അമ്പലവയൽ ∙ ഏഴു ദിവസത്തിനുള്ളിൽ ജില്ലയിലെത്തിയത് ഇരുപത്തിയെഴായിരത്തോളം വിനോദ സഞ്ചാരികൾ. ഒാണാവധി കാലത്തെ ആദ്യത്തെ ഏഴ് ദിവസങ്ങളിലാണ് ഇത്രയും സഞ്ചാരികൾ ജില്ലയിലെത്തിയത്.
ഡിടിപിസിയുടെ എട്ട് കേന്ദ്രങ്ങളിലെ കണക്കുകൾ മാത്രമാണിത്. പതിനഞ്ച് ലക്ഷത്തോളം ഈ കേന്ദ്രങ്ങളിൽ നിന്ന് ടിക്കറ്റ് വരുമാനമായി ലഭിക്കുകയും ചെയ്തു.
മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിലെയും അനൗദ്യോഗിക കേന്ദ്രങ്ങളിലെ എണ്ണവും കൂടി ചേരുമ്പോൾ നാൽപതിനായിരത്തിലേറെ പേർ ജില്ലയിൽ വിനോദ സഞ്ചാരത്തിനായി എത്തിയെന്നാണ് വിവരം.
ഒന്നു മുതൽ ഏഴാം തീയതി വരെയാണ് ഇത്രയും പേരെത്തിയത്.
കാരാപ്പുഴ ഡാം, ബാണാസുര സാഗർ ഡാം എന്നിവിടങ്ങളിലെല്ലാം ഈ ദിവസങ്ങളിൽ കൂടുതൽ സന്ദർശകരെത്തിയിരുന്നു. കൂടാതെ ജില്ലയിലെ റിസോർട്ടുകൾ, ഹോംസ്റ്റേ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ അവധിയാഘോഷത്തിനും ഒട്ടേറെ പേർ എത്തിയിരുന്നു.
തിരിച്ചടിയായി ചുരം യാത്ര
ഒാണാവധി ആഘോഷം ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപ് ചുരം വ്യൂപോയിന്റിൽ മണ്ണിടിച്ചിലുണ്ടാവുകയും ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ട് പ്രതിസന്ധി നിലനിൽക്കുകയും ചെയ്തത് സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.
ദിവസങ്ങളോളം ഗതാഗതം തടസ്സമുണ്ടായതോടെ പലരും ജില്ലയിലേക്കുള്ള യാത്ര റദ്ദാക്കിയിരുന്നു.
ഇത് വിനോദ സഞ്ചാര മേഖലയിൽ ഒാണാവധിയുടെ ആദ്യ ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം കുറയുന്നതിന് കാരണമായി. എങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ സഞ്ചാരികളെത്തിയത് ടൂറിസം മേഖലയിൽ ചെറിയ ഉണർവുണ്ടാക്കി. ഇടയിൽ പെയ്തിറങ്ങിയ ശക്തമായ മഴയും സഞ്ചാരികളുടെ വരവിനെ ബാധിച്ചിരുന്നു.
പൂക്കോട് കൂടുതൽ; ചീങ്ങേരിയിൽ കുറവ്
ഡിടിപിസിയുടെ കേന്ദ്രങ്ങളിൽ ഇത്തവണയും കൂടുതൽ സഞ്ചാരികളെത്തിയത് പൂക്കോട് തടാകത്തിലാണ്.
14,618 പേരാണ് ഈ കാലയളവിലെത്തിയത്, വരുമാനമായി 9,87,790 രൂപ ലഭിക്കുകയും ചെയ്തു. ഏറ്റവും കുറവ് സന്ദർശകരെത്തിയത് ചീങ്ങേരി മലയിലും അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയത്തിലുമാണ്. യഥാക്രമം 362, 697 പേർ വീതമാണ് ഇവിടെയെത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]