
കാട്ടാനയാക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നടവയൽ ∙ നാട്ടിലേക്കിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിനു ഗുരുതര പരുക്ക്. നെയ്ക്കുപ്പ മണൽവയൽ ഊരിലെ ഒണക്കൻ ചിക്കി ദമ്പതികളുടെ മകൻ രവി (39) ആണ് കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് നട്ടെല്ലിനും കഴുത്തിനും സാരമായ പരുക്കേറ്റ് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. പ്രദേശത്ത് ചൊവ്വ രാത്രി കാട്ടാനയിറങ്ങി നാശനഷ്ടമുണ്ടാക്കിയിരുന്നു. ഇത് പരിശോധിക്കാൻ ബുധൻ രാവിലെ 6 ന് ഇറങ്ങിയ വടക്കേടത്ത് ജോസാണ് വനാതിർത്തിയോടു ചേർന്ന വഴിയിൽ തുണികളും ഒരു ചെരിപ്പും വീട്ടു സാധനങ്ങളും ചിതറിക്കിടക്കുന്നത് കണ്ടത്.
2.കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് ചികിത്സയിലുള്ള രവി.
ഈ സ്ഥലത്ത് കാട്ടാനയുടെ കാൽപാടുകൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇതിനു സമീപത്തെ നെയ്ക്കുപ്പ സംഗമം സാംസ്കാരിക വേദിയുടെ പിന്നിലെ തോട്ടിൽ മറ്റൊരു ചെരിപ്പും വെള്ളത്തിൽ വീണ് അവശനിലയിൽ കിടക്കുന്ന രവിയെയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരെ വിളിച്ചു കൂട്ടി തോട്ടിൽ നിന്ന് രവിയെ കരയ്ക്കു കയറ്റി. മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
ചൊവ്വ രാത്രി 10.30ന് രവി വീട്ടിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മുൻപ് വനഗ്രാമത്തിലെ മണൽവയൽ ഊരിൽ താമസിച്ചിരുന്ന രവി 5 വർഷമായി നരസി പുഴയോടു ചേർന്ന നെയ്ക്കുപ്പ ഊരിലാണ് താമസിക്കുന്നത്. രവി വീണു കിടന്ന ഭാഗത്തുനിന്ന് 100 മീറ്റർ ദൂരം മാത്രമേ വീട്ടിലേക്കുള്ളൂ. വനാതിർത്തിയിലെ മണൽവയൽ ഗേറ്റ് കടന്നുള്ള വഴിയിലൂടെയാണ് ഇദ്ദേഹം വീട്ടിലേക്ക് പതിവായി പോകാറുള്ളത്. രാത്രി വീട്ടിലേക്ക് പോകും വഴി ആനയുടെ മുൻപിൽ പെട്ട രവി ഓടി മാറുന്നതിനിടയിൽ തോട്ടിൽ വീഴുകയോ അല്ലെങ്കിൽ കാട്ടാന രവിയെ തോട്ടിലേക്ക് തട്ടിയെറിയുകയോ ചെയ്തതാകാനാണ് സാധ്യതയെന്ന് നാട്ടുകാർ പറയുന്നു.
കാട്ടാന തോടിന് കുറുകെയുള്ള കലുങ്കിന് സമീപം എത്തിയപ്പോൾ വെള്ളത്തിലേക്ക് എന്തോ വീഴുന്ന ശബ്ദം തൊട്ടടുത്ത വീട്ടുകാർ കേട്ടിരുന്നു. എന്നാൽ, മുൻപ് ഇതിനു സമീപം വച്ച് വിറക് ശേഖരിക്കാൻ പോയ വീട്ടമ്മയെ കാട്ടാന കൊന്നതിനു ശേഷം ആന നാട്ടിലിറങ്ങിയാൽ ആരും പുറത്തിറങ്ങാറില്ല. പൂതാടി പഞ്ചായത്തിൽ അതിരൂക്ഷമായ കാട്ടാനശല്യമുളള പ്രദേശമാണ് ഇവിടം. കാട്ടാനശല്യം പ്രതിരോധിക്കാനായി വനാതിർത്തിയിൽ 7 വർഷം മുൻപ് അനുവദിച്ച ക്രാഷ് ഗാർഡ് റോപ് വേലിയുടെ നിർമാണ പ്രവൃത്തി 3 മാസം മുൻപ് ആരംഭിച്ചെങ്കിലും പണി നിർത്തിവച്ച അവസ്ഥയാണ്. ക്രാഷ് ഗാർഡ് റോപ് വേലിയുടെ പണി സമയത്ത് പൂർത്തീകരിച്ചിരുന്നെങ്കിൽ യുവാവിനെ കാട്ടാന ആക്രമിക്കില്ലായിരുന്നു എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ രവിക്ക് ഇന്നലെ ശസ്ത്രക്രിയ നടത്തി.