ഗൂഡല്ലൂർ ∙ ദേവർഷോല മാണിക്കല്ലാടി ഗ്രാമത്തിലെ തോട്ടം തൊഴിലാളികളായ നിംഗരാജ (68), രവി (60) എന്നിവർ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. ഞായറാഴ്ച വൈകിട്ട് പാലംവയലിൽനിന്നു വീട്ടുസാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുന്ന വഴിയിൽ എസ്റ്റേറ്റ് റോഡിൽ വച്ചാണു കൂട്ടുകാരായ നിംഗരാജയെയും രവിയെയും കാട്ടാന ആക്രമിച്ചത്.
ഇവരുടെ വീട്ടിൽനിന്നു 200 മീറ്റർ മാത്രം അകലെയായിരുന്നു സംഭവം. ഇന്നലെ രാവിലെ തോട്ടത്തിലേക്കു ജോലിക്കു വന്നവരാണു മൃതദേഹങ്ങൾ കണ്ടത്.
റോഡരികിലായിരുന്നു നിംഗരാജിന്റെ മൃതദേഹം. സമീപത്തു തേയിലച്ചെടികൾക്കുള്ളിലായിരുന്നു രവിയുടെ മൃതദേഹം.
കാട്ടാന നിംഗരാജിനെ പിടികൂടിയതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രവിയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നു. ഇരുവരുടെയും ശരീരത്തിൽ വലിയ പരുക്കുകൾ ഒന്നുമില്ലായിരുന്നു.
വീട്ടിലേക്ക് വാങ്ങിയ സാധനങ്ങൾ സമീപത്ത് ചിതറിക്കിടന്നു. മൃതദേഹങ്ങൾ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സത്യഭാമയാണു നിംഗരാജിന്റെ ഭാര്യ. മക്കൾ: രതീഷ്, രാഹുൽ, റെൻജു, രേഷ്മ.
രവിയുടെ ഭാര്യ സുശീല. മക്കൾ: ജഗൻ, ജയൻ, രഞ്ചിത.
മരണത്താഴ്വരയായി ഗൂഡല്ലൂർ ആനയോളം ഭയം
കാട്ടാനക്കലിയിൽ 2 പേർ കൂടി മരിച്ചതോടെ മരണത്തിന്റെ താഴ്വരയായി ഗൂഡല്ലൂർ.
വൈകിട്ട് 6 നു ശേഷം വീടിന് പുറത്തിറങ്ങാൽ കഴിയാത്ത അവസ്ഥയിലാണു നാട്ടുകാർ. ഉണങ്ങി കരിഞ്ഞ വനത്തിൽനിന്നു പുറത്തിറിങ്ങുന്ന കാട്ടാനകൾ ഭക്ഷണവും വെള്ളവും തേടിയുള്ള യാത്രയിൽ വൻ നാശനഷ്ടങ്ങൾ വരുത്തുന്നതിനു പുറമെയാണു ജീവനുകൂടി ഭീഷണിയാകുന്നത്.
വീടുകൾക്ക് മുൻപിൽ കാണുന്ന മനുഷ്യരെ ഓടിച്ച് വീട്ടിൽ കയറ്റുന്നതും പലരെയും പരുക്കേൽപിക്കുന്നതും പതിവായി.
ദേവർഷോലയ്ക്ക് സമീപം സുഹൃത്തുക്കളായ 2 തോട്ടം തൊഴിലാളികൾ നിംഗരാജും രവിയുമാണ് ആനക്കലിക്ക് ഇരയായത്. ഞായറാഴ്ച സന്ധ്യയോടെ ദേവർഷോലയ്ക്കു സമീപം പാലംവയലിൽനിന്നു വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങുന്ന വഴിയിലാണ് ഇരുവരെയും കാട്ടാന ആക്രമിച്ചത്.
വീട്ടിലെത്താൻ വൈകിയതോടെ വീട്ടുകാർ സമീപത്തുള്ള വീടുകളിൽ അന്വേഷണം നടത്തി. വൈകിയാൽ സാധാരണയായി ഇരുവരും എസ്റ്റേറ്റിലെ വീടുകളിൽ താമസിച്ച് രാവിലെ വീട്ടിലെത്താറുണ്ടായിരുന്നു.
രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോയ തൊഴിലാളികളാണ് വഴിയരികിൽ നിംഗരാജിന്റെ മൃതദേഹം കണ്ടത്. വീട്ടിലേക്ക് നടന്നുവന്ന റോഡിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച രവിയെ തേയിലച്ചെടികൾക്ക് ഇടയിൽ വച്ച് കാട്ടാന ആക്രമിച്ചു. വീട്ടിലേക്ക് കൊണ്ടു വന്ന പലവ്യഞ്ജനങ്ങൾ റോഡരുകിൽ ചിതറിക്കിടന്നു.
വീട്ടിൽ നിന്ന് 200 മീറ്റർ അകലെയാണ് കാട്ടാന ആക്രമിച്ചത്. ഇരുവരും അയൽവാസികളാണ്.
സാമ്പത്തിക ഭദ്രത കുറഞ്ഞ രണ്ട് വീടുകളുടെ അത്താണിയാണ് നഷ്ടപ്പെട്ടത്.
നിംഗരാജിനെയും രവിയെയും കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതറിഞ്ഞ് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും വനം വകുപ്പും പൊലീസും സ്ഥലത്തെത്തി. നാട്ടുകാരുമായി വനം വകുപ്പ് ഡിഎഫ്ഒ ദേവരാജ് ചർച്ച നടത്തി.
ഗൂഡല്ലൂർ എംഎൽഎ പൊൻ ജയശീലനും സംഭവ സ്ഥലത്തെത്തി. വന്യജീവികൾ നാട്ടിലിറങ്ങി ജീവനെടുത്തിട്ടും വനംവകുപ്പ് നിസംഗത തുടരുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു.
11 മണിയോടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയെ ഉടൻ വനത്തിലേക്കു തുരത്തുമെന്ന് അധികൃതർ ഉറപ്പുനൽകി.
വീടുകളുടെ സമീപവും റോഡരികിലും വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും.
മരിച്ചവരുടെ ആശ്രിതർക്ക് വനം വകുപ്പിൽ ജോലി നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും നഷ്ടപരിഹാരത്തുക 10 ലക്ഷം രൂപ ഉടൻ കൈമാറാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇരുവരുടെയും മൃതദേഹങ്ങൾ ഗൂഡല്ലൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
പാഴായി പ്രതിരോധസംവിധാനങ്ങൾ; പ്രവർത്തനമില്ലാതെ കൺട്രോൾ റൂം
ഗൂഡല്ലൂർ ∙ പാലംവയൽ കാരക്കുന്ന് ഭാഗത്തേക്ക് മുതുമല കടുവ സങ്കേതത്തിൽ നിന്നാണ് കാട്ടാനയെത്തുന്നത്.
പുളിയമ്പാറ വരെ 8 കിലോമീറ്റർ ദൂരം നാട്ടുകാർ കിടങ്ങ് നിർമിച്ചിട്ടുണ്ട്. ഇവിടെ നിന്നു വുഡ്ബ്രൈയാർ എസ്റ്റേറ്റ് വരെയുള്ള ദൂരം കിടങ്ങ് നിർമിച്ചാൽ ദേവർഷോല പഞ്ചായത്തിലേക്ക് കാട്ടാനകൾ ഇറങ്ങില്ലന്ന് ദേവർഷോല പഞ്ചായത്ത് കൗൺസിലറായ ഫനീഫ പറഞ്ഞു.
ഈ ഭാഗത്തുള്ളത് ഗോത്ര ഗ്രാമങ്ങളാണ്.
വനം വകുപ്പ് സംരക്ഷണം നൽകേണ്ട ഗ്രാമങ്ങളാണിത്.
ഇവിടെ വനം വകുപ്പ് കിടങ്ങ് നിർമിച്ചാൽ കാട്ടാന ശല്യത്തിന് പരിഹാരമാകും. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനായി നാടുകാണി ജീൻ പൂൾ ഗാർഡനിൽ 6 കോടി രൂപ ചെലവിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇവിടെ നിന്നു ലഭിക്കുന്ന വിവരങ്ങൾ വ്യക്തമായി കൈമാറുന്നില്ലന്നും നാട്ടുകാർ പറയുന്നുണ്ട്. കാട്ടാനകളുടെ ആക്രമണം പ്രദേശത്ത് ഉണ്ടാകില്ലെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് പ്രവർത്തക്കുന്നതെന്നുമാണ് വനം വകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ ഷാഹു പറഞ്ഞിരുന്നു.
എന്നാൽ, ഇപ്പോൾ വനം വകുപ്പിന്റെ കൺട്രോൾ റൂമിന്റെ പ്രവർത്തനം സംബന്ധിച്ച് ആർക്കും വ്യക്തതയില്ല. കാട്ടാനകളെ തുരത്താനായി പ്രവർത്തിക്കുന്ന എലിഫന്റ് സ്ക്വാഡിന്റെ പ്രവർത്തനവും മരവിച്ചു തുടങ്ങി.
കാട്ടാനയെ തുരത്താനായി പടക്കം പോലും പൊട്ടിക്കരുതെന്ന നിർദേശമാണ് വനം വകുപ്പിന്റെ ഉന്നത അധികാരികൾ നൽകുന്നത്. കാട്ടാനകൾ ഇറങ്ങുന്ന പ്രദേശമെല്ലാം വനമാണന്നാണ് ഇവരുടെ കണ്ടെത്തൽ.
ഭീതിയായി വന്യജീവികൾ
കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഗൂഡല്ലൂർ നിയമസഭാ മണ്ഡലത്തിൽ മാത്രം 153 പേരാണ് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഒരു വർഷത്തിനുള്ളിൽ 16പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം കുറഞ്ഞ വരുമാനമുള്ള മണ്ണിൽ അധ്വാനിക്കുന്ന തൊഴിലാളികളാണ്.
മരണ നിരക്ക് ഉയരുമ്പോഴും സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമാകുകയാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ നൽകുന്ന ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല.
മരണ ഭയം പിടി മുറിക്കിയ ഗൂഡല്ലൂർ താഴ് വരയിൽ അവസാനമില്ലാത്ത കാട്ടാന ആക്രമണം തുടരുകയാണ്.
വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ രാജ്യത്ത് തന്നെ ഉയർന്ന നിരക്കാണ്. നാട്ടുകാർ പ്രഭാതസവാരിക്കിറങ്ങുന്ന ഒറ്റയടിപ്പാതകളിൽ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞടുക്കുന്നു.
വേനൽ രൂക്ഷമായതോടെ വന്യജീവികൾ വെള്ളവും ഭക്ഷണവും തേടി ജനവാസകേന്ദ്രങ്ങളിലേക്കു കൂടുതലായി ഇറങ്ങുകയാണ്. വനങ്ങൾ പൂർണമായും കരിഞ്ഞുണങ്ങി.
ആധുനിക സംവിധാനത്തിൽ വനസംരക്ഷണം നടപ്പിലാക്കുമെന്ന് പറയുന്ന വനം വകുപ്പ് വന്യജീവികളുടെ നിലനിൽപ്പിന് വേണ്ട സംവിധാനങ്ങളാണ് ആദ്യം ഒരുക്കേണ്ടതെന്ന് നാട്ടുകാർ പറഞ്ഞു.
ചെറിയമലയും പരിസരങ്ങളും കാട്ടാനപ്പേടിയിൽ
പുൽപള്ളി ∙ കബനിയുടെയും പാതിരി റിസർവിന്റെയും മധ്യത്തിലെ വനഗ്രാമങ്ങൾ കാട്ടാനകളുടെ താവളമായി.
വേനൽ ശക്തമായതോടെ തീറ്റയും വെള്ളവും തേടി കർണാടകയിൽ നിന്ന് ഒട്ടേറെ ആനകളാണ് ഈ പ്രദേശത്ത് എത്തുന്നത്. ചെറിയമല, താഴശേരി, കോട്ടവയൽ, വെളുകൊല്ലി, പുഞ്ചക്കൊല്ലി ഗ്രാമങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായി തുടരുന്നത്.
കഴിഞ്ഞ 10 ദിവസമായി പ്രദേശത്ത് നിത്യേന ആനയിറങ്ങി കൃഷിനാശമുണ്ടാക്കുന്നു. ചെറിയമല രാജു, ശാരദ, കുഞ്ഞിരാമൻ, മീനാക്ഷി എന്നിവരുടെ തോട്ടങ്ങളിലാണ് വൻകൃഷിനാശമുണ്ടായത്.
തെങ്ങ്, വാഴ, കമുകി, കൃഷികൾ. വന്യമൃഗശല്യത്തെ തുടർന്ന് പലരും പുഞ്ചകൃഷിയൊഴിവാക്കി.
വനയോഗ ഗ്രാമങ്ങളിൽ ശക്തമായ തൂക്കുവേലി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വലിച്ചുകെട്ടുന്ന കമ്പിവേലിയാണ് ഇവിടുത്തേത്. കന്നുകാലി കടക്കുമ്പോൾ തന്നെ അവ പൊട്ടിതകരുന്നതിനാൽ ഗുണംചെയ്യുന്നില്ല.
ജോലിയും വരുമാനവുമില്ലാതെ ഉന്നതിയിലെ ആളുകൾ പ്രയാസപ്പെടുന്നു. സ്വന്തം സ്ഥലത്ത് ഇറക്കുന്ന കൃഷികൾ ആനയും മാനും പന്നിയുമെല്ലാം നശിപ്പിക്കുന്നു.
കുറുവ ദ്വീപിനടുത്തുള്ള വനപ്രദേശത്ത് കാട്ടാനകൾ ധാരാളമായുള്ളത് നാട്ടുകാരെ ഭയപ്പെടുത്തുന്നു. പലപ്പോഴും റോഡിൽ ആനയുണ്ട്.
കാവൽ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

