അമ്പലവയൽ ∙ വിനോദ സഞ്ചാരികൾ ഒഴുകിയെത്തി. ഒപ്പം മാലിന്യങ്ങളും നിറഞ്ഞു.
ജില്ലയിൽ അവധിക്കാലവും സീസണുമായതോടെ വിനോദ സഞ്ചാരത്തിന് എത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയതോടൊപ്പം എല്ലാ ഭാഗങ്ങളിലും വലിച്ചെറിയുന്ന മാലിന്യങ്ങളും നിറഞ്ഞു. റോഡരികുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പരിസരത്തുമെല്ലാം പ്ലാസ്റ്റിക് മുതൽ ഭക്ഷണാവശിഷ്ടം വരെയുള്ളവ നിറയുകയാണ്.
ഡിസംബർ പകുതി മുതൽ അവധിക്കാലം ആരംഭിച്ചപ്പോൾ പുതുവർഷമടക്കം ആഘോഷിക്കാനാണ് ജില്ലയിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തിയത്. വാഹനങ്ങളിൽ നിന്നും ഭക്ഷണ കഴിക്കുന്ന സ്ഥലങ്ങളിലുമെല്ലാം മാലിന്യങ്ങൾ നിയന്ത്രണമില്ലാതെ വലിച്ചെറിയുന്നതാണ് പ്രതിസന്ധി.
ഭക്ഷണം കഴിക്കും മാലിന്യം തള്ളും
ടൂറിസ്റ്റ് ബസുകളിലും വാഹനങ്ങളിലുമെത്തുന്ന സംഘങ്ങൾ റോഡരികിലും സൗകര്യമുള്ള സ്ഥലങ്ങളിലെല്ലാമിരുന്നാണ് ഭക്ഷണം കഴിക്കാറുള്ളത്.
ഭക്ഷണം കൊണ്ടുവരുന്നവർ കഴിക്കാനുപയോഗിക്കുന്നവയും വെള്ളംകുടിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ അടക്കം അവിടെ തന്നെ വലിച്ചെറിയുന്നതാണ് പ്രധാന പ്രശ്നം. കാരാപ്പുഴ ഡാമിലേക്കും അമ്പലവയലിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും പോകുന്ന റോഡിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങൾ ആഴ്ചകൾ കൊണ്ട് വർധിച്ചിട്ടുണ്ട്.
ഡാമിന്റെ പരിസരം മുതൽ അമ്പലവയൽ, കാക്കവയൽ ഭാഗത്തേക്കുള്ള റോഡിലെ സൗകര്യമുള്ള സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ നിർത്തി ഭക്ഷണം കഴിച്ച മാലിന്യം തള്ളിയിട്ടുണ്ട്. റോഡിന്റെ ഇരുഭാഗങ്ങളിലും വലിച്ചെറിയുന്ന കുപ്പികൾ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും ഏറെയാണ്.
കാരാപ്പുഴ ഡാമിന്റെ പാർക്കിങ് ഏരിയ പരിസരങ്ങളുമെല്ലാം മാലിന്യം നിറഞ്ഞ അവസ്ഥയാണ്. ദേശീയ പാതയിൽ ലക്കിടി മുതൽ മുത്തങ്ങ വരെയുള്ള റോഡിന്റെ അരികിലെ സൗകര്യമുള്ള ഇടങ്ങളിലെല്ലാം ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും കൂടിയിട്ടുണ്ട്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പരിസരങ്ങളിലും റോഡുകളിലുമെല്ലാം സമാനമായ അവസ്ഥയാണ്.
തടയാൻ നടപടിയില്ല
വിനോദ സഞ്ചാരത്തിനും മറ്റുമായെത്തുന്നവർ മാലിന്യങ്ങൾ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതു തടയാൻ നടപടികളില്ല.
നിയന്ത്രണങ്ങളില്ലാത്തതിനാൽ യഥേഷ്ടം മാലിന്യം തള്ളുകയാണ്. അമ്പലവയൽ ഉൾപ്പെടെയുള്ള ചില പഞ്ചായത്തുകൾ മാലിന്യം തള്ളുന്നതിനെതിരെ മുൻപ് കർശന നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ഇപ്പോൾ കാര്യമായ നടപടികളില്ല. മാലിന്യം തള്ളുന്നതിന്റെ ചിത്രം പകർത്തി നൽകിയാൽ പാരിതോഷികവും കുറ്റം ചെയ്യുന്നവർക്ക് പിഴയും ഈടാക്കിയിരുന്നെങ്കിലും അതൊന്നും ഇപ്പോഴില്ല.
ഇത്തരത്തിൽ ശക്തമായ നടപടിയില്ലെങ്കിൽ മാലിന്യം തള്ളൽ വർധിക്കുമെന്നാണ് ടൂറിസം മേഖലയോട് ചേർന്ന് താമസിക്കുന്നവർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

