പനമരം∙ നീർവാരത്ത് കൊയ്തു മെതിച്ച് മൂടിവച്ച നെല്ല് വീണ്ടും കാട്ടാനക്കൂട്ടം തിന്നുനശിപ്പിച്ചു. ചന്ദനക്കൊല്ലി വെട്ടുപാറപ്പുറത്ത് ലക്ഷ്മണൻ, ശ്രീജിത്ത് എന്നിവരുടെ വയലിൽ യന്ത്രം ഉപയോഗിച്ച് കൊയ്തു മെതിച്ച് ടാർപോളിൻ ഷീറ്റ് ഉപയോഗിച്ച് മൂടിവച്ച ഒരേക്കർ സ്ഥലത്തെ നെല്ലും കൊയ്യാൻ ബാക്കി വച്ച ഗന്ധകശാല നെല്ലുമാണ് കാട്ടാനക്കൂട്ടം തിന്നും ചവിട്ടിയും നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയോടെ കൊയ്ത്തുമെതി യന്ത്രം ഉപയോഗിച്ച് കൊയ്തുമെതിച്ച നെല്ല് വയലിൽ തന്നെ ടാർപോളിൻ ഷീറ്റിട്ട് മൂടിവച്ചിരുന്നു.
ഇന്നലെ പകൽ ബാക്കികൂടി കൊയ്ത ശേഷം ട്രാക്ടർ വിളിച്ച് വീട്ടിലേക്ക് കയറ്റിക്കൊണ്ടുപോകുന്നതിനായിരുന്നു തീരുമാനം. കർഷകരും തൊഴിലാളികളും വീട്ടിലേക്ക് പോയ ശേഷം രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം ടാർപോളിൻ ഷീറ്റ് കുത്തിക്കീറി നശിപ്പിച്ചാണ് നെല്ല് അകത്താക്കിയത്.
പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനക്കൂട്ടമാണ് ജനവാസ മേഖലയായ ചന്ദനക്കൊല്ലി ഊരിനോട് ചേർന്ന പാടശേഖരത്തിൽ എത്തിയത്.
കർഷകർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ നഷ്ടപരിഹാരം ഉടനടി നൽകാമെന്ന് ഉറപ്പു നൽകി. കഴിഞ്ഞ 10 ന് രാത്രി ഇതിനു സമീപത്തെ കല്ലുവയലിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ടതും ഉണക്കിക്കൂട്ടിയതുമായ 15 ക്വിന്റലോളം നെല്ല് കാട്ടാന തിന്നുതീർത്തതിന് പുറമേ ഉണക്കിയെടുക്കാൻ നിരത്തിയിട്ട
നെല്ലിന് മുകളിൽ കാട്ടാന പിണ്ഡമിട്ടും മൂത്രമൊഴിച്ചും ഉപയോഗശൂന്യമാക്കിയിരുന്നു. അന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരെ നാട്ടുകാർ തടഞ്ഞുവച്ച് നടപടി വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ വാച്ചർമാരെയും ഫോറസ്റ്റ് ഓഫിസർമാരെയും രാത്രി കാവലിനും മറ്റുമായി നിയമിച്ച് നിരീക്ഷണം ശക്തമാക്കുമെന്ന് രേഖാമൂലം ഉറപ്പു നൽകിയെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി നീർവാരം മേഖലയിൽ കാട്ടാനശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.
തൊഴിലാളി ക്ഷാമവും കൊയ്ത്തുമെതി യന്ത്രം എത്താത്തതിനാലും പല കർഷകരുടെയും കൊയ്ത്ത് ആരംഭിക്കാത്ത അവസ്ഥയുള്ളതിനാൽ പ്രദേശത്തെ കാട്ടാന ഇറങ്ങുന്ന കടവുകളിൽ കാവൽ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

