പനമരം ∙ പഞ്ചായത്തിൽ തെരുവുനായയുടെ ആക്രമണം തുടരുന്നു. ഗവ.എൽപി സ്കൂൾ വളപ്പിൽ പ്രസവിച്ചു കിടന്ന തെരുവുനായ വിദ്യാർഥിയെ ആക്രമിച്ചു പരുക്കേൽപിച്ചതാണ് ഒടുവിലെ സംഭവം.
സ്കൂളിലെ മൂന്നാം ക്ലാസുകാരനായ മുഹമ്മദ് ബിഷ്റുൽ ഹാഫി (8) നെ ആണ് ഇന്നലെ രാവിലെ 9.15ന് സ്കൂൾ പരിസരത്തെത്തിയ തെരുവുനായ കടിച്ചു പരുക്കേൽപിച്ചത്. രാവിലെ ക്ലാസിലെത്തിയ വിദ്യാർഥി ശുചിമുറിയിൽ പോയ ശേഷം തൊട്ടടുത്തുള്ള ക്ലാസ് മുറിയിലേക്ക് തിരിച്ചു വരുന്നതിനിടെ പിന്നാലെ എത്തിയ നായ ഇടതുകാലിൽ കടിക്കുകയായിരുന്നു.
ഉടൻ തന്നെ കുട്ടി വലതുകാൽ കൊണ്ട് നായയെ തൊഴിച്ചു മാറ്റി പാചകപ്പുരയിലേക്കു ഓടിക്കയറിയതിനാലാണ് കൂടുതൽ കടിയേൽക്കാതെ രക്ഷപ്പെട്ടത്.
ഓണാവധിക്ക് ശേഷം ഇന്നലെ രാവിലെ അധ്യാപകരും വിദ്യാർഥികളും സ്കൂളിലേക്ക് എത്തിയപ്പോൾ സ്കൂൾ പാചകപ്പുരയ്ക്കു സമീപം ഉപയോഗിക്കാതെ കിടന്ന വലിയ വാഷ്ബേസിനിൽ തെരുവുനായ പ്രസവിച്ചു കിടന്നത് ശ്രദ്ധയിൽപെട്ടിരുന്നു. ഉടൻ തന്നെ അധ്യാപകരും മറ്റും ചേർന്ന് തെരുവുനായയെ ആട്ടിപ്പായിച്ചു.
6 നായ്ക്കുട്ടികളെയും സ്കൂൾ വളപ്പിൽനിന്നു പുറത്താക്കിയിരുന്നു. ഇതിനുശേഷം നായ പ്രസവിച്ചു കിടന്ന ഭാഗത്തുനിന്ന് വിദ്യാർഥികളെ മാറ്റുകയും നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു.
ഇതിനിടയിൽ സ്കൂളിന്റെ പ്രധാന ഗേറ്റിന് അടിയിലൂടെ വീണ്ടും പാചകപ്പുരയ്ക്കു സമീപം എത്തിയ നായ ശുചിമുറിയിൽ പോയ വിദ്യാർഥിയെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു.
വിദ്യാർഥിയെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്ത് സ്കൂൾ കോംപൗണ്ടിന് പുറത്താക്കിയ നായ്ക്കുട്ടികളെ എടുത്ത് വീണ്ടും പാചകപ്പുരയ്ക്കു സമീപമുള്ള മുറിക്കു പുറത്ത് അടുക്കിവച്ച ആസ്ബറ്റോസ് ഷീറ്റിനടിയിൽ കയറിക്കൂടി നായ കിടപ്പായി. പിന്നീട് നായ പുറത്തിറങ്ങാതെ നിരീക്ഷിച്ച സ്കൂൾ അധികൃതർ പഞ്ചായത്തിലും മൃഗസംരക്ഷണ വകുപ്പിലും അറിയിച്ചതിനെ തുടർന്ന് വൈകിട്ട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഇവിടെ നിന്ന് നായയെയും കുട്ടികളെയും നീക്കം ചെയ്തു. ഞായറാഴ്ച സ്കൂളിൽ എത്തിയ പ്രധാനാധ്യാപകൻ പി.പൈലിക്ക് മുൻപിലേക്ക് തെരുവുനായ മുരണ്ടുകൊണ്ട് ചാടിയിരുന്നു.
ഇതേ തുടർന്നാണ് ഇന്നലെ രാവിലെ പരിസരം മുഴുവൻ പരിശോധന നടത്തി പ്രസവിച്ചു കിടന്ന തെരുവുനായയെ കണ്ടെത്തി പുറത്താക്കിയത്. ഒരു വർഷം മുൻപ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ സിഎച്ച്സിയിൽ ചികിത്സകൾക്കു എത്തിയ രോഗികളെ അടക്കം പലരെയും തെരുവുനായ്ക്കൾ കടിച്ചു പരുക്കേൽപിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]