
വയനാട് ജില്ലയിൽ ഇന്ന് (15-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്നും നാളെയും റെഡ് അലർട്ട്
കൽപറ്റ ∙ ജില്ലയിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ജില്ലയിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് മദ്രസകൾക്കും ട്യൂഷൻ സെന്ററുകൾക്കും സ്പെഷൽ ക്ലാസുകൾക്കും കലക്ടർ ഡി.ആർ.മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളജുകൾക്കും അവധി ബാധകമല്ല. ജില്ലയിൽ റെഡ്സോണിനോട് ചേർന്ന പ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. ക്വാറികളുടെ പ്രവർത്തനവും യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തിയും നിർത്തിവച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടം നിരീക്ഷണം ശക്തമാക്കി. ഇന്നലെ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ മഴ ശക്തമായിരുന്നു. ഇതേത്തുടർന്നു പുന്നപ്പുഴയിൽ ജലനിരപ്പ് ഉയർന്നു.
ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിങ് 24ന്
കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡ് വിഭജന കരട് നിർദേശങ്ങളിൽ ഡീലിമിറ്റേഷൻ കമ്മിഷൻ 24 ന് ഹിയറിങ് നടത്തും. സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഡ് വിഭജന കരട് നിർദേശങ്ങൾ സംബന്ധിച്ച് 21 മുതൽ ഡീലിമിറ്റേഷൻ കമ്മിഷൻ ഹിയറിങ് നടത്തും. ജില്ലയിൽ നിന്നു ലഭിച്ച 31 പരാതികളാണ് കമ്മിഷൻ നേരിൽ കേൾക്കുക. 24 ന് രാവിലെ 9 മുതൽ കോഴിക്കോട് ഗവ.ഗെസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കമ്മിഷൻ പരാതികൾ കേൾക്കും. അന്നു കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ പരാതിക്കാർക്കും ഹിയറിങ് നടക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളെ 3 മേഖലകളായി തിരിച്ചാണ് ഹിയറിങ് നടത്തുക.
അധ്യാപക നിയമനം
മാനന്തവാടി ∙ തൃശ്ശിലേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി സീനിയർ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന് നടക്കും.
മാനന്തവാടി ∙ ജിഎൽപിഎസ് പയിങ്ങാട്ടിരിയിൽ എൽപിഎസ്ടി ഒഴിവുണ്ട്. കൂടിക്കാഴ്ച 20ന് രാവിലെ 10ന് നടക്കും.
ഫാർമസിസ്റ്റ്
വാളാട് ∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 18 നു ഉച്ച കഴിഞ്ഞ് 2.30ന് തവിഞ്ഞാൽ പഞ്ചായത്ത് ഓഫിസിൽ. 04935 266586.
ജോബ് സ്റ്റേഷൻ ഉദ്ഘാടനം നാളെ
മാനന്തവാടി ∙ പ്രാദേശികമായി തൊഴിൽ സാധ്യതകൾ കണ്ടെത്തി തൊഴിൽ വൈദഗ്ധ്യം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിക്കുന്ന ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് മന്ത്രി ഒ.ആർ.കേളു നിർവഹിക്കും. തൊഴിൽരഹിതർ, അഭ്യസ്തവിദ്യർ, ജീവനക്കാരെ ആവശ്യമുള്ള സ്ഥാപനങ്ങൾ, സംരംഭകർ എന്നിവർക്ക് ജോബ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യാം. അസാപ്, മറ്റ് പ്രഫഷനൽ ഏജൻസികൾ എന്നിവരാണ് പരിശീലകർ. പരിശീലനം പൂർത്തിയാക്കുന്നതോടെ സംരംഭകരുടെ ആവശ്യപ്രകാരം ജീവനക്കാരെ നൽകാൻ കഴിയും. ഐടിഐ, പോളിടെക്നിക്, കോളജ് വിദ്യാർഥികൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള തൊഴിലും നൈപുണി പരിശീലനവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായാണ് ജോബ് സ്റ്റേഷൻ സ്ഥാപിക്കുന്നത്.