
ഇപ്പോൾ ഊട്ടിയിൽ എത്തിയാൽ പെട്ടതു തന്നെ; ശുചിമുറികളില്ല, കുടിവെള്ള സൗകര്യമില്ല, നടപാതകളില്ല…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗൂഡല്ലൂർ ∙ ഊട്ടിയിലെത്തുന്ന വിനോദ സഞ്ചാരികളെ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് ദുരിതത്തിലാക്കുന്നു. ഊട്ടി സസ്യോദ്യാന റോഡിലെ ശുചിമുറികൾ അടച്ചു പൂട്ടിയിട്ട് ഒരു വർഷം കഴിഞ്ഞു. പുതിയ ശുചിമുറികൾ നിർമാണം ആരംഭിച്ചിട്ട് 6 മാസം കഴിഞ്ഞിട്ടും നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. ഉദ്യാനത്തിനകത്തുള്ള സ്ഥിതിയും കഷ്ടമാണ്. സീസൺ തുടങ്ങിയ സമയമായതിനാൽ ദിവസേന പതിനായിരത്തോളം വിനോദ സഞ്ചാരികളാണ് ഉദ്യാനത്തിലെത്തുന്നത്. പ്രവേശന കവാടത്തിന് സമീപത്തുള്ള ശുചിമുറികളും അടച്ചു പൂട്ടി. ഇതിന് സമീപത്ത് മറ്റൊന്ന് നിർമിച്ചു വരുന്നുണ്ട്. ഇതിന്റെ നിർമാണവും പ്രാരംഭ ഘട്ടത്തിലാണ്. ഇതു കൂടാതെ ഊട്ടി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ 6 പൊതു ശുചിമുറികളുടെ നിർമാണം തുടങ്ങിയിട്ട് 6 മാസമായി ഇതും പൂർത്തിയാക്കിയിട്ടില്ല. ഊട്ടി സസ്യോദ്യാനത്തിലെ പാർക്കിങ് സ്ഥലങ്ങളിലും ശുചിമുറികളില്ല.
പാർക്കിങ് സ്ഥലം ലേലത്തിലെടുത്തവർ പാർക്കിങ് ഫീസ് വർധിപ്പിച്ചു. സർക്കാർ നിശ്ചയിച്ച തുകയിൽ കൂടുതലാണ് ഇവിടെ പിരിക്കുന്നത്. ഇതിനെതിരെ പരാതി നൽകിയിട്ടും നടപടി ഇല്ല. ഉദ്യാന റോഡിലെ നടപ്പാതകൾ പാതയോര വ്യാപാരികൾ കയ്യടക്കിയതു കാരണം കാൽനടക്കാർക്കു റോഡിലൂടെ വേണം സഞ്ചരിക്കാൻ. കുടിവെള്ളത്തിനുള്ള വാട്ടർ എടിഎമ്മുകൾ മിക്ക സ്ഥലത്തും പ്രവർത്തിക്കുന്നില്ല. വെള്ള കുപ്പികൾ കണ്ടാൽ ഓടിച്ചിട്ടു പിടികൂടി ഫൈൻ അടപ്പിക്കും.
ഊട്ടിയിലെ സഞ്ചാര മേഖലയിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്ന നടപടികളാണ് നടക്കുന്നതെന്ന് സഞ്ചാരികൾ പറയുന്നു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശം പൂർണമായും ജില്ലാ ഭരണകൂടം നടപ്പിലാക്കുന്നുണ്ട്. ഈ –പാസ് ഇല്ലാത്തവരെ ചെക്ക് പോസ്റ്റുകളിൽ നിന്നും മടക്കിയയക്കും. ഇതിനുള്ള ബദൽ സംവിധാനങ്ങൾ ഇതുവരെയും സ്വീകരിച്ചിട്ടില്ല. കാഴ്ചകൾ കാണാനും ആഘോഷിക്കാനും വരുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ നിരാശയാണ് ഉണ്ടാകുന്നത്.