പുൽപള്ളി ∙ പാതിരി വനത്തിന്റെ പുറമ്പോക്കിൽ കുടിൽകെട്ടി താമസിക്കുന്ന വിലങ്ങാടി ഉന്നതിക്കാർക്ക് സുരക്ഷിത വാസസ്ഥലമൊരുക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. ഇവിടെ 4 കുടുംബങ്ങളാണ് പകൽസമയത്തും കാട്ടാനയിറങ്ങുന്ന വനപ്രദേശത്ത് പ്ലാസ്റ്റിക് ഷീറ്റ് കെട്ടിമറച്ച കുടിലുകളിൽ കഴിയുന്നത്. സ്വന്തമായി റേഷൻകാർഡില്ലാത്തവരും സർക്കാരിന്റെ ഒരു സഹായപദ്ധതിയിലും ഉൾപ്പെടാത്തവരുമാണിവർ.
വഴി, വെളിച്ചം, കുടിവെള്ളം തുടങ്ങിയ പ്രാഥമിക സൗകര്യങ്ങളൊന്നുമില്ല.
വർഷങ്ങളായി കുടിൽകെട്ടി കഴിയുന്ന ഇവരെ പുനരധിവസിപ്പിക്കാനോ, വീട് നൽകാനോ ഇതുവരെ നടപടിയായില്ല. ഇപ്പോൾ താമസിക്കുന്ന സ്ഥലം വനഭൂമിയായതിനാൽ ഇവരെ കുടിയൊഴിപ്പിക്കാൻ വനംവകുപ്പും പലവട്ടം ശ്രമം നടത്തിയിരുന്നു. സ്വന്തമായി ഭൂമിയും രേഖയുമില്ലാത്തതിനാൽ ഒരാനുകൂല്യത്തിനും ഇവർ അർഹരല്ല. തിരഞ്ഞെടുപ്പ് കാലത്ത് ഇക്കാര്യം സജീവചർച്ചയാകുമെങ്കിലും പിന്നീട് സാങ്കേതികത്വങ്ങൾ പറഞ്ഞ് തങ്ങളുടെ അവകാശങ്ങൾ അധികൃതർ തമസ്കരിക്കുന്ന പതിവാണെന്ന് താമസക്കാർ പറയുന്നു.
വനാതിർത്തിയിലെ നടവഴിയാണ് ഉന്നതിയിലെത്താനുള്ള മാർഗം.
തോടിൻ കരയിലെ കുളത്തിലെ മലിനജലമാണ് സർവ ആവശ്യത്തിനുമുപയോഗിക്കുന്നത്. പ്രാഥമിക കൃത്യങ്ങൾക്ക് വനത്തിൽ കയറണം.
മഴക്കാലത്ത് കൂരകളിൽ നിന്നു പുറത്തിറങ്ങാനാവാത്ത അവസ്ഥ. സന്ധ്യയോടെ വീടുകളുടെ സമീപത്ത് സ്ഥിരമായി ആനയെത്തുന്നു. ഇവരുടെ വീടുകളൊഴിവാക്കി തൂക്കുവേലിയിട്ടതിനാൽ കുറച്ചൊരാശ്വാസം.
വിലങ്ങാടി പുഴയോരത്ത് താമസിക്കുന്നവരുടെ സ്ഥിതിയും ഇതുതന്നെ. മഴക്കാലത്ത് കബനിപ്പുഴ കരകവിയുമ്പോൾ ഇവരെ സ്കൂളിലേക്കുമാറ്റുന്നു. പട്ടികവർഗ വകുപ്പ് ഗോത്രസമൂഹത്തിനായി വാങ്ങിയ ഭൂമിയും നിർമിച്ച വീടുകളും പലേടത്തും അനാഥമായി കിടന്നുനശിക്കുമ്പോഴാണ് അർഹതപ്പെട്ട കുടുംബങ്ങൾ തലചായ്ക്കാനിടമില്ലാതെ വന്യമൃഗങ്ങളോടു പോരടിച്ച് കഴിയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

