മാനന്തവാടി∙ ബ്രിട്ടീഷ് ഭരണകാലത്തെ ജില്ലയിലെ പ്രമുഖ നഗരമായിരുന്നെങ്കിലും മാനന്തവാടി നഗരസഭയായി മാറിയിട്ട് വർഷം 10 ആയതേയുള്ളൂ. പ്രഥമ നഗരസഭാ അധ്യക്ഷ പദവി പട്ടിക വർഗ സംവരണവും രണ്ടാമൂഴത്തിൽ അധ്യക്ഷ പദവി വനിതാ സംവരണവും ആയിരുന്നു.
ഇക്കുറി അധ്യക്ഷ പദവി ജനറൽ ആയതിനാൽ തന്നെ പോരാട്ടത്തിന് വീറും വാശിയും ഇത്തിരി ഏറിയിട്ടുണ്ട്. നഗരസഭാ ഭരണം നിലനിർത്താൻ ഉറച്ച് യുഡിഎഫും എന്ത് വിലകൊടുത്തും കഴിഞ്ഞ തവണ നഷ്ടമായ ഭരണം തിരിച്ച് പിടിക്കാൻ കച്ചകെട്ടി എൽഡിഎഫും കളം നിറഞ്ഞ് കളിക്കുകയാണ്.
ഇക്കുറി നഗരസഭയിൽ അക്കൗണ്ട് തുറക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.
പെരുമയാർന്ന ചരിത്രം പേറുമ്പോഴും പതിറ്റാണ്ടുകളായി നിറം മങ്ങിയ മാനന്തവാടിയിൽ ഇക്കുറി വാഗ്ദാനങ്ങളുടെ പെരുമഴയാണ്. 3 മുന്നണികളും വികസനത്തിനായാണ് വോട്ട് തേടുന്നത്. കഴിഞ്ഞ 5 വർഷം നടത്തിയ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് യുഡിഎഫ് രണ്ടാം ഉൗഴം തേടുന്നത്.
വളരുന്ന മാനന്തവാടിക്ക് തുടരും യുഡിഎഫ് എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ആധുനീക ബസ്റ്റാൻഡ് മുതൽ ഇൻഡോർ സ്റ്റേഡിയം വരെ നീളുന്ന പ്രധാന പദ്ധതികൾ ഉൾക്കൊള്ളിക്കുന്ന പ്രകടന പത്രികയും യുഡിഎഫ് പുറത്തിറക്കിയിട്ടുണ്ട്.
എന്നാൽ നഗരസഭാ ഭരണം അഴിമതിയിൽ മുങ്ങിയെന്ന ആരോപണവും വികസന പ്രവർത്തനങ്ങളിലെ പൊള്ളത്തരങ്ങളും ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് പ്രചാരണം.
കേരളത്തോടൊപ്പം വളരും മാനന്തവാടി എന്ന ആമുഖ വാക്യവുമായി വിശദമായ പ്രകടന പത്രികയും എൽഡിഎഫ് പുറത്തിറക്കിയിട്ടുണ്ട്. പ്രഥമ നഗരസഭയുടെ ഭരണം കയ്യാളിയ എൽഡിഎഫും നിലവിലെ ഭരണക്കാരായ യുഡിഎഫും മാനന്തവാടിയുടെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തിയാണ് ബിജെപി വോട്ട് തേടുന്നത്.
മാറാത്തത് ഇനി മാറുമെന്ന മുദ്രാവാക്യവുമായി കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് പ്രചാരണം.
കഴിഞ്ഞ 2 തവണയും 36 ഡിവിഷനുകൾ ഉണ്ടായിരുന്ന നഗരസഭയിൽ ഇത്തവണ ഒരു ഡിവിഷൻ വർധിച്ച് 37 ഡിവിഷനുകളായിട്ടുണ്ട്. കോൺഗ്രസ് 31 ഡിവിഷനുകളിലും മുസ്ലിം ലീഗ് 5 ഡിവിഷനുകളിലും കേരള കോൺഗ്രസ്(ജോസഫ്) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. വരടിമൂല, വിൻസന്റ്ഗിരി, കൊയിലേരി ഡിവിഷനുകളിൽ യുഡിഎഫിൽ വിമത സ്ഥാനാർഥികൾ ഉണ്ട്. എൽഡിഎഫിൽ സിപിഎം 29 ഡിവിഷനുകളിലും സിപിഐ 6 ഡിവിഷനുകളിലും കേരള കോൺഗ്രസ്(എം), എൻസിപി എന്നിവർ ഓരോ ഡിവിഷനുകളിലുമാണ് മത്സരിക്കുന്നത്. ബിഡിജെഎസ് ഇല്ലാതെയാണ് ബിജെപി ഇക്കുറി മത്സരിക്കുന്നത്.
6 ഡിവിഷനുകളിൽ ഒഴികെ എല്ലായിടത്തും എൻഡിഎ സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. ബിജെപി ജില്ലാ കമ്മിറ്റി അംഗം ഷിംജിത്ത് കണിയാരം, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ.ശ്രീജിത്ത്, ജനറൽ സെക്രട്ടറി അഖിൽ കേളോത്ത് അടക്കം മുതിർന്ന നേതാക്കൾ തന്നെ ഇക്കുറി മത്സര രംഗത്തുണ്ട്.
ആദ്യ തവണ നഗരസഭാ ഭരണം ലഭിച്ചിട്ടും ഒന്നും ചെയ്യാതിരുന്ന എൽഡിഎഫിന് എതിരായ ജനവിധിയാകും ഇത്തവണയും ആവർത്തിക്കുക എന്നും നിലവിലെ യുഡിഎഫ് ഭരണ സമിതിയുടെ വികസന തുടർച്ചയ്ക്ക് ജനങ്ങൾ വഴിയൊരുക്കുമെന്നും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എൻ.കെ.വർഗീസ് പറഞ്ഞു.
അഴിമതിയിൽ മുങ്ങിയ യുഡിഎഫ് ഭരണത്തെ ജനം തിരസ്കരിക്കുമെന്നും സമഗ്ര പുരോഗതി ലക്ഷ്യമാക്കി എൽഡിഎഫിന് അനുകൂലമായി വിധി എഴുതുമെന്നും എൽഡിഎഫ് കൺവീനർ എം.രജീഷ് പറഞ്ഞു. എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ ദുർഭരണം ജനങ്ങൾ മടുത്ത് കഴിഞ്ഞെന്നും എല്ലാ വാർഡുകളിലും വിജയപ്രതീക്ഷയിലാണ് ബിജെപി എന്നും ബിജെപി മണ്ഡലം പ്രസിഡന്റ് സുമ രാമൻ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

