സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ വയനാട് ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനായി നൂതന പദ്ധതികൾ നടപ്പിലാക്കണമെന്ന് ടൂറിസം മേഖലയിൽ ശക്തമായ ആവശ്യം ഉയരുന്നു. കഴിഞ്ഞ ഓണക്കാലത്ത് ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വരവിലുണ്ടായ ഗണ്യമായ കുറവ് ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വരുമാനത്തിൽ ഉണ്ടായ കുത്തനെ ഇടിവ്, ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് സാധാരണക്കാരുടെ ഉപജീവനമാർഗത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ മഴക്കാലത്ത് ‘സ്പ്ലാഷ്’ പോലുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ച് വിനോദ സഞ്ചാരികളെ ജില്ലയിലേക്ക് ആകർഷിക്കാൻ നിരന്തരമായ ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും, ഇത്തവണ അത്തരം പദ്ധതികൾ ഒന്നും തന്നെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.
മൺസൂൺ ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള വലിയ പദ്ധതികൾ സർക്കാർ തലത്തിൽ വയനാട്ടിലേക്ക് എത്തിക്കാനും സാധിച്ചിട്ടില്ല. സാഹസിക ടൂറിസം, ഇക്കോ ടൂറിസം തുടങ്ങിയ മേഖലകളിൽ കൂടുതൽ പ്രോത്സാഹനം നൽകുകയും, നിലവിൽ അടച്ചിട്ടിരിക്കുന്ന ടൂറിസം കേന്ദ്രങ്ങൾ എത്രയും വേഗം തുറന്നു പ്രവർത്തിക്കാൻ നടപടി സ്വീകരിക്കുകയും വേണം.
കുറുവദ്വീപ്, എടക്കൽ ഗുഹ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. ജില്ലയുടെ ഏതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന മണ്ണിടിച്ചിൽ പോലുള്ള ഒറ്റപ്പെട്ട
സംഭവങ്ങളുടെ പേരിൽ ജില്ലയിലെ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളും പൂർണ്ണമായി അടച്ചിടുന്ന രീതി ഒഴിവാക്കണമെന്നാണ് ടൂറിസം രംഗത്തുള്ളവരുടെ പ്രധാന ആവശ്യം. മഴക്കാലത്തും സുരക്ഷിതമായ കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിച്ചാൽ സഞ്ചാരികളെത്തുമെന്നും, അതുവഴി ടൂറിസം മേഖല പൂർണ്ണമായി സ്തംഭിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുമെന്നുമാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.
തുരങ്കപ്പാതയിലെ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ ആശങ്കകൾ, കനത്ത മഴയും റെഡ് അലർട്ടും പ്രഖ്യാപിച്ച ദിവസങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പൂർണ്ണമായി അടച്ചിട്ടത്, കൂടാതെ ചുരത്തിലെ ഗതാഗത തടസ്സങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങളാണ് പ്രധാന ഓണക്കാലത്ത് പോലും സഞ്ചാരികൾ എത്താതിരിക്കാൻ കാരണമായത്. സന്ദർശകർ ഏറെയെത്തുന്ന കാരാപ്പുഴ ഡാം, ബാണാസുര സാഗർ ഡാം, ഡി.ടി.പി.സിയുടെ കീഴിലുള്ള പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഈ ഓണക്കാലത്തും തുടർന്നുള്ള ദിവസങ്ങളിലും സന്ദർശകരുടെ എണ്ണത്തിൽ വൻ കുറവാണ് അനുഭവപ്പെട്ടത്.
സഞ്ചാരികളുടെ വരവ് കുറഞ്ഞത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളോട് അനുബന്ധിച്ചു പ്രവർത്തിക്കുന്ന മുന്നൂറിലധികം വ്യാപാര സ്ഥാപനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത്. അവധി ദിവസങ്ങളിലും ഓണക്കാലത്തും മികച്ച കച്ചവടം നടക്കേണ്ട
സമയത്താണ് വരുമാനമില്ലാതെ വ്യാപാരികൾ ദുരിതത്തിലായത്. കാരാപ്പുഴ ഡാമിന് സമീപത്തെ പല വ്യാപാര സ്ഥാപനങ്ങളും വരുമാനം പൂർണ്ണമായി നിലച്ചതിനെ തുടർന്ന് ദിവസങ്ങളോളം അടച്ചിടേണ്ടി വന്നു.
സമാനമായ ദുരിതാവസ്ഥയിലാണ് മറ്റ് ടൂറിസം കേന്ദ്രങ്ങൾക്ക് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളും ഉള്ളത്. ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ടാക്സി വാഹനങ്ങൾക്കും ഇത്തവണ വിനോദ സഞ്ചാരികളുടെ യാത്രകൾ ഗണ്യമായി കുറഞ്ഞത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

