
പനമരം∙ റോഡ് നന്നാക്കണമെന്ന് പറഞ്ഞു മടുത്തു, ഒടുവിൽ നാട്ടുകാർ തന്നെ റോഡിൽ താൽക്കാലിക നടപ്പാലം നിർമിച്ച് പോംവഴിയും കണ്ടെത്തി. പഞ്ചായത്തിൽ തകർന്നു തരിപ്പണമായി വെള്ളക്കെട്ട് നിറഞ്ഞ അരിഞ്ചേർമല – ഏച്ചോം റോഡിലെ 25 മീറ്ററോളം ദൂരമുള്ള വെള്ളക്കെട്ട് കടക്കാനാണ് പ്രദേശത്തെ നാട്ടുകാർ ചേർന്ന് പിരിവെടുത്ത് കമുകും മരത്തിന്റെ പട്ടികകളും ഉപയോഗിച്ച് റോഡിന്റെ ഒരു വശത്ത് പാലം നിർമിച്ചത്.
ഏച്ചോം സർവോദയ ഹയർ സെക്കൻഡറി സ്കൂളിനു മുൻപിലൂടെ കടന്നുപോകുന്ന ഈ റോഡിലെ വലിയ കുഴികളിലെ മുട്ടൊപ്പമുള്ള വെള്ളക്കെട്ടിൽ വിദ്യാർഥികളും വനിതകൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും വീഴുന്നത് പതിവായതോടെയും റോഡിലെ ചെളിക്കുഴിയിൽ വീണ് നനഞ്ഞും പരുക്കേറ്റും കുട്ടികൾക്ക് സ്കൂളിൽ കയറാൻ കഴിയാതെ തിരിച്ചു വീടുകളിലേക്ക് മടങ്ങേണ്ട
അവസ്ഥ തുടർന്നപ്പോഴാണ് പോംവഴി എന്ന നിലയിൽ റോഡിന്റെ വശത്ത് നാട്ടുകാർ നടപ്പാലം നിർമിച്ചത്.വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നതാണെങ്കിലും നടപടിയില്ലെന്ന് മാത്രം.
ഇതിനിടെ റോഡ് നന്നാക്കുന്നതിന് 8 ലക്ഷം അനുവദിച്ച് പണി കരാർ നൽകിയെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ റോഡിലെ വലിയ കുഴികൾ പോലും താൽക്കാലികമായെങ്കിലും അടയ്ക്കാൻ നടപടിയുണ്ടായിട്ടില്ല. മഴക്കാലത്ത് ചെറുവാഹനങ്ങൾ പോലും ഏറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.
യഥാസമയം റോഡിലെ കുഴികൾ അടയ്ക്കാത്തതിനാലും മഴവെള്ളം ഒഴുകി പോകാനുള്ള സംവിധാനം ഇല്ലാത്തതുമാണ് റോഡ് ഇത്തരത്തിൽ തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
റോഡിന്റെ ഒരു വശത്ത് നടപ്പാലം നിർമിച്ചെങ്കിലും വാഹനങ്ങൾ കടന്നുപോകുമ്പോൾ നടപ്പാലത്തിലൂടെ നടക്കുന്നവരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നതിനാൽ വിദ്യാർഥികൾ സ്കൂളിൽ പോകുന്ന സമയത്ത് രക്ഷിതാക്കൾ പാലത്തിനു സമീപത്തെ വലിയ വെള്ളക്കെട്ടിന് ഇരുവശത്തും വാഹനങ്ങൾ തടഞ്ഞ് വിദ്യാർഥികൾ കടന്ന ശേഷമാണ് വാഹനങ്ങൾ പോകാൻ അനുവദിക്കുന്നത്.അടിയന്തരമായി റോഡിലെ കുഴി നികത്തി വെള്ളക്കെട്ട് ഒഴിവാക്കിയില്ലെങ്കിൽ വാഹനങ്ങൾ തടഞ്ഞുള്ള സമരത്തിന് ഇറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]