തൊണ്ടർനാട് ∙ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് കണ്ടെത്തി റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടിയില്ല. കലക്ടറുടെ നിർദേശ പ്രകാരം ക്രമക്കേട് അന്വേഷിച്ച ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർ അന്വേഷണ റിപ്പോർട്ട് 2025 ഒക്ടോബറിൽ സമർപ്പിച്ചിരുന്നു.
2,07,95,221 രൂപയുടെ ക്രമക്കേട് ആണ് അന്വേഷണ സംഘം കണ്ടെത്തിയത്. 325 പേജുള്ള അന്വേഷണ റിപ്പോർട്ടും 1420 അനുബന്ധ രേഖകളും അടക്കം 1745 പേജുള്ള വിശദമായ റിപ്പോർട്ടാണ് നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി അടക്കമുള്ളവുടെ ഒപ്പുകൾ അനധികൃതമായി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് സെക്രട്ടറി നൽകിയ പരാതിയിൽ അക്രഡിറ്റഡ് എൻജിനീയർ ജോജോ ജോണി, അക്കൗണ്ടന്റ് വി.സി.
നിഥിൻ, 5 കരാറുകാർ എന്നിവരെ പ്രതിചേർത്ത് പൊലീസ് കേസെടുക്കുകയും നിഥിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജോജോ ജോണിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തിയിരുന്നെങ്കിലും ഇയാൾ വിദേശത്തേക്ക് കടന്നതായാണ് അറിയുന്നത്. പ്രതികളിൽ ഉൾപ്പെട്ട
ഒരു കരാറുകാരൻ മുൻകൂർ ജാമ്യം നേടുകയും ചെയ്തു. കലക്ടർക്കു റിപ്പോർട്ട് നൽകി മൂന്നര മാസം കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ നടപടി ഇല്ലാത്തത് പ്രതിഷേധാർഹമാണെന്ന് നാട്ടുകാരും പറയുന്നു.
ഭരണസമിതിയിൽ അടക്കം വേണ്ടത്ര ജാഗ്രത പാലിക്കാത്തതാണു തട്ടിപ്പ് എളുപ്പമാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ഇത് മുഖ്യ വിഷയമാക്കി ഉയർത്തിക്കൊണ്ടു വരികയും ചെയ്തു.
തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഏറ്റ കനത്ത പരാജയത്തിന് ഈ സംഭവവും കാരണമായതായി വിലയിരുത്തലുണ്ട്.
നിലവിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി നിയമസഭ ഓഡിറ്റ് സമിതിക്ക് പരാതി നൽകാനൊരുങ്ങുകയാണ്. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ് പരാതി.
തൊഴിലുറപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ അടക്കം എല്ലാ മേഖലയിലും ഉള്ളവരെ ഉൾപ്പെടുത്തി വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ ഭരണസമിതി തീരുമാനിച്ചതായി നിലവിൽ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫും അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

