
കബനിയുടെ തീരത്ത് മഴയില്ല; ഒന്നും നടാനാകാതെ കർഷകർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
പുൽപള്ളി ∙ കബനിപ്പുഴയുടെ തീരപ്രദേശങ്ങളിൽ തുള്ളിമഴപോലും കിട്ടാതെ കർഷകർ വലയുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ ഒരുമാസം മുൻപുമുതൽ മഴപെയ്യുകയും കാർഷിക ജോലികൾ ആരംഭിക്കുകയും ചെയ്തിട്ടും ഇവിടെ ഒന്നും നടാനായിട്ടില്ല. മഴ കിട്ടുമെന്ന പ്രതീക്ഷയിൽ കൃഷിയിടങ്ങൾ വൃത്തിയാക്കുകയും നടീൽ സാമഗ്രികളൊരുക്കുകയും ചെയ്തവരേറെയാണ്.പുതുമഴ പെയ്താലുടൻ കിഴങ്ങുവിളകളാണ് ആദ്യം കൃഷിയിറക്കുക. കപ്പ, ചേന, കാച്ചിൽ, ചേമ്പ്, ഇഞ്ചി എന്നിവയാണ് കരസ്ഥലത്തു നടുന്നത്.
കപ്പ, കാച്ചിൽ എന്നിവ നടാൻ തടമെടുത്തെങ്കിലും വിത്ത് നടാനായില്ലെന്ന് കൃഗന്നൂരിലെ കർഷകൻ ചിന്നപ്പ ഗൗഡർ പറയുന്നു.കൃഗന്നൂർ, കബനിഗിരി, സീതാമൗണ്ട്, മരക്കടവ് ഗ്രാമങ്ങളിലാണ് തീരെ മഴയില്ലാത്തത്. ഈ പ്രദേശങ്ങളിൽ കുറെ വർഷങ്ങളായി മഴ കുറവെന്നാണ് കണക്കുകൾ. കർണാടക കാലാവസ്ഥ നേരിടുന്ന ഇവിടെ പകൽചൂട് ശക്തമാണ്. നിബിഡവനത്തിലെ മുളങ്കൂട്ടങ്ങൾ നാമാവശേഷമായതോടെ അതിർത്തിയിലെ കാലാവസ്ഥയും തകിടംമറിഞ്ഞു.പകൽ മുഴുവൻ ചൂടുകാറ്റു വീശുന്നു.കാലാവസ്ഥാ മാറ്റത്തോടെ കുരുമുളക് കൃഷി നാടുനീങ്ങി.
ഏക്കറുകണക്കിനു സ്ഥലത്ത് വളർന്ന കുരുമുളക് പാടേ ഇല്ലാതായി. ചെറുകിട കർഷകർക്ക് വീട്ടാവശ്യത്തിനുള്ള കുരുമുളക് പോലും കിട്ടാതായി.കബനി നിറഞ്ഞൊഴുകുമ്പോഴാണ് തീരത്തെ കർഷകർ ദുരിതക്കയത്തിൽ മുങ്ങുന്നത്. പുഴയിൽനിന്നു വെള്ളമെടുത്ത് ജലസേചനം നടത്താനുള്ള സൗകര്യങ്ങളില്ല.അതിർത്തി ഗ്രാമങ്ങളിലെ കാർഷിക പുരോഗതിക്ക് ജലസേചനം ഉറപ്പാക്കാമെന്നു വാഗ്ദാനംചെയ്ത ഭരണകർത്താക്കൾ ഇവിടെ കൃഷിയെ മാത്രം ആശ്രയിച്ചുകഴിയുന്നവരുടെ ദയനീയാവസ്ഥ കാണുന്നില്ലെന്ന് കർഷകർ പറയുന്നു.
കാവേരി ട്രൈബ്യൂണൽ വിധിയനുസരിച്ച് കേരളത്തിന് വിട്ടുതന്ന ജലവിഹിതം ഉപയോഗപ്പെടുത്താത്തതാണ് കൃഷിമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. കരിഞ്ഞുണങ്ങിയ കൃഷിയിടത്തിൽ കന്നുകാലികൾക്കാവശ്യമായ പച്ചപ്പുല്ലുപോലും കിട്ടാനില്ലെന്ന സ്ഥിതി. കളിമണ്ണു കലർന്ന കറുത്തമണ്ണ് വിണ്ടുകീറി കിടക്കുന്നു.