ഒരു വശത്ത് വനംവകുപ്പ് ഓഫിസ്. എതിർവശത്ത്, എഴുത്തു പൂർണമായി മാഞ്ഞുപോയ, തേപ്പ് അടർന്നു തുടങ്ങിയ ഒരു ശിലാഫലകം.
പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡിന്റെ മുഴുവൻ ദുരന്തകഥയും അതിനുള്ള കാരണവും ഈ ഒറ്റ ഫ്രെയിമിലുണ്ട്. 40 വർഷത്തിലധികമായി, ഒരു റോഡിനു വേണ്ടി ഈ നാട് കാത്തിരിപ്പു തുടങ്ങിയിട്ട്. അത്രയും നാളായി, അധികൃതർ ഈ നാട്ടുകാരെ പെരുവഴിയിൽ നിർത്തിയിട്ട്.
എല്ലാവർക്കും ഗുണമുള്ള റോഡ്. 30 വർഷം മുൻപ് പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ നിർവഹിച്ച റോഡ്.
കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയിലെ നാലാം വാർഡിൽ പൂഴിത്തോട് ഭാഗത്ത് 2.280 കിലോമീറ്ററും വയനാട് ജില്ലയിൽ പടിഞ്ഞാറത്തറ പഞ്ചായത്തിൽ കുറ്റ്യാംവയൽ പള്ളി വരെ 7.225 കിലോമീറ്ററും പൂർത്തിയാക്കുകയും ചെയ്ത റോഡ്.
കോഴിക്കോട് ജില്ലയിൽ പനക്കംകടവ് കവല മുതൽ താഴെ കരിങ്കണ്ണി വരെ 3.25 കിലോമീറ്റർ ദൂരത്തിൽ മൺറോഡും വയനാട്ടിൽ കുറ്റ്യാംവയൽ മുതൽ താണ്ടിയോട് പാലം വരെ 4 കിലോമീറ്റർ മെറ്റൽറോഡും പിന്നീട് നിർമിച്ചു.
കോഴിക്കോട് – വയനാട് റൂട്ടിൽ താമരശ്ശേരി ചുരത്തിൽ തുടർച്ചയായി വാഹനാപകടങ്ങളും മണ്ണിടിച്ചിലും രൂക്ഷമായ ഗതാഗതക്കുരുക്കും ദിവസേനെയെന്നോണം ആവർത്തിക്കുമ്പോഴാണു വലിയ കയറ്റമോ ഇറക്കമോ കൊടും വളവുകളോ ഇല്ലാത്ത, വലിയ പണച്ചെലവില്ലാതെ തന്നെ യാഥാർഥ്യമാക്കാവുന്ന ഒരു സംസ്ഥാന പാതയെ സാങ്കേതിക കാരണങ്ങളുടെ പേരിൽ അധികൃതർ ഫയലിൽ തന്നെ കെട്ടിയിടുന്നത്.
പാതയുടെ വഴിയിൽ
പൂഴിത്തോട് നിശ്ശബ്ദമായ ചെറിയ അങ്ങാടിയാണ്. പിക്കപ് ജീപ്പും രണ്ടു മൂന്നു കടകളും മാത്രം.
കള്ളുഷാപ്പിനു സമീപത്തു നിന്നാണു പടിഞ്ഞാറത്തറയിലേക്കുള്ള റോഡ് തുടങ്ങുന്നത്. വലിയ കയറ്റമൊന്നുമില്ലാത്ത ടാർ റോഡ് പനക്കാംകടവിലെത്തി നിൽക്കുന്നു.
2.280 കിലോമീറ്ററാണെന്ന്, പനക്കാംകടവിൽ മരാമത്തു വകുപ്പു സ്ഥാപിച്ച നീല ബോർഡ് വ്യക്തമാക്കുന്നു. ഇവിടെ നിന്നു മുകളിലേക്കു റോഡുണ്ട്.
പക്ഷേ, ടാർ ചെയ്തതല്ല. കരിങ്കല്ലും ഇടയ്ക്കു കോൺക്രീറ്റുമൊക്കെയുള്ള റോഡ്.
ചെറിയ കയറ്റങ്ങളുണ്ട്, വളവുകളും.
വഴിയിൽ, തകർന്നു കിടക്കുന്ന വീടുകൾ, കൃഷി ഭൂമി ഉപേക്ഷിച്ചു താഴ്വാരത്തേക്കു മടങ്ങിയ കർഷകരെ ഓർമിപ്പിക്കുന്നു. നൂറോളം കുടുംബങ്ങൾ ഈ മേഖലയിലെ വിവിധ കുന്നുകളിലായി താമസമുണ്ടായിരുന്നു.
ഇപ്പോൾ, ഒന്നോ രണ്ടോ പേരൊഴിച്ചുള്ളവരെല്ലാം ഇവിടം വിട്ടു താഴ്വരയിൽ താമസമാക്കി. തെങ്ങും കവുങ്ങും കൊക്കോയുമൊക്കെ വിളഞ്ഞു നിന്ന ഭൂമിയിൽ ഇപ്പോൾ അവയുടെയെല്ലാം പ്രേതങ്ങൾ മാത്രമാണു ബാക്കി.
144 പേർ, ഇവിടത്തെ ഭൂമി വനം വകുപ്പിനു കൈമാറാൻ താൽപര്യപത്രം നൽകിക്കഴിഞ്ഞു.
ഈ മേഖലയിൽ പന്നി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. അവരുടെ വാഹനങ്ങൾ മേലെ കരിങ്കണ്ണി വരെയെത്തുന്നുമുണ്ട്. പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിൽ, താഴെ കരിങ്കണ്ണി വരെ നിലവിലുള്ള റോഡിൽ ദുഷ്കരമായ കയറ്റമോ വളവോ ഇല്ല. ഇവിടെ നിന്നു വനാതിർത്തി വരെ പുല്ലും ചെറിയ കാടും വളർന്നു നിൽക്കുന്ന കാട്ടുവഴിയാണ്.
വലിയ കയറ്റമോ വളവുകളോ ഇല്ലെന്നും സുഖമായി നടന്നു പോകാവുന്ന വഴിയാണെന്നും നാട്ടുകാർ പറയുന്നു.
നിലവിലുള്ള റോഡിലെവളവും കയറ്റവും കുറയ്ക്കാവുന്ന തരത്തിൽ തന്നെ റോഡ് നിർമിക്കാവുന്നതാണെന്നു നാട്ടുകാർ പറയുന്നുമുണ്ട്. നേരത്തെ നിർദേശിച്ച പാതയ്ക്കു വേണ്ട
ഭൂമി ഇതിനകം നാട്ടുകാർ മരാമത്ത് വകുപ്പിനു സൗജന്യമായി കൈമാറിയിട്ടുണ്ട്. വളവും കയറ്റവും കുറച്ച് പാത നിർമിക്കുമ്പോൾ, കൂടുതൽ ഭൂമി ആവശ്യമായി വന്നാൽ സൗജന്യമായി നൽകാമെന്നു നാട്ടുകാർ ഉറപ്പു നൽകുകയും ചെയ്യുന്നു.
ദശാബ്ദങ്ങൾക്കു മുൻപ് 14 മീറ്ററിൽ റോഡ് വരുന്നുവെന്നു കേട്ടപ്പോൾ തന്നെ, അതിനു വേണ്ടി തെങ്ങും കവുങ്ങും മാവും പ്ലാവുമുൾപ്പെടെ മുറിച്ചു നീക്കിയവരാണീ നാട്ടുകാർ.
ഭൂമി നൽകിയിട്ടും റോഡ് എവിടെ?
ബാണാസുര സാഗർ അണക്കെട്ട് വന്നതോടെയാണു തരിയോട് ഗ്രാമത്തെപ്പോലെ ഈ നാട്ടുകാർക്കു പൂഴിത്തോടുമായുണ്ടായിരുന്ന യാത്രാബന്ധവും ഇല്ലാതായത്. കുറ്റ്യാംവയൽ അങ്ങാടിയിൽനിന്ന് കെഎസ്ഇബി നിർമിച്ച 4 കിലോമീറ്റർ മെറ്റൽ റോഡിലൂടെയാണു യാത്ര തുടങ്ങിയത്.
ഒരുകാലത്ത് സ്ഥിരമായി മനുഷ്യർ സഞ്ചരിച്ചിരുന്ന വഴിക്കു ചുറ്റിലും ഇന്നു കാടുവളർന്നിരിക്കുന്നു. അണക്കെട്ട് വന്നപ്പോൾ ഈ പ്രദേശത്തെ എസ്റ്റേറ്റുകൾ പൂട്ടിപ്പോയി.
പിന്നീട് തോട്ടങ്ങൾ നിക്ഷിപ്തവനഭൂമിയായി വനംവകുപ്പ് ഏറ്റെടുത്തു.
റോഡിന്റെ അരികിൽ ബാണാസുര ജലാശയം. കരയിൽ ഒട്ടേറെ റിസോർട്ടുകളുണ്ട്.
സർവേ നടപടികൾ നടക്കുന്നുണ്ടെന്നത് ഏറെ ആശാവഹമായ കാര്യമാണ്. എന്നാൽ, ഇതിന് തുടർച്ചയും വേഗതയുമുണ്ടാകുകയാണ് അത്യാവശ്യം– ജനകീയ കർമസമിതി കൺവീനർ കമൽ ജോസഫ് പറഞ്ഞു.
പ്രദേശവാസിയായ ബെന്നി മാണിക്കത്തിന്റെ ജീപ്പിലാണു കുറ്റ്യാംവയലിൽനിന്നുള്ള യാത്ര. ഇവിടെനിന്ന് എസ്റ്റേറ്റ് റോഡുകൾ വഴി കരിങ്കണ്ണി കടന്ന് പൂഴിത്തോട്ടേക്ക് എത്താം.
ഒരുകാലത്ത് പൂഴിത്തോട് മുതൽ കരിങ്കണ്ണി, താണ്ടിയോട് വരെയുള്ള എസ്റ്റേറ്റുകളിലെ തൊഴിലാളികളും കുടിയേറ്റ കർഷകരുമെല്ലാം ആശ്രയിച്ചിരുന്ന റോഡായിരുന്നു ഇത്.
വനംവകുപ്പ് ഏറ്റെടുത്തു വർഷങ്ങൾക്കുള്ളിൽ തോട്ടങ്ങൾ കാടുമൂടി. കാപ്പിച്ചെടികൾ സംരക്ഷണമില്ലാതെ നീണ്ടുവളർന്നുനിൽക്കുന്നതുകാണാം. പടിഞ്ഞാറത്തറയിൽനിന്നു റോഡ് നിർമാണം നടന്നപ്പോൾ റോഡ് വീതികൂട്ടാനായി 183 കുടുംബങ്ങളാണു സൗജന്യമായി ഭൂമി വിട്ടുകൊടുത്തത്. എന്റെ കൃഷിയിടമെല്ലാം റോഡ് നിർമാണത്തിനു വിട്ടുകൊടുത്തതാണ്.
വർഷങ്ങൾ കഴിഞ്ഞുപോയതല്ലാതെ റോഡ് വന്നില്ല– കർമസമിതി അംഗമായ ഒ.ജെ.
ജോൺസൺ പറഞ്ഞു. താണ്ടിയോട് പാലത്തിനടുത്തുനിന്ന് താഴെ കരിങ്കണ്ണി വരെ എസ്റ്റേറ്റ് റോഡുണ്ട്.
താണ്ടിയോട് പാലത്തിനടുത്തുവരെയേ ഇപ്പോൾ ജീപ്പ് പോകൂ. ബാക്കിയുള്ള വഴി കാൽനടയാത്രയാണ്. ഇവിടെനിന്ന് ഒരുകിലോമീറ്റർ ദൂരം കാപ്പി–കുരുമുളക് തോട്ടങ്ങളാണ്.
താന്നിപ്പാറ തോട് കടന്നാൽ ഭാഗ്യലക്ഷ്മി എസ്റ്റേറ്റായി. ഇവിടെയെല്ലാം റോഡിനായി കെഎസ്ഇബി നാട്ടിയ കരിങ്കൽക്കുറ്റികൾ തെളിഞ്ഞുനിൽപ്പുണ്ട്.
വട്ടം എസ്റ്റേറ്റ്, കെഎസ്ഇബി കൺട്രോൾ സ്റ്റേഷൻ വരെ തോട്ടംറോഡുണ്ട്.
മേലെ കരിങ്കണ്ണിയിൽ പഴയ എസ്റ്റേറ്റ് പാടികൾ ഇടിഞ്ഞുപൊളിഞ്ഞു നിൽക്കുന്നു. 2015വരെ ആദിവാസി കുടുംബങ്ങൾ താമസിച്ചിരുന്ന സ്ഥലമാണ്.
ലേബർ ഷെഡായിരുന്നു അക്കാലത്തെ പോളിങ് സ്റ്റേഷൻ. ഇപ്പോൾ ഇവരെയെല്ലാം കാവുമന്ദത്തേക്കു പുനരധിവസിപ്പിച്ചിരിക്കുകയാണ്. ഒരുകാലത്തെ സജീവ മനുഷ്യസാന്നിധ്യത്തിന്റെ പ്രതീകണമെന്നോണം വഴിയിലെല്ലാം പേരയും നെല്ലിയും പൂച്ചെടികളും.
വനംവകുപ്പിന് ഇരട്ടി ഭൂമി
റോഡിനു വേണ്ടി 52 ഏക്കർ വനഭൂമി വിട്ടുകൊടുത്താൽ, പകരം അതിന്റെ ഇരട്ടി ഭൂമിയാണു വനവൽക്കരണത്തിനു വനംവകുപ്പ് ആവശ്യപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ നിന്ന് 5.560 ഹെക്ടറും വയനാട് ജില്ലയിലെ തരിയോട്, പടിഞ്ഞാറത്തറ വില്ലേജുകളിൽ നിന്ന് സൗജന്യമായും അന്നത്തെ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണ സമിതി വിലക്കെടുത്തതുമുൾപ്പെടെ 20.77 ഹെക്ടർ (49.421 ഏക്കർ) ഭൂമി ഇതിനകം വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.
പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ് – പഴയ രൂപരേഖ
∙ ആകെ 27.225 കിലോമീറ്റർ.
8.885 കി. മീറ്റർ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ പഞ്ചായത്തിൽ.
18.340 കി. മീറ്റർ വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പഞ്ചായത്തിൽ. ∙12.940 കി.
മീറ്റർ ഭാഗം വരുന്നതു നിക്ഷിപ്ത വനഭൂമിയിൽ. ∙ 1994 ൽ നിർമാണം തുടങ്ങി. ∙ 1985 മുതൽ തന്നെ റോഡിനു ശ്രമം തുടങ്ങിയിരുന്നു.1990-91 ൽ ആരംഭിച്ച ഇൻവെസ്റ്റിഗേഷൻ 1992 ൽ പൂർത്തിയാക്കി.
∙ 1993 ഫെബ്രുവരിയിൽ വടകര ആസ്ഥാനമായി ഡിവിഷൻ ഓഫിസ് തുടങ്ങി. ∙1994 സെപ്റ്റംബറിൽ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ പടിഞ്ഞാറത്തറയിൽ റോഡിന്റെ ശിലാസ്ഥാപനം നടത്തി ∙1994-95 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപ റോഡിനായി ബജറ്റിൽ വകകൊള്ളിച്ചിരുന്നു.
∙ 2 ഭാഗത്തുമായി 12 കിലോമീറ്റർ പണി പൂർത്തിയായി. 10 കോടി രൂപയോളം രൂപ ചെലവഴിച്ചു.
∙ പിന്നീട്, 8 കിലോമീറ്റർ ദൂരം വനപ്രദേശമാണെന്നും അവിടെ റോഡ് നിർമ്മാണം സാധ്യമാകില്ലെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശമുണ്ടെന്നും പറഞ്ഞു നിർമാണം നിർത്തവയ്ക്കുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]