കൽപറ്റ ∙ കൈനാട്ടി ജംക്ഷനിലെ ഓട്ടമാറ്റിക് ട്രാഫിക് സിഗ്നൽ സംവിധാനം പണിമുടക്കി. ഒരുമാസത്തോളമായി ട്രാഫിക് സിഗ്നലുകൾ പ്രവർത്തിക്കുന്നില്ലെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.
ഇതോടെ ജംക്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഏറെനാളത്തെ മുറവിളികൾക്കൊടുവിൽ, പൊതുമരാമത്ത് വകുപ്പിന്റെ റോഡ് സേഫ്റ്റി ഫണ്ടിൽ നിന്നുള്ള 14 ലക്ഷം രൂപ ഉപയോഗിച്ച് 2022 ജൂലൈയിലാണു ട്രാഫിക് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്.
കൽപറ്റ ജനറൽ ആശുപത്രിയിലേക്കും കൽപറ്റ, ബത്തേരി, മാനന്തവാടി ഭാഗങ്ങളിലേക്കുമായി നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന ഇടമാണ് കൈനാട്ടി ജംക്ഷൻ.
കൽപറ്റ–ബത്തേരി റൂട്ടിലോടുന്ന സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ജംക്ഷനിൽ ഒത്ത നടുക്കായി വീണ്ടും നിർത്താൻ തുടങ്ങി.
മാനന്തവാടി ഭാഗത്തു നിന്നുള്ള ബസുകളും ഇതേ പാതയാണ് പിന്തുടരുന്നത്. ബസുകൾ നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്കു കടന്നുപോകാൻ സാധിക്കാതെ വരികയാണ്.
അമിതവേഗത്തിൽ പായുന്ന വാഹനങ്ങൾക്കിടയിലൂടെ വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ ജീവൻ പണയം വച്ചാണു കടന്നുപോകുന്നത്. ജംക്ഷന് സമീപത്തെ ജനറൽ ആശുപത്രിയിലേക്കുള്ള രോഗികളും ബുദ്ധിമുട്ട് സഹിക്കേണ്ടിവരുന്നു.
ഇവിടെ രൂപപ്പെടുന്ന ഗതാഗതക്കുരുക്ക് ദേശീയപാത 766ൽ എടപ്പെട്ടിക്ക് സമീപം വരെയും മറുഭാഗത്ത് ബൈപാസ് ജംക്ഷൻ വരെയും പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര സൃഷ്ടിക്കുകയാണ്. ബൈപാസ് വഴി മാനന്തവാടി, ബത്തേരി ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ ദേശീയപാതയിലേക്ക് കടക്കാനാകുന്നുമില്ല. ഇറക്കമായതിനാൽ കൽപറ്റ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ അമിതവേഗത്തിലാണ് ജംക്ഷനിലേക്ക് എത്തുന്നത്.
രാവിലെ 9 മുതൽ 11 വരെയും വൈകിട്ടു 3.30 മുതൽ 5.30 വരെയും ഇവിടെ ഗതാഗതം മുടങ്ങുന്നത് പതിവായിരുന്നു. തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾ ഇവിടത്തെ സ്ഥിരം കാഴ്ചയായിരുന്നു.
സിഗ്നൽ സംവിധാനം പണിമുടക്കിയതോടെ എല്ലാം പഴയപടിയായി.
കണ്ണടച്ച് ഹൈമാസ്റ്റ് ലൈറ്റും
ഇവിടുത്തെ തെരുവുവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റും പലപ്പോഴും പ്രകാശിക്കാറില്ലെന്നു വ്യാപാരികൾ പറയുന്നു. ഇതിനു സമീപത്തെ ജനറൽ ആശുപത്രിയിലേക്ക് രാത്രിയിലെത്തുന്ന രോഗികളും ഇതുകാരണം ദുരിതത്തിലാണ്. രാത്രിയിൽ ജംക്ഷനിലെത്തുന്ന യാത്രക്കാർക്കും രോഗികൾക്കും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ് ആശ്രയം.
വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ ഇവിടം ഇരുട്ടിലാകും. ട്രാഫിക് സിഗ്നൽ സംവിധാനവും ഹൈമാസ്റ്റ് ലൈറ്റും ഉടൻ പ്രവർത്തന സജ്ജമാക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]