
ബത്തേരി∙ നൂറ്റാണ്ടുകളായി തലമുറകൾ മാറി താമസിച്ചുവന്ന മണ്ണിൽ നിന്നു ആട്ടിയിറക്കപ്പെട്ടപോലെയാണ് പങ്കളം വനഗ്രാമത്തിലെ 6 കുടുംബങ്ങൾ. കന്നുകാലികളെ വളർത്തിയും കൃഷി ചെയ്തും ജീവിച്ചു പോന്ന സ്ഥലം ഇന്ന് വന്യജീവികളുടെ താവളമാണ്.
കൃഷികൾ പൂർണമായും നശിപ്പിക്കപ്പെട്ടു. വീടുകൾ പലതും കാട്ടാനകൾ തകർത്തു.
സ്ഥിരതാസമില്ലെന്ന കാരണം പറഞ്ഞ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനാലാണ് ഗ്രാമവാസികൾ ഇന്ന് ഈ അവഗണന നേരിടുന്നത്.സ്ഥലം ലീസ് ഭൂമി കൂടി ആയതിനാൽ ഇനി നടന്നിട്ട് കാര്യമില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു.
ഫലത്തിൽ സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും പൂർണമായും നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പങ്കളത്തുകാർ. പലരുമിപ്പോൾ കാടിനു പുറത്ത് വാടകയ്ക്കും കടം വാങ്ങി ചെറിയ വീടു വച്ചുമൊക്കെ താമസിക്കുകയാണ്.
നൂൽപുഴ പഞ്ചായത്തിൽ വയനാട് വന്യജീവി സങ്കത്തോടു ചേർന്ന് തോട്ടാമൂലയിലാണ് പങ്കളം വനഗ്രാമം. 2009 മുതൽ നടപ്പാക്കി വന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ പിന്നീട് പങ്കളത്തെയും ഉൾപ്പെടുത്തുകയായിരുന്നു.
2019 ലാണ് പങ്കളം ഗ്രാമത്തിലെ കണക്കെടുപ്പുകൾ പൂർത്തിയാക്കിയത്.നാലു വശവും വനത്താൽ ചുറ്റപ്പെട്ട
ഗ്രാമത്തിലെ 20 ഏക്കറോളം ഭൂമിയിൽ 12 ഗോത്ര കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.അതിൽ സുബ്രഹ്മണ്യൻ, പൊഞ്ചി, ജയൻ, ലീല, ഓമന, സതീഷ് എന്നിവരുടെ കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം കൈമാറി. 6 വീടുകളിലായി 13 യോഗ്യതാ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.
ഇവർക്ക് 15 ലക്ഷം വീതം നഷ്ടപരിഹാരം നൽകി.എന്നാൽ കണക്കെടുപ്പ് സമയത്ത് സ്ഥലത്തില്ലെന്ന് കാരണം പറഞ്ഞ് മറ്റൊരു 6 വീടുകളിലെ 9 യോഗ്യതാ കുടുംബങ്ങളെ പദ്ധതിയിൽ പെടുത്താതെ മാറ്റി നിർത്തിയിരിക്കുകയാണ്. നാരായണൻ, ബാലൻ, മോഹനൻ, വിനോദ്, ദിദ വിജയകുമാർ, രഘു എന്നിവരുടെ കുടുംബങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടാതെ പോയത്.
വന്യജീവി ശല്യം രൂക്ഷമായതിനാൽ കുട്ടികളെ സ്കൂളിൽ വിടുന്നതിനും ജോലി സ്ഥലത്തേക്ക് പോകുന്നതിനും ഇവർ കാടിനു പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
താമസം പുറത്തായിരുന്നെങ്കിലും പകൽ സമയത്ത് കൃഷിപ്പണികളെല്ലാം ചെയ്തു പോന്നിരുന്നു. ഇവരുടെയെല്ലാം വീടുകളും ഗ്രാമത്തിലുണ്ടായിരുന്നു.
ജനിച്ചു വളർന്ന് കൃഷി ചെയ്തു പോന്ന മണ്ണിൽ നിന്നാണ് ഈ 6 കുടുംബങ്ങളെ പുനരധിവാസത്തിന് പുറത്തു നിർത്തുന്നത്. ജില്ലാ ഭരണകൂടം വിഷയത്തിൽ ഇടപെട്ട് തീരുമാനമുണ്ടാക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]