ന് 23.75 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും, സ്ഥല പരിമിതിയുടെ കാരണത്താൽ പദ്ധതി ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണ്.
സ്ഥലം ലഭ്യമാകാത്ത പക്ഷം ഈ ഫണ്ട് നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് പ്രദേശത്ത് നിന്നും 10 ഏക്കർ സ്ഥലം അനുവദിച്ചാൽ പുതിയ ആധുനിക ആശുപത്രി സമുച്ചയം സ്ഥാപിക്കാനാവും.
ഇതിലൂടെ പ്രതിദിനം മൂവായിരത്തോളം രോഗികൾക്ക് ചികിത്സ നൽകാൻ കഴിയും. ഇക്കാര്യം അടിയന്തരമായി പരിഗണിച്ച് വയനാട് ജില്ലയിലെ ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിന് അനുകൂലമായ തീരുമാനം സർക്കാർ കൈക്കൊള്ളണമെന്നും സിദ്ദിഖ് കത്തിൽ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

