കൽപറ്റയിൽ കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ മുഴുവൻ പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും മന്ത്രി എ.പി. അനിൽകുമാർ നന്ദി അറിയിച്ചു.
ജൂലൈ 7-ന് ദുരന്തം സംഭവിച്ചത് മുതൽ ആറാം ദിവസം അവസാനത്തെ മൃതദേഹം കണ്ടെത്തുന്നതുവരെ സമാനതകളില്ലാത്ത ഏകോപനമാണ് നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിൽ കാണാതായ എട്ടുപേരും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു.
അവരുടെ കുടുംബാംഗങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചുമാണ് തിരച്ചിൽ നടത്തിയത്. ദുരന്തബാധിത പ്രദേശത്തെ നാല് സോണുകളായി തിരിച്ചായിരുന്നു പരിശോധന.
പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ് ദൗത്യം പൂർത്തിയാക്കാൻ സഹായകമായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന തിരച്ചിലിന് പൊലീസ്, ഫയർഫോഴ്സ്, എൻഡിആർഎഫ് എന്നിവർ പിന്തുണ നൽകി.
പുഴയിൽ തിരച്ചിൽ നടത്തിയ തുർക്കി സിമ്മൺസ്, വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സേവനവും എടുത്തു പറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി.ഡി.
സതീശൻ നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്നതായും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു. തിരച്ചിൽ വിവരങ്ങൾ നിരന്തരം ആരാഞ്ഞ പ്രിയങ്ക ഗാന്ധി, ക്രിയാത്മക നിർദേശങ്ങൾ നൽകിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ എന്നിവരുടെ പിന്തുണയും മന്ത്രി അനുസ്മരിച്ചു. സ്ഥലം എം.എൽ.എ ആയ ടി.
സിദ്ദിഖിന്റെ പ്രവർത്തനങ്ങളെയും മുണ്ടക്കൈ–ചൂരൽമല ദുരന്തകാലത്തെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനെയും മന്ത്രി പ്രത്യേകം പ്രശംസിച്ചു. ദുരന്തമുഖത്ത് ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ മാതൃകയാണ് കള്ളാടിയിൽ കണ്ടതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയിൽ എല്ലാവരുടെയും പങ്കാളിത്തം അദ്ദേഹം അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

