മുട്ടിൽ ∙ അറിവിന്റെയും കൗതുകങ്ങളുടെയും ചെപ്പ് തുറന്ന് ജില്ലാ സ്കൂൾ ശാസ്ത്രോത്സവം മുട്ടിൽ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി. ഇന്നലെ ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, സാമൂഹികശാസ്ത്ര, ഐടി മേളകളാണ് നടന്നത്.
ക്യാംപസിൽ പ്രവർത്തിക്കുന്ന വൊക്കേഷനൽ ഹയർ സെക്കൻഡറി, ഹയർ സെക്കൻഡറി, ഹൈസ്കൂൾ, സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ, യുപി സ്കൂൾ എന്നിവിടങ്ങളിലായി ഒരുക്കിയ വേദികളിലായാണു മേള പുരോഗമിക്കുന്നത്.
വൈത്തിരി, ബത്തേരി, മാനന്തവാടി ഉപജില്ലകളിൽ നിന്നായി 1500 പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സമാപന ദിനമായ ഇന്ന് ശാസ്ത്ര, സാമൂഹികശാസ്ത്ര, ഐടി മേളകൾ നടക്കും.
വൈകിട്ടു 3ന് നടക്കുന്ന സമാപന സമ്മേളനം ഒ.ആർ.കേളു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യാതിഥിയാകും.
ശാസ്ത്രോത്സവം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ഗോവയിൽ നടന്ന ദേശീയ ബധിര ഫുട്ബോൾ ടൂർണമെന്റിൽ ചാംപ്യന്മാരായ കേരള ടീം അംഗം ഡബ്ല്യുഎംഒ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂൾ വിദ്യാർഥി ഷമ്മാസ് അലിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എം.മുഹമ്മദ് ബഷീർ, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി.മൻമോഹൻ, മാനന്തവാടി എഇഒ സുനിൽകുമാർ, ഹയർസെക്കൻഡറി കോഓർഡിനേറ്റർ ഷിവി കൃഷ്ണൻ, സ്ഥാപന മേധാവികളായ എൻ.യു.അൻവർ ഗൗസ്, ബിനുമോൾ ജോസ്, പി.ശ്രീജ, ശ്രീജിത്ത് വാകേരി എന്നിവർ പ്രസംഗിച്ചു.
ഗാസയിലെ കുഞ്ഞുങ്ങൾ പാവകളായി എത്തി
മുട്ടിൽ ∙ ഗാസയിലെ പിഞ്ചുകുട്ടികളുടെ ദയനീയാവസ്ഥ ശാസ്ത്രോത്സവത്തിലും വിഷയമായി.
മാതമംഗലം ജിഎച്ച്എസിലെ എം.ആർ. മാളവികയും തരിയോട് ജിഎച്ച്എസിലെ ജസനിയ മഹറിനുമാണ് എച്ച്എസ് വിഭാഗം തത്സമയ പാവ നിർമാണ മത്സരത്തിൽ ഗാസ പ്രമേയമാക്കിയത്.
ഗാസയിലെ ദുരിതമനുഭവിക്കുന്ന കുട്ടികളെ കുറിച്ച് 2 പാവകൾ തമ്മിൽ ചർച്ച ചെയ്യുകയും സങ്കടപ്പെടുകയും ചെയ്യുന്നതായിരുന്നു മാളവിക അവതരിപ്പിച്ചത്. ജസനിയ മഹറിൻ ബോട്ടിൽ പാവകളെയാണ് നിർമിച്ചത്.
കൂട്ടത്തിൽ വലിയൊരു പാവയും. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് എല്ലാവരുടെയും കണ്ണുതുറക്കാനാണ് പാവകൾ പറയുന്നത്.
ശാസ്ത്ര നാടകത്തിന് ഒരു ടീം മാത്രം
മുട്ടിൽ ∙ ആളും ആരവങ്ങളുമില്ലാതെ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിലെ ശാസ്ത്ര നാടക വേദി.
ശാസ്ത്രോത്സവത്തിലെ പ്രധാന ഇനങ്ങളിലൊന്നായ ശാസ്ത്ര നാടകത്തിൽ പങ്കെടുത്തത് ആകെ ഒരു ടീം മാത്രം. വൈത്തിരി ഉപജില്ലയിലെ വൈത്തിരി ഗവ.ഹയർസെക്കൻഡറി സ്കൂളാണ് ഇത്തവണ ശാസ്ത്രോത്സവത്തിൽ എച്ച്എസ് വിഭാഗത്തിൽ നാടകവുമായി എത്തിയത്.
മാനന്തവാടി, ബത്തേരി ഉപജില്ലകളിൽ നിന്നും ഒരു ടീം പോലും മത്സരത്തിനെത്തിയില്ല. നാടകം കാണാനെത്തിയവരുടെ എണ്ണവും കുറവായിരുന്നു.
‘സയൻസിലെ വനിതകൾ’ എന്ന വിഷയത്തെ ആസ്പദമാക്കി മേരി ക്യൂറി, റേച്ചൽ കാർസൺ, ജാനകി അമ്മാൾ എന്നിവരുടെ ജീവിതകഥ പറയുന്ന ‘മഗ്നോലിയ’ എന്ന നാടകമാണ് വൈത്തിരി സ്കൂളിലെ കുട്ടികൾ അരങ്ങിലെത്തിച്ചത്. പ്രകാശൻ കടമ്പൂരാണ് നാടകം സംവിധാനം ചെയ്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]